കൊച്ചി: മലയാള സിനിമയിൽ നിന്ന് ഒരു കാലത്ത് വിട്ടുനിന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഭാവന. മമ്മൂട്ടി, പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളിൽ നിന്ന് അന്ന് പിന്മാറിയെന്നും നടി വ്യക്തമാക്കി. ഭരദ്വാജ് രംഗനുമായുള്ള ഗലാട്ട പ്ലസ് അഭിമുഖത്തിലാണ് ഭാവനയുടെ ഈ നിർണായക വെളിപ്പെടുത്തൽ. പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നു അതെന്നും, എന്നാൽ അതിനുള്ള കൃത്യമായ കാരണം തനിക്കിപ്പോഴും അറിയില്ലെന്നും ഭാവന പറഞ്ഞു.

ആ കാലത്ത് മലയാള സിനിമകൾ ചെയ്യാനുള്ള പദ്ധതികളൊന്നും തനിക്കുണ്ടായിരുന്നില്ല. കന്നഡ സിനിമകളിൽ അഭിനയിച്ച് താൻ സംതൃപ്തയായിരുന്നുവെന്നും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരു 'കംഫർട്ട് സോണി'ലായിരുന്നു താനെന്നും ഭാവന കൂട്ടിച്ചേർത്തു. നാലോ അഞ്ചോ വർഷത്തിന് ശേഷമാണ് താൻ മലയാളത്തിലേക്ക് തിരിച്ചെത്തിയതെന്നും നടി ഓർമ്മിപ്പിച്ചു. 'ന്റിക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്.

ആദ്യം ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ചപ്പോഴും താൻ വിസമ്മതിച്ചിരുന്നു. തിരക്കഥ വായിക്കാൻ പറഞ്ഞപ്പോൾ, അത് ഇഷ്ടപ്പെട്ടാൽ പിന്നീട് സിനിമ ചെയ്യാൻ കഴിയാതെ വന്നാൽ വിഷമമാകുമെന്ന് കരുതിയാണ് കേൾക്കേണ്ടെന്ന് പറഞ്ഞതെന്നും ഭാവന വ്യക്തമാക്കി. പിന്നീട് പലരിലൂടെയും തിരക്കഥ തന്റെ അടുത്തെത്തി. മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുന്നത് എന്തിനാണെന്നും അതിൽ എന്തു ലഭിച്ചുവെന്നും സുഹൃത്തുക്കൾ ചോദിച്ച് നിർബന്ധിച്ചതിനെത്തുടർന്നാണ് സ്ക്രിപ്റ്റ് കേൾക്കാൻ സമ്മതിച്ചതെന്നും നടി കൂട്ടിച്ചേർത്തു.