32 വര്‍ഷം മുന്‍പ് താന്‍ പാര്‍വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ വച്ച് മകന്‍ കാളിദാസും വിവാഹിതനായത് ഭാഗ്യമായി കരുതുന്നുവെന്ന് ജയറാം. കാളിദാസിന്റെ വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. അന്ന് തന്റെ വിവാഹം കാണാന്‍ ആളുകളെത്തിയ പോലെ കാളിദാസിന്റെയും വിവാഹദിനത്തില്‍ ഒരുപാട് പേരെത്തി. ഈ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും ജയറാം പറഞ്ഞു.

'ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്നത് വാക്കുകളില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അത്രയധികം സന്തോഷമുണ്ട്. പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്റെ കഴുത്തില്‍ താലി ചാര്‍ത്താനായതില്‍ സന്തോഷം. 1992 സെപ്റ്റംബര്‍ ഏഴാം തിയതി പാര്‍വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് താലി ചാര്‍ത്താന്‍ എനിക്ക് ഭാഗ്യമുണ്ടായി. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പിന്നീട് പുതിയൊരു അതിഥിയെത്തി, കണ്ണന്‍. പിന്നീട് ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര്‍ മരുമകനും മരുമകളുമല്ല. മകനും മകളുമാണ്'.

'ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ മകന്റേയും മകളുടേയും കല്യാണത്തിന് എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ത്ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം', ജയറാം പറഞ്ഞു.

മോഡലായ താരിണി കലിങ്കരായര്‍ ആണ് കാളിദാസ് ജയറാമിന്റെ വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും താരിണി കലിങ്കരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ താരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.