വിജയ് ചിത്രം പ്രതിസന്ധിയിലായതിന് പിന്നാലെ സിനിമാ ലോകത്തുനിന്ന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. നടൻ രവി മോഹൻ വിജയ്ക്കും 'ജനനായകനും' പരസ്യ പിന്തുണ അറിയിച്ചുകൊണ്ട് എക്സ് അക്കൗണ്ടിൽ കുറിച്ചു. "ഹൃദയം തകരുന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്." ഈ വിഷയത്തിൽ വിജയ്ക്ക് പരസ്യ പിന്തുണ നൽകുന്ന ആദ്യ തമിഴ് നടനാണ് രവി മോഹൻ.

'ജനനായകൻ' എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് എതിരാളിയാകേണ്ടിയിരുന്ന 'പരാശക്തി'യിലെ പ്രധാന താരങ്ങളിലൊരാളാണ് രവി മോഹൻ എന്നതും ശ്രദ്ധേയമാണ്. ശിവ കാർത്തികേയൻ, അഥർവ മുരളി എന്നിവരാണ് 'പരാശക്തി'യിലെ മറ്റ് പ്രധാന വേഷങ്ങളിൽ. നേരത്തേ സംവിധായകൻ അജയ് ജ്ഞാനമുത്തുവും വിജയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കെ, ഹൈക്കോടതിയുടെ വിധി നിർണ്ണായകമാകും.