- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗത്തിൽ ഹൃദയഭാരം തോന്നുന്നു, പ്രിയ ലാൽ, തളരാതെയിരിക്കൂ'; മോഹന്ലാലിന്റെ അമ്മയുടെ നിര്യാണത്തിൽ മമ്മൂട്ടി അനുശോചിച്ചു
തിരുവനന്തപുരം: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചിച്ച് മമ്മൂട്ടി. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. "നമുക്കെല്ലാവർക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗത്തിന്റെ വേളയിൽ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാൽ," എന്നാണ് അദ്ദേഹം കുറിച്ചത്. മോഹൻലാലും അമ്മയും ചേർന്നുള്ള ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിരുന്നു. നിരവധി സിനിമാതാരങ്ങളും മറ്റ് പ്രമുഖരും ഇന്നലെ എളമക്കരയിലെ വീട്ടിൽ ശാന്തകുമാരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് പത്തുവർഷമായി ചികിത്സയിലായിരുന്ന അവരെ കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. മരണവിവരമറിഞ്ഞയുടൻ നടൻ മമ്മൂട്ടിയടക്കമുള്ള ചലച്ചിത്രലോകത്തെ പ്രമുഖർ കൊച്ചി എളമക്കരയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ ഇന്ന് വൈകീട്ട് മുടവന്മുളിലെ വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
മരണസമയത്ത് പരിചരിക്കുന്നവരായിരുന്നു ശാന്തകുമാരിയമ്മയുടെ ഒപ്പമുണ്ടായിരുന്നത്. പുലർച്ചെയോടെയാണ് മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ മുടവന്മുളിലെ വീട്ടിലേക്ക് എത്തിച്ചത്. വിവിധ വേദികളിൽ വെച്ച് അമ്മയെക്കുറിച്ച് അതിവൈകാരികമായി മോഹൻലാൽ സംസാരിച്ചിട്ടുണ്ട്. ശാന്തകുമാരിയമ്മയുടെ 89-ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ച് മോഹൻലാൽ സംഗീതാർച്ചനയും നടത്തിയിരുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന സംസ്കാരച്ചടങ്ങുകളോടെ ശാന്തകുമാരിയമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കും.




