മോഹന്‍ലാല്‍ ചിത്രം 'എമ്പുരാനി'ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 'എംപറേഴ്‌സ് ജനറല്‍' എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലം കൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി സിനിമയില്‍ അവതരിപ്പിക്കുന്നത്.



മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയും ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം ലൂസിഫറിലെ അഭിനേതാക്കളുമുണ്ട്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങള്‍. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും ലൂസിഫറിലെ തുടര്‍ച്ചയായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.