തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടിയിട്ട് വരുന്ന നവംബറില്‍ 23 വര്‍ഷം പൂര്‍ത്തിയാവും.2001 നവംബര്‍ 9 നാണ് അമ്പൂരിയില്‍ 39 പേരുടെ ജീവനെടുത്ത ഉരുള്‍ പൊട്ടലുണ്ടായത്. ഒരു കുടുംബത്തില്‍ നിന്ന് മാത്രം 24 പേര്‍ ഒരുള്‍ പൊട്ടിയെത്തിയ വന്‍ പാറയ്ക്കും മണ്ണിനുമടിയില്‍പെട്ട് മരണത്തിന് കീഴടങ്ങി. അന്ന് ആ വാര്‍ത്തകള്‍ കണ്ട് വേദനിക്കുകയും പ്രകൃതിയുടെ ശക്തമായ താക്കീതുകള്‍ക്കു മുന്നില്‍അകപ്പെട്ടു പോകുന്ന നിസ്സമായരായ മനുഷ്യരെയോര്‍ത്ത് അസ്വസ്ഥനാവുകയും ചെയ്ത ഒരു ചെറുപ്പക്കാരന്‍ പില്‍ക്കാലത്ത് ഒരു സിനിമ ചെയ്യാന്‍ തീരുമാനമെടുക്കുമ്പോള്‍ കഥയായി രൂപപ്പെട്ടതും ഇതേ ജീവിതാവസ്ഥകളാണ്.

ഒന്നര വര്‍ഷം മുമ്പാണ് സ്വന്തമായി എഴുതി പൂര്‍ത്തിയാക്കിയ ഒരു തിരക്കഥയുമായി പ്രസാദ് ജി എഡ്വേര്‍ഡ് എന്ന ചെറുപ്പക്കാരന്‍, പരിചയക്കാരന്‍ കൂടിയായ വി.ബി മാത്യു എന്ന നിര്‍മ്മാതാവിനെ ഒരു സിനിമയെന്ന ആഗ്രഹവുമായി കാണാനെത്തുന്നത്. രണ്ട് ലഘു ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തതും എഡിറ്റര്‍ എന്ന നിലയില്‍ പതിനഞ്ച് വര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ചതുമായിരുന്നു ഈ മേഖലയില്‍ പ്രസാദിന്റെ മുന്‍ പരിചയം. കൊള്ളാവുന്ന സ്‌ക്രിപ്റ്റുമായി വന്നാല്‍ സിനിമ ചെയ്യാമെന്ന് മാത്യു പ്രസാദിന് ഉറപ്പു കൊടുത്തിരുന്നതാണ്. നമ്മള്‍ ജീവിക്കുന്ന ഭൂമിയെ കേന്ദ്ര കഥാപാത്രമാക്കിയ ഗൗരവമുള്ള ഒരു സിനിമയുടെ സ്‌ക്രിപ്റ്റായിരുന്നു പ്രസാദിന്റെ കൈയില്‍. മനുഷ്യന്റെ സ്വാര്‍ത്ഥതയും അത്യാര്‍ത്തിയും പ്രകൃതിക്കേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ വേറിട്ട രീതിയില്‍ ചര്‍ച്ചാ വിഷയമാക്കുന്ന സിനിമയ്ക്ക് ' നായകന്‍ പൃഥ്വി' എന്നാണ് പേരു നല്‍കിയത്.

ഉരുള്‍പൊട്ടല്‍ അതിന്റെ സകല തീവ്രതയോടും കൂടി ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ചെറിയൊരു സിനിമയില്‍ ഇത് ആവിഷ്‌കരിക്കുന്നതിന് ചെലവാക്കേണ്ടി വരാവുന്ന തുകയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നെങ്കിലും സിനിമ നിര്‍മ്മിക്കാന്‍ മാത്യു തയാറായി.ചെലവ് പരമാവധി കുറയ്ക്കുന്നതിന് പല വഴികള്‍ ആലോചിച്ചു. താരങ്ങള്‍ക്കു പിന്നാലെ പോകാതെ അഭിനയ ശേഷിയുള്ളവരെ കണ്ടെത്തി സിനിമ ചെയ്യാമെന്ന അഭിപ്രായത്തിന് നിര്‍മ്മാതാവിന്റെ പച്ചക്കൊടി കിട്ടി.നല്ല സിനിമയ്ക്കൊപ്പം ലാഭേച്ഛയില്ലാതെ നില്‍ക്കാന്‍ തയാറുള്ളവരെ ഒപ്പം കൂട്ടാനും തീരുമാനമെടുത്തു.

നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രയേയനായ സുഹൃത്ത് കൂടിയായ ശ്രീകുമാര്‍ ആര്‍ നായരെ പ്രധാന വേഷത്തിനായി തീരുമാനിച്ചു. ഛായാഗ്രഹണത്തിനായി അരുണ്‍ ടി.ശശിയുമെത്തിയതോടെ സിനിമയുടെ പ്രാരംഭപരിപാടികള്‍ക്ക് ആക്കം കൂടി. മറ്റു വിഭാഗങ്ങളിലേക്കുള്ളവരെയുംഅന്തിമമായി നിശ്ചയിച്ചുറപ്പിച്ചു കൊണ്ട് ചിത്രീകരണം തുടങ്ങി.

അമ്പൂരിയില്‍ ഉരുള്‍ പൊട്ടലുണ്ടായ മേഖലയ്ക്ക് തൊട്ടടുത്തായിരുന്നു ചിത്രീകരണം. അന്നത്തെ ഉരുള്‍ ദുരന്തത്തിന്റെ അനുഭവം പേറുന്ന നാട്ടുകാരില്‍ ചിലരും ചിത്രത്തിനൊപ്പം നിന്നു.20 ദിവസങ്ങളെടുത്താണ് നായകന്‍ പൃഥ്വിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഉരുള്‍ പൊട്ടല്‍ ചിത്രീകരണം തന്നെയാണ് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയത്. അതിശക്തമായ പ്രകൃതി ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയ മനുഷ്യരുടെ നിസ്സഹായാവസ്ഥ സിനിമയ്ക്കായി ആവിഷ്‌കരിക്കുമ്പോഴും വൈകാതെ സമാനതകളില്ലാത്ത ഒരു കൊടിയ ദുരന്തം നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് അന്ന് ആരും കരുതിയില്ല.

വയനാട് മേപ്പാടി പഞ്ചായത്തില്‍ കഴിഞ്ഞ ജൂലൈ 30-ന് ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍, നായകന്‍ പൃഥ്വിയുടെ അവസാന ഘട്ട എഡിറ്റിംഗ് ജോലികളിലായിരുന്ന പ്രസാദ് വിവരിക്കാനാവാത്തത്ര വിഷാദത്തിലായി.മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ഒരു പ്രദേശമപ്പാടെ തകര്‍ന്നു തരിപ്പണമാവുകയും മരണ സംഖ്യ ഉയര്‍ന്നുയര്‍ന്ന് 400 കടക്കുകയും ചെയ്തപ്പോള്‍ സിനിമയില്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു ജനതയുടെ മേല്‍ അതിനേക്കാള്‍ ഭയാനകമായി സംഭവിക്കുന്നത് കണ്ടു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തരിച്ചിരുന്നു.തല്‍ക്കാലത്തേക്കെങ്കിലും സിനിമയുടെ പണികള്‍ നിര്‍ത്തി വച്ച് പ്രസാദ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങി.

വര്‍ക്കുകള്‍ പുനരാരംഭിക്കാനുള്ള മാനസികാവസ്ഥയിലെത്താന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. വൈശാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഇപ്പോള്‍ സെന്‍സറിംഗ് കഴിഞ്ഞ് റിലീസിംഗിനൊരുങ്ങുകയാണ്. വയനാടിലെ ദുരന്ത ബാധിതരായ ജനസമൂഹത്തിന് മുന്നില്‍ ആദരാഞ്ജലികളായാണ് ചിത്രം സമര്‍പ്പിക്കുന്നത്.

ശ്രീകുമാര്‍ ആര്‍ നായര്‍ക്കു പുറമേ ഷൈജു,

അഞ്ജലി പി സുകുമാര്‍

സുകന്യ ഹരിദാസ്,

പ്രിയ ബാലന്‍

പ്രണവ് മോഹന്‍,

രാകേഷ് കൊഞ്ചിറ,

ഡോ. നിതിന്യ, ബിജു പൊഴിയൂര്‍ പുളിയനം പൗലോസ്, ,ആരോമല്‍ എസ് , വിനോദ് വാഴച്ചാല്‍ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്. ഗാനരചന :ബി.ടി അനില്‍കുമാര്‍, സംഗീതം: സതീഷ് രാമചന്ദ്രന്‍,

അസ്സോസിയേറ്റ് ഡയറക്ടര്‍ : സന്ദീപ് അജിത്കുമാര്‍ ,ഗ്രീഷ്മ മുരളി

ആര്‍ട്ട്: സനല്‍ ഗോപിനാഥ് എഡിറ്റിംഗ് : ഷിജി വെമ്പായം

പശ്ചാത്തല സംഗീതം ഷെരോണ്‍ റോയ് ഗോമസ് ,വിശ്വജിത്ത് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.ഒക്ടോബര്‍ 18 ന് കേരളത്തിലെ പ്രധാന തിയേറ്ററുകളില്‍ 'നായകന്‍ പൃഥ്വി'യെത്തും .