- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്?'; പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിട്ടുണ്ടല്ലോ; ചിലർ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു; കുറിപ്പുമായി ആര്യ

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആത്മഹത്യ ചെയ്ത സംഭവത്തിൽ, വാർത്തകൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷവിമർശനവുമായി നടിയും അവതാരകയുമായ ആര്യ ബാബു. സംഭവവുമായി ബന്ധപ്പെട്ട വാർത്തകളിൽ മരണപ്പെട്ട ദീപക്കിന്റെ മുഖം വ്യക്തമായി കാണിക്കുകയും ആരോപണം ഉന്നയിച്ച യുവതിയുടെ മുഖം ബ്ലർ ചെയ്യുകയും ചെയ്തതിനെയാണ് ആര്യ ബാബു ചോദ്യം ചെയ്തത്. ഇത് തുല്യതയില്ലായ്മയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ആര്യ ബാബുവിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്:
''എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്? പുരുഷന്റെ മുഖം വ്യക്തമായി കാണിച്ചിരിക്കുന്നുവല്ലോ. ഈ സംഭവം നടക്കുന്നത് ബ്ലര്‍ ആയ ചിത്രത്തിലെ സ്ത്രീ തന്റെ പബ്ലിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൊരു വിഡിയോ പങ്കുവെക്കുന്നതിന് പിന്നാലെയാണ്. തന്നെ എല്ലാവരും വ്യക്തമായി കാണണമെന്ന് അവളാഗ്രഹിച്ചിരുന്നു. നമ്മള്‍ കാണുകയും ചെയ്തു. പിന്നെ ഇപ്പോഴെന്തിന് ബ്ലര്‍ ചെയ്തു? തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യാതൊരു സൂചനയുമില്ലാതിരുന്ന പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. ഇതിനിടെ ഇവിടെ ചിലർ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. കഷ്ടം."
ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണെന്ന് നടി ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. വീഡിയോ പങ്കുവെച്ച യുവതിക്കും അതിന് താഴെ അധിക്ഷേപം ചൊരിഞ്ഞവർക്കും ദീപക്കിന്റെ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടിരുന്നു.


