മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുള്ള ആരാധകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നതില്‍ ഏറെ പ്രതീക്ഷയോടെ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360. ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ സംബന്ധിച്ചിട്ടുള്ള അനൗദ്യോഗിക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2025 ജനുവരി 23 ന് ചിത്രം തിയേറ്ററിലെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ പറ്റി സ്ഥിരീകരണമായിട്ടില്ല. ചിത്രത്തിന്റ്രെ ഷൂട്ടിങ് ഇപ്പോള്‍ തേനിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ തേനിയില്‍ നിന്നുള്ള ലൊക്കേഷന്‍ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്‍ 360 ടീം പാലക്കാട്ടേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാലക്കാട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ചിത്രത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഷെഡ്യൂള്‍ തൊടുപുഴയില്‍ നടക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തെയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എല്‍ 360. 2004 ല്‍ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്. പിആര്‍ഒ വാഴൂര്‍ ജോസ്.