മുംബൈ: മമ്മൂട്ടി നായകനായെത്തിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നഫീസ അലി. മേരി ടീച്ചര്‍ എന്ന ബിഗ് ബിയിലെ നഫീസയുടെ കഥാപാത്രത്തിന് ഏറെ ആരാധകരുമുണ്ട്. കാന്‍സറിന് എതിരെയുള്ള പോരാട്ടത്തെക്കുറിച്ച് നഫീസ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍വീണ്ടും അവര്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തി.

നാലാമത്തെ ഘട്ടത്തിലാണ് തന്റെ രോഗമെന്നും അതിനാല്‍ ഇത്തവണ ശസ്ത്രക്രിയ സാധ്യമല്ലെന്നും കീമോ തെറാപ്പിക്കായി ഒരുങ്ങുകയാണെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്‌കാനിങ്ങിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് നഫീസ അലിയുടെ കുറിപ്പ്.

''ഇന്ന് മുതല്‍ എന്റെ യാത്രയിലെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. ഇന്നലെ ഞാന്‍ പിഇടി സ്‌കാനിങിന് (കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താനുള്ള പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി സ്‌കാന്‍) വിധേയയായി. നാലാമത്തെ ഘട്ടത്തിലാണ് രോഗം. അതിനാല്‍ ശസ്ത്രക്രിയ സാധ്യമല്ല. കീമോ തെറാപ്പിയിലേക്ക് തിരിച്ച് പോവുകയാണ്.

എന്നെ വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. നാളെ മുതല്‍ കീമോതെറാപ്പി ആരംഭിക്കും'', നഫീസ അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിങ്ങള്‍ പോയാല്‍ ഞങ്ങള്‍ ആരിലേക്കാണ് തിരികെയെത്തുക എന്ന് ഒരിക്കല്‍ മക്കള്‍ ചോദിച്ചു. നിങ്ങള്‍ പരസ്പരം കൂടെയുണ്ടാകണം, അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം എന്നാണ് അവരോട് പറഞ്ഞതെന്നാണ് പോസ്റ്റിലുള്ളത്. ഒരേ ഓര്‍മകളും സ്‌നേഹവും പങ്കുവെക്കുന്ന പരസ്പരം സംരക്ഷിക്കുന്ന സഹോദരങ്ങളുടെ ബന്ധം മറ്റെന്തിനേക്കാളും ദൃഢമായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

2018 നവംബറിലാണ് നഫീസ അലിക്ക് ആദ്യമായി കാന്‍സര്‍ സ്ഥിരീകരിച്ചത്. പെരിട്ടോണിയല്‍ ആന്‍ഡ് ഒവേറിയന്‍ കാന്‍സര്‍ ആണ് പരിശോധനകളില്‍ കണ്ടെത്തിയത്. കണ്ടെത്തിയപ്പോള്‍ മൂന്നാമത്തെ ഘട്ടത്തില്‍ ആയിരുന്നു രോഗം. എന്നാല്‍ ചികിത്സകള്‍ക്ക് ശേഷം 2019 ല്‍ രോഗം ഭേഗമായി.