- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാളൈയ് തീർപ്പി'ലൂടെ അച്ഛന്റെ ആ വലിയ ആഗ്രഹം നടത്തികൊടുത്ത മകൻ; കൊച്ചുപ്രായത്തിൽ തന്നെ കളിയാക്കലുകൾക്ക് നടുവിൽ ഒറ്റപ്പെട്ട ജീവിതം; എന്നിട്ടും അവൻ തളർന്നില്ല; റൊമാന്റിക് ഹീറോയായി 'ഖുഷി'യിലൂടെ തിളങ്ങി ഷാജഹാനിലൂടെ അതിവേഗം ജനമനസ്സുകളിൽ; 'ഗില്ലി'യിലൂടെ മാസ്സ് ഇമ്പാക്ട് സൃഷ്ടിച്ച് ജനങ്ങളുടെ നായകനായ മുഖം; നിലപാടുകളുടെ രാജാവ് സിനിമയിൽ ഫുൾസ്റ്റോപ്പിടുമ്പോൾ
തമിഴ് സൂപ്പർതാരം ദളപതി വിജയ് അഭിനയജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് വലിയ വർത്തയായിരുന്നു. പൊങ്കൽ റിലീസായെത്തുന്ന തന്റെ പുതിയ ചിത്രം 'ജനനായകൻ' അവസാനത്തേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്വലാലംപുർ ബുകിത്ജലീൽ സ്റ്റേഡിയത്തിൽ നടന്ന 'ജനനായകന്റെ' ഓഡിയോ ലോഞ്ച് വേദിയിലാണ് വിജയ് ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.
"എനിക്കായി എല്ലാം വിട്ടുനൽകിയിറങ്ങിയ ആരാധകർക്കായി, ഞാൻ സിനിമ ത്യജിക്കുകയാണ്. പൊങ്കൽ റിലീസായെത്തുന്ന ജനനായകൻ അവസാന സിനിമയാണ്, അഭിനയജീവിതത്തിൽനിന്നു വിരമിക്കുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം.., നല്ലതേ നടക്കൂ.., വിജയം നിശ്ചയം” - നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിലെ ആരാധകരെ സാക്ഷിയാക്കി വിജയ് പറഞ്ഞു.
പാട്ടുപാടിയും നൃത്തംചെയ്തുമാണ് വിജയ് അവസാന സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ കാഴ്ചക്കാരെ ആവേശത്തിലാക്കിയത്. പ്രദർശനത്തിനൊരുങ്ങിയ ചിത്രത്തിലെ 'ദളപതി കച്ചേരി...' എന്ന ഗാനത്തിന് അദ്ദേഹം ചുവടുവെച്ചു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് വിജയും അനിരുദ്ധും അറിവും ചേർന്നാണ്. വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രമായ 'ബിഗിലി'ലെ 'വെരിത്തനം...' എന്ന ഗാനവും അദ്ദേഹം വേദിയിൽ ആലപിച്ചു. മലേഷ്യയിലെ ഓഡിയോ ലോഞ്ചിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയ വിജയ്‌യെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ആരാധകരുടെ തിരക്കിൽപ്പെട്ട് ചെന്നൈ വിമാനത്താവളത്തിൽ താരത്തിന് അടിതെറ്റുകയും ചെയ്തു.
രജനീകാന്തിന് ശേഷം തന്റെ ചിരികൊണ്ടും സ്റ്റെൽകൊണ്ടും ആരാധകരെ ഇത്രയധികം ആവേശത്തിലാക്കുന്ന മറ്റൊരു താരം തമിഴകത്ത് വേറെയില്ല. സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുമ്പ് ചോദിച്ചപ്പോൾ, തന്റെ സിനിമകൾക്ക് സമാനമായ കഥാരീതിയുണ്ടെന്ന് തനിക്കറിയാമെന്നും എന്നാൽ ഒരു കഥ കേൾക്കുമ്പോൾ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാനുള്ള വക അതിലുണ്ടോ എന്ന് മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും വിജയ് പറഞ്ഞിരുന്നു. വിജയ് ചിത്രങ്ങളെ എന്നും ആവേശത്തോടെ സ്വീകരിച്ച തമിഴ് മക്കളിൽ, ഈ വിടവാങ്ങൽ പ്രഖ്യാപനം വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ദളപതിയുടെ ഈ തീരുമാനം തമിഴ് സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്; അദ്ദേഹത്തിന്റെ 'ജനനായകൻ' എന്ന അവസാന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
പ്രശസ്ത സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെ മകനായി 1984-ൽ 'വെട്രി' എന്ന സിനിമയിലൂടെ ബാലതാരമായാണ് വിജയ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് 1992-ൽ തന്റെ 18-ാം വയസ്സിൽ 'നാളൈയ തീർപ്പ്' എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. തുടക്കകാലത്ത് ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
1996-ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന സിനിമയാണ് വിജയ്‌യുടെ കരിയറിൽ വലിയൊരു മാറ്റം വരുത്തിയത്. ഈ ചിത്രം അദ്ദേഹത്തെ തമിഴ്നാട്ടിലെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും പ്രിയപ്പെട്ടവനാക്കി. തുടർന്ന് വന്ന 'കാതലുക്ക് മര്യാദൈ' (കേരളത്തിലും വലിയ ഹിറ്റായിരുന്നു), 'തുള്ളാത മനവും തുള്ളും', 'ഖുഷി', 'പ്രിയമാനവളേ' തുടങ്ങിയ ചിത്രങ്ങൾ വിജയ്‌യെ ഒരു ചോക്ലേറ്റ് ഹീറോ പരിവേഷത്തിലേക്ക് ഉയർത്തി.
2003-ൽ പുറത്തിറങ്ങിയ 'തിരുമലൈ' എന്ന ചിത്രം വിജയ്‌യുടെ അഭിനയശൈലി തന്നെ മാറ്റി. പ്രണയചിത്രങ്ങളിൽ നിന്ന് മാറി അദ്ദേഹം ഒരു ആക്ഷൻ ഹീറോ ഇമേജിലേക്ക് മാറി. 2004-ലെ 'ഗിള്ളി' എന്ന ചിത്രം തമിഴ് സിനിമയിലെ അന്നത്തെ റെക്കോർഡുകളെല്ലാം തകർത്തു. അതോടെ വിജയ് ഒരു മാസ് ഹീറോയായി അംഗീകരിക്കപ്പെട്ടു. 'പോക്കിരി' (2007) എന്ന സിനിമ അദ്ദേഹത്തിന്റെ ജനപ്രീതി ഉച്ചസ്ഥായിയിലെത്തിച്ചു.
2000-കളുടെ അവസാനത്തിൽ ചില പരാജയങ്ങൾ വിജയ്‌യെ തളർത്തിയിരുന്നു. എന്നാൽ 2012-ൽ ഷങ്കർ സംവിധാനം ചെയ്ത 'നൻപൻ', എ.ആർ. മുരുകദോസിന്റെ 'തുപ്പാക്കി' എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം അതിശക്തമായി തിരിച്ചുവന്നു. പിന്നീട് 'കത്തി', 'തേരി', 'മെർസൽ', 'സർക്കാർ', 'മാസ്റ്റർ', 'ലിയോ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഓരോ തവണയും സ്വന്തം കളക്ഷൻ റെക്കോർഡുകൾ വിജയ് തിരുത്തിക്കുറിച്ചു.
തന്റെ കരിയറിന്റെ ഏറ്റവും ഉയർച്ചയിൽ നിൽക്കുമ്പോഴാണ് താൻ സിനിമ ഉപേക്ഷിക്കുന്നുവെന്ന് വിജയ് പ്രഖ്യാപിച്ചത്. 'തമിഴക വെട്രി കഴകം' (TVK) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച അദ്ദേഹം, ജനസേവനത്തിനായി സിനിമ വിടുകയാണെന്ന് അറിയിച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) എന്ന സിനിമയ്ക്ക് ശേഷം, എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും (വിജയ് 69) അദ്ദേഹത്തിന്റെ അവസാന സിനിമ.
പരിഹാസങ്ങളിൽ നിന്ന് തുടങ്ങി കോടിക്കണക്കിന് ആരാധകരുടെ 'ദളപതി'യായി മാറിയ വിജയ്‌യുടെ സിനിമാ ജീവിതം കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്.




