തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികള്‍ക്ക് വിജയ് നല്‍കിയ സന്ദേശം ശ്രദ്ധ നേടുന്നു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് വിജയ് സംസാരിച്ചത്. ഒക്ബോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം.

ഗര്‍ഭിണികളും സ്‌കൂള്‍ കുട്ടികളും രോഗികളും പ്രായമായവരും സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലും നാട്ടിലേക്ക് മടങ്ങുമ്പോഴും കേഡര്‍മാര്‍ രാഷ്ട്രീയ അച്ചടക്കവും ചിട്ടയായ പെരുമാറ്റവും പാലിക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. കേഡര്‍മാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണം എന്നാണ് വിജയ് ഭാരവാഹികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്ന സന്ദേശം. ടിവികെയുടെ പ്രധാന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി പിന്തുടരേണ്ട ഐക്കണുകള്‍ സംസ്ഥാന സമ്മേളനത്തില്‍ അനാച്ഛാദനം ചെയ്യുമെന്ന് കഴിഞ്ഞ മാസം വിജയ് പറഞ്ഞിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ പാര്‍ട്ടി പതാകയും പുറത്തിറക്കിയിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് വിജയ് വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവേശനത്തോടെ സിനിമ പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അവസാനത്തെ സിനിമയുടെ ഷൂട്ടിലാണ് താരം.