- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ ദാരുണ സംഭവം നടന്നതിന് ശേഷവും അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നു; മടങ്ങവേ ആാധകര്ക്കുനേരെ കൈവിശീക്കാണിച്ചു'; അല്ലുവിനെതിരെ എഐഎംഐഎം എംഎല്‍എ
'ആ ദാരുണ സംഭവം നടന്നതിന് ശേഷവും അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നു
ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസി. ഹൈദരാബാദില്‍ 'പുഷ്പ-2' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്റെ ഭാഗത്തു നിന്നും ഉത്തരവാദിത്തമില്ലായ്മയാണ് ഉണ്ടായതെന്നാണ് ഉവൈസി ആരോപിച്ചത്.
യുവതിയുടെ മരണശേഷവും അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടരുകയും തന്റെ ആരാധകര്‍ക്കുനേരെ കൈവീശി കാണിച്ച ശേഷമാണ് അദ്ദേഹം തിയേറ്റര്‍ വിട്ടതെന്നും അക്ബറുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു. തെലങ്കാന നിയമസഭയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അല്ലു അര്‍ജുനെ അറിയിച്ചപ്പോള്‍ 'ഇനി ഏതായാലും സിനിമ ഹിറ്റായിക്കോളും' എന്നായിരുന്നു നടന്റെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.
'ആ ദാരുണ സംഭവം നടന്നശേഷവും അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നു. തിയേറ്ററില്‍ നിന്ന് പോകുമ്പോള്‍ കാറിലിരുന്ന് തന്റെ ആരാധകര്‍ക്കുനേരെ കൈവിശീക്കാണിക്കാനും മറന്നില്ല. അദ്ദേഹം ആ കൊല്ലപ്പെട്ട സ്ത്രീയേയോ മകനേയോ തിരിഞ്ഞുനോക്കിയല്ല. അതിനെ കുറിച്ച് അന്വേഷിച്ചതുമില്ല. ഞാനും ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങള്‍ക്ക് പോകാറുണ്ട്. അവിടെ ഇത്തരത്തിലൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്.'-അക്ബറുദ്ദീന്‍ ഉവൈസി പറയുന്നു.
പോലീസ് അനുവാദം നല്‍കാതിരുന്നിട്ടും അല്ലു അര്‍ജുന്‍ പുഷ്പ-2 കാണാനായി തിയേറ്ററിലെത്തുകയായിരുന്നെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആരോപിക്കുന്നു. 'തിയേറ്ററിലേക്ക് വന്നപ്പോഴും തിരിച്ചുപോയപ്പോഴും കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ട് അല്ലു അര്‍ജുന്‍ ആരാധകര്‍ക്കുനേരെ കൈവീശി കാണിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആരാധകര്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു'-രേവന്ത് റെഡ്ഡി പറയുന്നു.
ഡിസംബര്‍ നാലിന് സന്ധ്യാ തിയേറ്ററിലാണ് സംഭവമുണ്ടായത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും തിയേറ്ററിലെത്തിയതോടെ ആളുകള്‍ തടിച്ചുകൂടുകയും തിക്കിലും തിരക്കിലുംപെട്ട് 39-കാരി മരിക്കുകയുമായിരുന്നു. അവരുടെ മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധത്തിലുള്ള മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന അല്ലു അര്‍ജുന്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.