- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാലിന് ഇപ്പോൾ എങ്ങനെയുണ്ട്?, എല്ലാം ശരിയാകും, കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം'; വീഡിയോ കോളിൽ മെഗാസ്റ്റാറിന്റെ ആശ്വാസവാക്ക്; ഭർത്താവും വീടും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി
കൊച്ചി: അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽ ഭർത്താവിനെയും വീടും നഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചുമാറ്റപ്പെടുകയും ചെയ്ത സന്ധ്യയ്ക്ക് സഹായഹസ്തവുമായി മമ്മൂട്ടി. 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് രാജഗിരി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സന്ധ്യയുമായി മമ്മൂട്ടി വിഡിയോ കോളിൽ സംസാരിക്കുകയും തുടർന്നും എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനാണ് സന്ധ്യയുടെ മുഴുവൻ ചികിത്സാച്ചെലവുകളും വഹിച്ചത്.
'കാലിന് ഇപ്പോൾ എങ്ങനെയുണ്ട്?'-മമ്മൂട്ടി ചോദിച്ചു. ആ ചോദ്യം കേട്ട് സന്ധ്യയുടെ കണ്ണുകൾ നിറഞ്ഞു. 'എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്' കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാമെന്നും മമ്മൂട്ടിയുടെ മറുപടി. ഇത്കേട്ട് സന്ധ്യ കരഞ്ഞത് ഒരുപക്ഷേ വലിയൊരു ആശ്വാസതീരത്തെത്തിയതുപോലെ തോന്നിയതുകൊണ്ടാകും.
ഒക്ടോബർ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജുവിന്റെ ഇടതുകാൽ മുട്ടിന് മുകളിൽവച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനാണ് മമ്മൂട്ടി ഫോണിൽ വിളിച്ചത്. രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ്(ഹെൽത്ത് കെയർ പ്രമോഷൻസ്) ജോസ് പോളിന്റെ ഫോണിലേക്കായിരുന്നു വീഡിയോ കോൾ. സന്ധ്യയുമായി സംസാരിച്ച മമ്മൂട്ടി കൃത്രിമക്കാൽ നല്കാമെന്ന് വാക്കുനല്കിയതിനൊപ്പം അടിമാലിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്നും ഉറപ്പ് നല്കി.
'എല്ലാം നടക്കും..പേടിക്കേണ്ട..'മമ്മൂട്ടി സന്ധ്യയോട് പറഞ്ഞു. സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം നേരത്തെ തന്നെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുത്തിരുന്നു. സന്ധ്യയുമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ കൃത്രിമ കാൽ വെക്കുന്നതിന് വേണ്ട സഹായം നൽകാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരന് മമ്മൂട്ടി നിർദ്ദേശം നല്കി.
മണ്ണിടിച്ചിലിൽ വീട് പൂർണമായും തകർന്നതിനാൽ 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം വാടക വീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം. നീറുന്ന ഓർമ്മകൾ സമ്മാനിച്ച ആ രാത്രി സന്ധ്യയുടെ മനസ്സിൽ നിന്ന് മായുന്നില്ല . മണ്ണിടിച്ചിലിൽ ദുരന്തത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു. തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ രക്തയോട്ടം പൂർവ്വസ്ഥിതിയിലാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞെങ്കിലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വർദ്ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ് സന്ധ്യയുടെ ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യേണ്ടതായി വന്നത്. മുറിവുകൾ പൂർണമായി ഉണങ്ങിയതോടെ ഫിസിയോ തെറാപ്പിയിൽ പരസഹായത്തോടെ നടത്തം പുനരാരംഭിക്കാൻ സന്ധ്യയ്ക്ക് കഴിഞ്ഞു. ഇനിയുളള രണ്ടാഴ്ച ഫിസിയോ തെറാപ്പി തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.ജിജി രാജ് കുളങ്ങര, സീനിയർ കൺസൾട്ടന്റ് ഡോ. ഗെലി ഇറ്റെ, ഡോ.പ്രവീൺ എ ജെ, ജനറൽ സർജറി വിഭാഗത്തിലെ ഡോ. രവികാന്ത്, ഡോ.അർച്ചന എസ്, ഓർത്തോ വിഭാഗത്തിലെ ഡോ.ടോം ജോസ് എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം കൃത്രിമ കാൽ സ്ഥാപിക്കാൻ സാധിക്കുമെന്ന് ഡോ. ഗെലി ഇറ്റെ പറഞ്ഞു. മണ്ണിടിച്ചിൽ ദുരന്തത്തിൽ ഭർത്താവും, കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷം മകനും മരിച്ചതോടെ, നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ. സർക്കാരിന്റേയും, ദേശീയപാത അതോറിറ്റിയുടേയും അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന്ധ്യയും, മകളും.




