- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീനിവാസൻ ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്'; അവസാന കാലത്ത് മമ്മൂട്ടിയുമായി തെറ്റി; ആ കാര്യത്തിൽ ഇരുവരും തമ്മിൽ മത്സരമായിരുന്നു; രസകരമായ കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിൻ്റെ പ്രിയനടൻ ശ്രീനിവാസനും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിൽ ജൈവകൃഷിയുടെ പേരിൽ ആരോഗ്യകരമായ ഒരു 'മത്സരം' നിലനിന്നിരുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഈ മത്സരം കാരണം അവസാനകാലത്ത് ശ്രീനിവാസൻ മമ്മൂട്ടിയുമായി തെറ്റലിലായിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ നാലാം പതിപ്പിൽ നടന്ന 'സന്മനസ്സുള്ള ശ്രീനി' എന്ന അനുസ്മരണ പരിപാടിയിലാണ് ഈ രസകരമായ സംഭവം മന്ത്രി പങ്കുവെച്ചത്.
ശ്രീനിവാസൻ ഓർമ്മയായിട്ട് ഒരു മാസം തികയും മുൻപേയാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അത്രയേറെ അറിയപ്പെടാത്ത ഈ വശം ഗണേഷ് കുമാർ വെളിപ്പെടുത്തിയത്. "ശ്രീനിവാസൻ ബുദ്ധിമാനാണ്, ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷേ അവസാനകാലത്ത് അദ്ദേഹം കൃഷിയെ സ്നേഹിച്ചു. മമ്മൂട്ടിയുടെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ലെന്ന് മമ്മൂട്ടിയും, അതല്ല, 'അതിനേക്കാൾ മികച്ച നെല്ലാണ് എൻ്റെ വയലിൽ ഉണ്ടാകുന്നത്, ആ അരിയാണ് ഏറ്റവും നല്ലത്' എന്ന് ശ്രീനിവാസനും അവകാശപ്പെട്ടു. ഈ ചെറിയ പ്രശ്നത്തിൻ്റെ പേരിൽ അവസാനകാലത്ത് ഇവർ തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല," ഗണേഷ് കുമാർ പറഞ്ഞു.
നിയമസഭാ പുസ്തകോത്സവത്തിൻ്റെ ഭാഗമായി അതുല്യ കലാകാരനായ ശ്രീനിവാസന് ആദരമർപ്പിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംവിധായകരായ പ്രിയദർശൻ, കമൽ, നടന്മാരായ പ്രേംകുമാർ, മണിയൻപിള്ള രാജു, സംവിധായകനും ശ്രീനിവാസൻ്റെ സഹോദരിയുടെ ഭർത്താവുമായ എം. മോഹനൻ എന്നിവരും പങ്കെടുത്തിരുന്നു. സദസ്സിനെ ചിരിപ്പിച്ചുകൊണ്ട് മന്ത്രി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു, "നമ്മൾ വിചാരിക്കും ശ്രീനിയേട്ടൻ ഭയങ്കര ജീനിയസാണ് എന്നൊക്കെ. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മലയാളിയാണ്." എന്നും അദ്ദേഹം പറഞ്ഞു.


