കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നടന്‍ മോഹന്‍ലാല്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് സുരക്ഷിതരായി കഴിയാനും യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാര്‍ത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയസഹോദരങ്ങള്‍ക്കായി പ്രാര്‍ഥനയോടെ.- മോഹന്‍ലാല്‍ കുറിച്ചു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : 9656938689,8086010833 മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്.

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരല്‍മലയും മുണ്ടക്കൈയും.ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ഡെപ്യൂട്ടി കലക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി - 8547616601, കല്‍പ്പറ്റ ജോയിന്റ് ബി.ഡി.ഒ ഓഫീസ് - 9961289892, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093, അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688.