'എമ്പുരാന്‍' വിവാദം ചൂടുപിടിക്കുമ്പോള്‍ എന്നും സമൂഹമാധ്യമങ്ങളില്‍ സജീവരായ നടന്മാര്‍, ജോയ് മാത്യുവും ഹരീഷ് പേരടിയും, ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് ശ്രദ്ധേയമായി. പല വിഷയങ്ങളിലും ഉറച്ച നിലപാടുകള്‍ കൈകൊള്ളുന്ന ഇരുവരും, ഈ തവണ മൗനം പാലിച്ചതില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 'രാജ്യത്തെ എല്ലാ സംഭവങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്നവര്‍ 'എമ്പുരാന്‍' വിഷയത്തില്‍ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട്?' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചോദ്യം.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് ഇരുവരും വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത് സ്വന്തം മൗനം ട്രോളിയെന്നതിലൂടെ. ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രസകരമായ രീതിയില്‍ തന്നെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. 'ഒന്നും പ്രതികരിക്കാതെ വായില്‍ പഴം കയറ്റി ഏതോ മാളത്തില്‍ ഒളിച്ചിരിക്കുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും... അതോ രണ്ടെണ്ണവും ജീവിച്ചിരിപ്പുണ്ടോ ആര്‍ക്കറിയാം!' ഹരീഷ് പേരടി ഫെയ്ബുക്കില്‍ കുറിച്ചു.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പ്രതി ചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ ഈ പ്രതികരണം.

അതേസമയം, ഹരീഷ് പേരടിയുടെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ജേയ് മാത്യുവിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശകരെയും ലാഘവത്തോടെ പരിഹസിച്ചുകൊണ്ടാണ് ജോയ് മാത്യു മറുപടി നല്‍കിയത്. 'കോട്ട് ധരിച്ചാല്‍ അടിയിലുള്ള കീറിയ കോണാന്‍ മറ്റാരും കാണില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ട്. ഇതിലെ രണ്ട് പോങ്ങന്മാര്‍ കഴിഞ്ഞദിവസം പറയുന്നത് കേട്ടു, 'മുഖ്യമന്ത്രി തുമ്മിയാല്‍ പോലും പോസ്റ്റിടുന്ന ജോയ് മാത്യുവിന് 'എമ്പുരാന്‍' വിഷയത്തില്‍ മിണ്ടാട്ടമില്ലെന്ന്? സത്യമാണോ?

മിണ്ടാതിരുന്നത് മറ്റൊന്നും കൊണ്ടല്ല മുഖ്യമന്ത്രി തൂറിയാല്‍ അത് കോട്ടിട്ട് മൂടിപ്പിടിക്കുന്ന ഇവരുടെയൊക്കെ കരിമണലില്‍ വീണ ഈ അവസ്ഥ ആലോചിച്ചിട്ടാണ് എനിക്ക് വിഷമം.അപ്പോഴാണ് ചങ്ങാതി ഹരീഷ് പേരടി ഈ കോണാന്‍ മൂടി കോട്ടുധാരികള്‍ക്ക് വേണ്ടി ഈ പോസ്റ്റിട്ടത്. പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ (കോണാന്‍ +കോട്ട് ) ഇനി നിങ്ങളുടെ വായില്‍ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയില്‍ത്തന്നെയുള്ള മാധ്യമരാമന്നുകൂടി വിഴുങ്ങാന്‍ കൊടുക്കുക. (പ്രധാന കോണാട്ട്കാരെ കമന്റ് ബോക്‌സില്‍ കാണാം )'

ഇരുവരുടെയും മറുപടികള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുമ്പോള്‍, വിമര്‍ശകരും പിന്തുണയ്ക്കുന്നവരും പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 'എമ്പുരാന്‍' വിഷയത്തില്‍ പ്രതികരിക്കാത്തതിന് നേരിയ നിരീക്ഷണമെന്നപോലെ തുടങ്ങിയ വിമര്‍ശനം, ഇരുവരും ട്രോളിയതോടെ കൂടുതല്‍ രസകരമായ ചര്‍ച്ചയായി മാറിയിരിക്കുന്നു.

ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നെങ്കിലും, ഇരുവരും അതിനെ പരിഹസിച്ച് നേരിടുകയായിരുന്നു. ഈ ട്രോളുകളിലൂടെ അവര്‍ ആക്ഷേപങ്ങള്‍ക്കു നേരിട്ട് മറുപടി നല്‍കിയിട്ടുണ്ടോ, അതോ കൂടുതല്‍ ചര്‍ച്ചയ്ക്കുള്ള വഴിയൊരുക്കിയോ, എന്നതില്‍ ഇപ്പോഴും സംശയമേകുകയാണ്.