മുംബൈ: കുട്ടിക്കാലത്ത് മദ്യപിച്ച് ആശുപത്രിയിലായ അനുഭവം പങ്കിടുകയാണ് അവതാരകയും നടിയുമായ അനുഷ ദാണ്ഡേക്കർ. 14-ാം വയസ്സിൽ പാഷൻ ഫ്രൂട്ടിന്റെ രുചിയുള്ള ഒരു പാനീയം അമിതമായി കുടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി താരം പറഞ്ഞു. എന്നാൽ ഇത് മദ്യം ആയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും താരം വെളിപ്പെടുത്തി. പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുഷ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

'പതിനാലാം വയസ്സിൽ ഞാൻ മദ്യപിച്ചു, അതിന്റെ ഫലമായി ആശുപത്രിയിലായി. പാഷൻ ഫ്രൂട്ടിന്റെ രുചി കാരണം ഞാൻ അത് മുഴുവൻ കുടിച്ചു. അച്ഛനോട് നഴ്‌സ് പറഞ്ഞത്, അവളോട് ദേഷ്യപ്പെടരുത്, ഇനിയൊരിക്കലും അവൾ അതുപോലെ മദ്യപിക്കില്ല എന്നായിരുന്നു. അത് സത്യമായിരുന്നു,' അനുഷ അനുസ്മരിച്ചു.

ഈ അനുഭവം പിന്നീട് ലഹരിയോടുള്ള വിരക്തിക്ക് കാരണമായതായി താരം വ്യക്തമാക്കി. ലഹരി വസ്തുക്കളോട് തനിക്ക് താത്പര്യമില്ലെന്നും, മനസ്സിനും ജീവിതത്തിനും മേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അനുഷ കൂട്ടിച്ചേർത്തു. താൻ പുകവലിച്ചു നോക്കിയിട്ടുണ്ടെങ്കിലും അതിന്റെ മണവും രുചിയും ഇഷ്ടമായിരുന്നില്ലെന്നും, ആസ്ത്മയുള്ളതുകൊണ്ട് പുകവലിക്കാൻ പാടില്ലെന്നതും ഇതിന് കാരണമായി.

20-ാം വയസ്സിൽ ഓസ്ട്രേലിയയിൽ നിന്ന് മുംബൈയിലെത്തിയ അനുഷ എംടിവിയിലൂടെയാണ് ശ്രദ്ധേയയായത്. കൗമാരപ്രായത്തിൽ വഴിതെറ്റാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും, കൂടുതൽ ഉത്തരവാദിത്തമുള്ള വ്യക്തിയായി മാറിയെന്നും, അപ്പാർട്ട്മെന്റ് എടുത്ത് എംടിവിയിൽ ജോലി നേടിയത് വലിയൊരു മുന്നേറ്റമായി കാണുന്നുവെന്നും താരം പറഞ്ഞു.

താൻ ലഹരി ഉപയോഗിക്കാറില്ലെങ്കിലും, തന്റെ ഊർജ്ജസ്വലതയും ഭാവപ്പകർച്ചയും കാരണം താൻ എന്താണ് ഉപയോഗിക്കുന്നതെന്ന് പലരും തന്റെ മാനേജരോട് ചോദിച്ചിട്ടുണ്ടെന്നും അനുഷ ചിരിയോടെ ഓർത്തു. മാനേജർ എല്ലായ്പ്പോഴും മറുപടി നൽകാറുണ്ടെന്നും, താൻ വൈൻ പോലും കുടിക്കില്ലെന്ന് പറയാറുണ്ടെന്നും അനുഷ കൂട്ടിച്ചേർത്തു.