ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ ഏറ്റുവാങ്ങി. ധനുഷ് നായകനായ 'അസുരൻ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മഞ്ജുവിനെ ഈ അഭിമാനകരമായ അംഗീകാരം തേടിയെത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ താരം സന്തോഷം പങ്കുവെക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

"ജീവിതം നിങ്ങൾക്കായി കരുതിവെച്ചത് നിങ്ങളെ തേടിയെത്തും," എന്നാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. തമിഴ്‌നാട് സർക്കാരിനും 'അസുരൻ' ടീമിനും താരം പ്രത്യേകം നന്ദി പറഞ്ഞു. സിനിമയുടെ നായകനായ ധനുഷ്, സംവിധായകൻ വെട്രിമാരൻ, നിർമാതാവ് കലൈപുലി എസ്. താണു എന്നിവരെയും അസുരൻ ടീമിലെ ഓരോരുത്തരെയും മഞ്ജു നന്ദിയോടെ ഓർത്തു. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് തന്നെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും നടി സ്നേഹം അറിയിച്ചു. പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചത്. മഞ്ജു വാര്യരെ കൂടാതെ, മലയാളികളായ അപർണ ബാലമുരളി, ലിജോമോൾ ജോസ്, നയൻതാര, കീർത്തി സുരേഷ് എന്നിവരും വ്യത്യസ്ത വർഷങ്ങളിലായി മികച്ച നടിയെന്ന ബഹുമതിക്ക് അർഹരായിട്ടുണ്ട്. ജ്യോതിക, സായ് പല്ലവി തുടങ്ങിയ നടിമാരും ഇതേ കാലയളവിലെ മികച്ച നടി പുരസ്കാരങ്ങൾ നേടി. അപർണ ബാലമുരളിയും കീർത്തി സുരേഷും പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.