കൊച്ചി: ഫെഫ്കയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും ഫിലിം ചേംബറിന്റെ കത്ത്. സിനിമയിലെ ചൂഷണത്തില്‍ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധം എന്നും ലൊക്കേഷനുകളിലെ ഐ.സി.സികളിലാണ് സ്ത്രീകളടക്കം പരാതി ഉന്നയിക്കേണ്ടത് എന്നും ഫിലിം ചേംബര്‍. ഐസിസി നടപടി പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മറ്റിയുണ്ട്; ഫെഫ്കയ്‌ക്കെതിരെ നടപടി വേണം എന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു.

'WCC ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേരള സംസ്ഥാന വനിതാ കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ണഇഇ അടക്കമുള്ള എല്ലാ സിനിമാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച്, മേഖലയിലെ ഐസികളുടെ സുതാര്യമായ നടത്തിപ്പു നിരീക്ഷിക്കുന്നതിനും, ആവശ്യമെങ്കില്‍ ഇടപെടുന്നതിനും ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ 27ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് സതീദേവിയുടെ സാന്നിധ്യത്തില്‍ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കപ്പെടുകയുണ്ടായി.

വളരെ ദിശാബോധത്തോടെയും കൃത്യതയോടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി മുന്നോട്ട് പോകുന്നതിന് ഇടയില്‍ ഫെഫ്ക എന്ന അംഗസംഘടന അവരുടെ സ്വന്തം താല്പര്യ പ്രകാരം 5 സ്ത്രീകളുടെ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കുകയും, അതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കൊടുക്കുകയും, ഒരു ടോള്‍ഫ്രീ നമ്പര്‍ ചേര്‍ത്ത പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് സിനിമയ്ക്കുള്ളില്‍ ഉള്ളവരിലും പൊതുജനമധ്യത്തിലും വലിയ ആശയക്കുഴപ്പത്തിന് കാരണമായത് ഫിലിം ചേംബറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഓരോ സിനിമയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതും വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതും അതത് സിനിമകളുടെ മോണിറ്ററിംഗ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണെന്നും, അതല്ലാതെ സംഘടനകള്‍ സ്വന്തം നിലയ്ക്ക് ഉപയോഗിക്കുന്ന കൂട്ടായ്മകള്‍ക്ക് ഇതില്‍ നിയമ സാധുത ഇല്ലെന്നും അറിയിച്ചുകൊള്ളുന്നു' എന്ന് ഫിലിം ചേംബര്‍ കത്തില്‍ പരാമര്‍ശിക്കുന്നു.