എല്ലാ സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍'. 'ലൂസിഫര്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'എമ്പുരാന്‍' എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.



വെള്ള വസ്ത്രം ധരിച്ച് തിരിഞ്ഞു നില്‍ക്കുന്ന വ്യക്തിക്ക് പിന്നിലായി ഒരു ഡ്രാഗണ്‍ ചിഹ്നവും കാണാം. എമ്പുരാനില്‍ ഖുറേഷി എബ്രഹാമിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന വില്ലന്‍ ആണോ ഇത് എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ലൂസിഫര്‍ യൂണിവേഴ്സിനെ ട്രൈലജിയാക്കി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഒന്നാം ഭാഗമായ ലൂസിഫറും റിലീസിനെത്തിയത് മാര്‍ച്ച് മാസത്തിലായിരുന്നു. 2019 മാര്‍ച്ച് 28 നായിരുന്നു 'ലൂസിഫര്‍' പുറത്തിറങ്ങിയത്. 200 കോടിയും നേടിയായിരുന്നു അന്ന് ചിത്രം തിയേറ്റര്‍ വിട്ടത്. അതേസമയം എമ്പുരാന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ്, തിരുവനന്തപുരം, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് എത്തിയത്. ഇന്ത്യയിലെ ചിത്രീകരണത്തിന് ശേഷം മൊറോക്കോ അടക്കമുള്ള രാജ്യങ്ങളില്‍ കൂടി ചിത്രീകരണമുണ്ട്.

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേര്‍ന്നാണ്.