ചെന്നൈ: തമിഴ് സിനിമാലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരിന്നു നടൻ ധനുഷിനെതിരായ ഡോക്യുമെന്‍ററി വിവാദം. നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി 'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലി'ന്‍റെ റിലീസിന് മുന്‍പാണ് ധനുഷിനെതിരായ ആരോപണങ്ങളുമായി നയന്‍താര എത്തുന്നത്.

അന്ന് നിരവധിപേര്‍ അവരെ പിന്തുണച്ച് എത്തിയപ്പോള്‍ അതിലേറെപ്പേര്‍ വിമര്‍ശനവുമായും എത്തുകയും ചെയ്തു. പക്ഷെ എല്ലാം തിരിഞ്ഞ് നയൻതാരയ്ക്ക് തന്നെ അത് വലിയ വിനയാവുകയും സോഷ്യൽ മീഡിയ മുഴുവൻ നയൻ‌താരയ്‌ക്കെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. ഇപ്പോഴിതാ ആദ്യമായി അന്ന് എന്താണ് സംഭവിച്ചതെന്നതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോക്യൂമെന്ററി താരം നയൻ‌താര.

നടിയുടെ വാക്കുകൾ...

അന്ന് യഥാര്‍ഥത്തില്‍ നടന്നത് എന്താണെന്ന് ഞാന്‍ പറയാം. അത് ഒരു വിവാദമാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നതല്ല. ഞങ്ങളുടെ ഡോക്യുമെന്‍ററി ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് അത്തരമൊരു കുറിപ്പ് ഇറക്കണമെന്നും ഉദ്ദേശിച്ചിരുന്നതല്ല. ആ ടൈമിംഗ് യാദൃശ്ചികമായി സംഭവിച്ചതാണ്. വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ട് മൂന്ന് ദിവസം അത് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടിവന്നു. പ്രതികരണം വേണമോ വേണ്ടയോ എന്ന് ആലോചിച്ചു. ശരിയെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ എന്തിനാണ് ഞാന്‍ ഭയക്കുന്നത് എന്ന് ചിന്തിച്ചു. എന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കിലല്ലേ ഞാന്‍ ഭയക്കേണ്ടതുള്ളൂ", നയന്‍താര വ്യക്തമാക്കി

"പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായയ്ക്ക് കരി വാരിത്തേക്കുന്ന ആളല്ല ഞാന്‍. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്‍റെ ആരാധകരും ആയിരുന്നു. ഞങ്ങളുടെ ഡോക്യുമെന്‍ററിക്കുള്ള പിആര്‍ ആയിരുന്നു ഞങ്ങളുടെ കുറിപ്പെന്ന് പലരും ആരോപിച്ചു. പക്ഷേ അതല്ല ശരി. അത് ഒരിക്കലും ഞങ്ങളുടെ മനസിലൂടെ പോയിട്ടില്ല. ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്‍ററിയല്ലേ. ഹിറ്റോ ഫ്ലോപ്പോ ആവുന്ന ഒന്ന് അല്ലല്ലോ അത്" എന്നും താരം ചോദിക്കുന്നു.

കുറിപ്പിന് മുന്‍പ് ധനുഷിനെ ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്താണ് പ്രശ്നം എന്ന ചോദ്യത്തിന് നേരിട്ട് ഒരു ഉത്തരം ലഭിച്ചേനെ അപ്പോള്‍. അദ്ദേഹത്തിന്‍റെ മാനേജരെ വിഘ്നേഷ് പല തവണ വിളിച്ചു. ഞങ്ങളുടെ പൊതുസുഹൃത്തുക്കള്‍ വഴി ശ്രമിച്ചു. ഫലം ഉണ്ടായില്ല. ചിത്രത്തിലെ ക്ലിപ്സ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു. അത് അദ്ദേഹത്തിന്‍റെ സിനിമയല്ലേ, എന്‍ഒസി നല്‍കയോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷേ ചിത്രത്തില്‍ വിഘ്നേഷ് എഴുതിയ നാല് വരികള്‍ ഞങ്ങള്‍ക്ക് ഡോക്യുമെന്‍ററിയില്‍ ഉപയോഗിക്കണമെന്ന് ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന്‍റെ സാരാംശമായിരുന്നു അത്.

അതേസമയം, ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നുവെന്ന് നയൻസ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അവസാനം ധനുഷിന്‍റെ മാനേജരെ ഞാന്‍ വിളിച്ചു. ആ നാല് വരികള്‍ ഉപയോഗിക്കാനും എന്‍ഒസി തന്നില്ലെങ്കിലും വേണ്ട, ധനുഷുമായി ഒന്ന് കോള്‍ കണക്റ്റ് ചെയ്യാനാണ് ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടത്. പ്രശ്നം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങളോട് എന്താണ് ഇത്ര ദേഷ്യമെന്നും. നയൻ‌താര ചോദിക്കുന്നു.