ചെന്നൈ: നടന്‍ വിജയ് പെരമ്പൂരില്‍നിന്ന് ജനവിധി തേടുന്നതില്‍ പ്രതികരിച്ചു നടന്‍ കമല്‍ഹാസന്‍. താന്‍ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും, തനിക്ക് വേറെന്തെല്ലാം ജോലികളുണ്ട് എന്നുമാണ് കമല്‍ഹാസന്‍ ഇതിന് മറുപടി പറഞ്ഞത്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വരാനിരിക്കുന്ന സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന രജനീകാന്തിനൊപ്പമുള്ള 'ഗഒ ഃ ഞഗ' എന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ അടുത്തതായി അഭിനയിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കൂ എന്ന് കമല്‍ അറിയിച്ചു. രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.എം.കെ സഖ്യം അത്യാവശ്യമാണെന്നും സീറ്റുകളുടെ എണ്ണത്തിനല്ല, മറിച്ച് തന്റെ കടമയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന വിജയ്ക്ക് ആശംസകള്‍ നേരാത്ത കമല്‍ഹാസന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിജയ്ക്ക് നല്ലൊരു തുടക്കം ആശംസിക്കാമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ഈ വരുന്ന ഏപ്രില്‍ 23-നാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്.