എന്റമ്മോ! പലജാതി വെറുപ്പിക്കലുകള്‍ കണ്ടിട്ടുണ്ട്. ഫിക്ഷനും ഫാന്റിസിയുമൊക്കെ സമ്മേളിപ്പിച്ച്, 70 കോടി ബജറ്റിലെടുത്ത് പാന്‍ സൗത്തിന്ത്യനാവുമെന്ന് പറഞ്ഞിറങ്ങിയ ഇതുപോലെ ബ്രഹ്‌മാണ്ഡ ഒരു വെറുപ്പിക്കല്‍ കണ്ടിട്ടില്ല. മോഹന്‍ലാല്‍ എന്ന നടന് എന്താണ് സംഭവിക്കുന്നത്. എമ്പുരാനും, തുടരുവുമൊക്കെയായി അദ്ദേഹത്തിന്റെ കരിയറും, സ്റ്റാര്‍ഡവും ഉന്നതിയില്‍നില്‍ക്കുന്ന സമയത്താണ് 'ഭബഭ'യിലെ ഒന്നിനും കൊള്ളാത്ത എക്സ്റ്റന്‍ഡഡ് കാമിയോ. അതിനുശേഷമിതാ പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ ഒരുക്കിയ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ ഇറങ്ങിയ വൃഷഭയും. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വെറും തല്ലിപ്പൊളി. വെറുപ്പിക്കലിന്റെ ബ്രഹ്‌മണ്ഡ വേര്‍ഷന്‍!

സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹന്‍ലാലിന്റെ പ്രകടനത്തിനും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വളരെ മോശം എഴുത്താണ് സിനിമയുടേതെന്നും സംവിധായകന് മോഹന്‍ലാലിനെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും കമന്റുകള്‍ ഉണ്ട്. പല സീനുകളും നാടകത്തെ ഓര്‍മിപ്പിക്കുന്നെന്നും സിനിമയുടെ മലയാളം ഡബ്ബ് നിരാശപ്പെടുത്തിയെന്നുമാണ് അഭിപ്രായങ്ങള്‍. പക്ഷേ ഈ സോഷ്യല്‍ മീഡിയയുടെ അഭിപ്രായം നൂറുശതമാനും ശരിയാണെന്ന് വൃഷഭ കണ്ടാല്‍ മനസ്സിലാവും.

കഥയിലെ കൗതുകം വര്‍ക്കാവുന്നില്ല

പക്ഷേ നൂറുശതമാവും മലങ്കള്‍ട്ട് എന്ന വിശേഷിപ്പിക്കാവുന്ന ചിത്രവുമല്ല. ഒന്ന് ശ്രദ്ധിച്ചാല്‍ നന്നാക്കാവുന്ന ഒരു പ്ലോട്ട് ചിത്രത്തിനുണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്ലറിലും മറ്റും കണ്ടിരിക്കുന്നതുപോലെ ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അതിലൊന്ന് വജ്രവ്യാപാരിയായ ആദി ദേവ വര്‍മ്മയും മറ്റൊന്ന് പഴയ വൃഷഭ സാമ്രാജ്യത്തിലെ രാജാവായിരുന്ന വിജയേന്ദ്ര വൃഷഭയുമാണ്. വിജയേന്ദ്രക്ക് ശത്രു നിഗ്രഹത്തിനിടെ സംഭവിച്ച അബദ്ധത്തിന്റെപേരില്‍ സ്വന്തം പുത്രന്റെ മരണത്തിന് കാരണക്കാരനാവട്ടെ എന്ന ശാപം കിട്ടുന്നു. അതാണ് ഒരു കഥ. തുടക്കത്തിലെ ഈ രംഗങ്ങള്‍ക്ക്ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടു വന്ന് ഇക്കാലത്തിലെ ആദി ദേവ വര്‍മ്മയുടെ ജീവിതമാണ് കാണിക്കുന്നത്.

വളരെ ചെറിയ നിലയില്‍നിന്ന് തുടങ്ങി, ബിസിനസ് ടൈക്കുണായി മാറിയ വ്യക്തിയാണ് ദേവ വര്‍മ്മ. ചെറുപ്പത്തിലേ ഭാര്യ മരിച്ച അയാള്‍ക്ക് എല്ലാം മകനാണ്. പക്ഷേ കഴിഞ്ഞ കുറേക്കാലമായി അയാള്‍ ഒരു ദുസ്വപ്നം കാണുന്നു. യുദ്ധവും, രക്തവും, മരണവുമെല്ലാം. അതിന്റെ പേരില്‍ നിദ്രാവിഹീനമാവുന്ന രാത്രികളാണ് അദ്ദേഹത്തിന്റെത്്. മകന്‍ തന്റെ പിതാവിന്റെ അസുഖത്തിന് പരിഹാരം തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. മുജന്‍മത്തിലെ ശത്രു ഈ ജന്‍മത്തിലെ പുത്രനാവും എന്നൊക്കെയുള്ള വിശ്വാസങ്ങളുടെ കുടപിടിച്ച് നീങ്ങുന്ന ചിത്രമാണിത്.

പക്ഷേ ഈ കഥയില്‍ ഒരു രസമൊക്കെയുണ്ടെങ്കിലും, ഇത് എടുത്തങ്ങോട്ട് കുളമാക്കുകയാണ്. ആ കഥയെ വിശ്വസനീയമായി വികസിപ്പിക്കാന്‍ കഴിയുന്നില്ല. പലയിടത്തും കഥാസന്ദര്‍ഭങ്ങള്‍ തട്ടിക്കൂട്ടുകയാണ്. പിന്നെ ആക്ഷനാണെങ്കില്‍ മോശവും. ഒന്നാമത് ഒരു യോദ്ധാവായ രാജാവിന് വേണ്ട ഫിസിക്കല്ല ഇപ്പോള്‍ മോഹന്‍ലാലിന്. 'മരക്കാര്‍ അറബിക്കടലിലെ സിംഹ'ത്തിലൊക്കെ നാം അത് കണ്ടതാണ്. വല്ലാത്ത പൊണ്ണത്തടിവെച്ച് ആയാസപ്പെട്ട് യുദ്ധം ചെയ്യുന്ന ലാലേട്ടന്‍ പലയിടത്തും കോമഡിയാവുന്നു. സാധാരണ സിനിമ എത്ര മോശമായാലും മോഹന്‍ലാലിന്റെ കഥാപാത്രത്തെ കണ്ടിരിക്കാവുന്നതായിരുന്നു. ഇവിടെ സിനിമയും ലാലും ഒരുപോലെ മോശമായി. ചില ഡയലോഗ് ഡെലിവറിയൊക്കെ കേള്‍ക്കുമ്പോള്‍, ആര്‍ക്കോവേണ്ടി അഭിനയച്ചതുപോലെയുണ്ട്. അവരാധം എന്ന് നമ്മള്‍ അറിയാതെ പറഞ്ഞുപോവും.

ഒരു കൂതറ കന്നഡ ചിത്രംപോലെ

കൂതറ കന്നഡ ചിത്രത്തിലേതുപോലെയാണ്, നന്ദകിഷോറിന്റെ മേക്കിങ്്. തുടക്കത്തിലെ ചില യുദ്ധ സീനുകള്‍ കണ്ടാല്‍ തന്നെ അറിയാം ചിത്രത്തിന്റെ നിലവാരത്തകര്‍ച്ച. ഇവിടെയാണ് രാജമൗലിയുടെയൊക്കെ ക്ലാസ് നമുക്ക് ബോധപ്പെടുക. 'ആ ആ' എന്ന അലര്‍ച്ചയോടെയെത്തുന്ന കുറേ വില്ലന്‍മ്മാരുമുണ്ട്. ചിത്രത്തിലെ പാട്ടുകളും സംഘട്ടനങ്ങളുമൊക്കെ വെറും ടൈപ്പാണ്. ഇതുപോലെ ഒരു സെമി എപ്പിക്ക് ചിത്രത്തിനൊന്നും യോജിക്കാത്തവയായിപ്പോയി അത്. മ്യൂസിക്കും കണക്കാണ്. ഒരിടത്തും ഒരു മൂഡ് കിട്ടുന്നില്ല. മോഹന്‍ലാലിന്റെ മകനായി എത്തുന്ന കന്നഡ നടന്‍ സമര്‍ജിത്ത് ലങ്കേഷാണ് ആകെയുള്ള ആശ്വാസം. പയ്യന്‍ കയറിവരും.

ശോഭ കപൂറും ഏക്ത കപൂറും തൊട്ടു പ്രമുഖ നിര്‍മ്മാതാക്കളുടെ ഒരു വന്‍ പട തന്നെയുണ്ട് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സൈഡില്‍. പക്ഷേ അതുകൊണ്ടെന്നും യാതൊരു ഗുണവും ഉണ്ടായിട്ടില്ല. ഒരു അമര്‍ചിത്ര കഥ പോലെ കൗതുകത്തോടെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് മോഹന്‍ലാല്‍ രാജാവായി എത്തുന്ന ഭാഗവും അതിന്റെ കഥയുമെന്നൊക്കെയാണ് ആരാധകര്‍ തള്ളിയിരുന്നത്. എന്നാല്‍ രണ്ടാം പകുതിയിലെ ചില യുദ്ധ രംഗങ്ങളില്‍ മാത്രമാണ് ആ ഫീല്‍ വരുന്നത്.

നയന്‍ സരികയാണ് സമര്‍ജിതിന്റെ നായിക. അതിനും കാര്യമായി ഒന്നും ചെയ്യാനില്ല. രാഗിണി ദ്വിവേദിയാണ് ചിത്രത്തില്‍ ആദ്യാവസാനമുള്ള മറ്റൊരു കഥാപാത്രം. നേഹ സക്സേന, രാമചന്ദ്ര രാജു, കിഷോര്‍ എന്നിങ്ങനെ നീളുന്ന താരനിരയും ചിത്രത്തിലുണ്ട്. ആന്റണി സാസണിന്റേതാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സാം സിഎസിന്റേതാണ് സംഗീതം. സൗണ്ട് ഡിസൈനറായി റസൂല്‍ പൂക്കൂട്ടിയുടെ പേരൊക്കെ കാണുന്നുണ്ടെങ്കിലും ഒന്നും വര്‍ക്കായിട്ടില്ല.

വാല്‍ക്കഷ്ണം: ഒറ്റവാക്കില്‍പറഞ്ഞാല്‍ എന്തിനേ വേണ്ടി തിളയ്ക്കുന്ന സാമ്പര്‍ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ലാലേട്ടന്‍ എന്തിനാണ് ഇത്തരം ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല.