കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7-മായി ബന്ധപ്പെട്ട് പിആർ കൺസൾട്ടന്റ് വിനു വിജയ്‌യുമായുണ്ടായ സൗഹൃദം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അനുമോൾ. തന്റെ സഹോദരിയുടെ പേര് പിആർ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതാണ് വിനുവുമായി അകലം പാലിക്കാൻ കാരണമെന്ന് അനുമോൾ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബിഗ് ബോസിനകത്തും പുറത്തും വലിയ ചർച്ചയായിരുന്ന അനുമോളിന്റെ പിആർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് പിന്നാലെയാണ് വിനുവും അനുമോളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്.

കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടി പിആർ ചെയ്തിരുന്ന വിനു വിജയ്, ഈ സീസണിൽ അനുമോൾക്കും ശൈത്യയ്ക്കും വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. അനുമോളിന്റെ പിആർ തുകയും മറ്റ് പ്രവർത്തനങ്ങളും ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെ അനുമോളിൽ നിന്ന് അകലം പാലിക്കുകയാണെന്ന് വിനു നേരത്തെ അറിയിച്ചിരുന്നു.

പിആർ ഉള്ള കാര്യം പുറത്ത് പറയാൻ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നു. താനൊരു തുറന്ന പുസ്തകമായതുകൊണ്ട് പലരോടും ഇക്കാര്യം പറഞ്ഞിരുന്നു. 15 ലക്ഷം രൂപ കയ്യിലുണ്ടായിരുന്നെങ്കിൽ ബിഗ് ബോസിലേക്ക് പോകില്ലായിരുന്നു എന്നും അവർ വ്യക്തമാക്കി. വിനുവാണ് തനിക്ക് കൂടുതൽ നെഗറ്റീവ് ഉണ്ടാക്കിയതെന്ന് പലരും പറഞ്ഞിരുന്നതായും, എന്തിനാണ് അന്ന് ഇന്റർവ്യൂ നൽകിയതെന്ന് താൻ വിനുവിനോട് ചോദിച്ചിരുന്നതായും അനുമോൾ പറഞ്ഞു. മറ്റ് ബിഗ് ബോസ് മത്സരാർത്ഥികൾക്കും പിആർ ഉണ്ടെന്ന് പറയാനാണ് താൻ ഇന്റർവ്യൂ നൽകിയതെന്ന് വിനു മറുപടി നൽകിയതായും അനുമോൾ കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ഹൗസിലെ പല മത്സരാർത്ഥികൾക്കും തന്റേത് എന്ന് കരുതുന്ന ആരാധകരാണ് സോഷ്യൽ മീഡിയയിൽ വന്ന് ചീത്തവിളിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നതായും അനുമോൾ പറഞ്ഞു. എന്നാൽ ഇതിന് പിന്നിൽ താനല്ലെന്ന് വിനു ബിന്നിയോടും ഭർത്താവിനോടും പറഞ്ഞപ്പോൾ തന്റെ ചേച്ചിയുടെ പേര് വലിച്ചിഴച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തന്റെ ചേച്ചി പല ഗ്രൂപ്പുകളിലും അംഗമായിരുന്നു എന്നും, എന്തിനാണ് വിനുവിന്റെ ഭാഗം ശരിയാക്കുന്നതിന് വേണ്ടി തന്റെ ചേച്ചിയുടെ പേര് പറയുന്നതെന്ന് ചോദിച്ച് താൻ വിനുവുമായി വഴക്കുണ്ടാക്കിയെന്നും അനുമോൾ വെളിപ്പെടുത്തി. ഈ വിഷമം കാരണമാണ് വിനു താനുമായുള്ള സൗഹൃദം നിർത്തിയതെന്നും അനുമോൾ കൂട്ടിച്ചേർത്തു.