കൊച്ചി: ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'റൈഫിള്‍ ക്ലബ്ബ്' പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ആദ്യ ഷോകള്‍ കഴിയുമ്പോള്‍ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതായാണ് അഭിപ്രായം. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിന് പിന്നാലെ തന്നെ മികച്ച റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

ശ്രീ ഗോകുലം മൂവീസ് ഡ്രീം ബിഗ് ഫിലിംസ് വഴി വിതരണം ചെയ്യുന്ന ചിത്രം ഇന്നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങി നില്കുകയാണ് ചിത്രത്തില്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അനുരാഗ് കശ്യപിന്റെ മോളിവുഡിലെ അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ റൈഫിള്‍ ക്ലബ്ബ് പ്രേക്ഷകരുടെ കാത്തിരിപ്പിനോട് പൂര്‍ണമായും നീതിപുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസും ചേര്‍ന്നൊരുക്കിയ പടം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നുറപ്പ്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിച്ചത്.

90കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു റൈഫിള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ളതാണ് പ്രമേയം. വയനാട്ടിലെ ഒരു റൈഫിള്‍ ക്ലബ്ബിലേക്ക് സിനിമാനടനായ ഷാജഹാന്‍ എത്തുന്നു. അഭിനയത്തിന്റെ ഭാഗമായി വേട്ടയാടുന്ന രീതിയും ശൈലിയുമൊക്കെ പഠിക്കാനാണ് വരവ്. എന്നാല്‍, അവര്‍ ക്ലബ്ബിലെത്തുന്ന അതേദിവസം തന്നെ അവിടെ ഷാജഹാന്റെ ബന്ധുവായ യുവാവും കൂട്ടുകാരിയായ യുവതിയുമെത്തുന്നു. അവര്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചാണ് അവിടെയെത്തുന്നത്. അതിന്റെ ഭാഗമായി ആ റൈഫിള്‍ ക്ലബ്ബ് ആക്രമിക്കപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുമെന്നുറപ്പ്.

പവര്‍ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലറ്റ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചുനില്‍ക്കുന്നുണ്ട്. റൈഫിള്‍ ക്ലബ്ബിന്റെ സെക്രട്ടറിയായ അവറാനായി ദിലീഷ് പോത്തന്‍ ഗംഭീരമാക്കി. സിനിമയിലുടനീളം ദിലീഷ് പോത്തന്‍ നിറഞ്ഞുനില്‍ക്കുന്നു. വാണിവിശ്വനാഥ്. വിജയരാഘവന്‍, സുരേഷ് കൃഷ്ണ എന്നിവരെല്ലാം തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കി. സുരഭി ലക്ഷ്മി, വിഷ്ണു ആഗസ്ത്യ, വിനീത് കുമാര്‍, ഉണ്ണിമായ, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടെ പ്രകടനങ്ങളും പ്രശംനീയമാണ്.

അതേസമയം മലയാളത്തിലേക്കുള്ള അരങ്ങേറ്റം അനുരാഗ് കശ്യപ് അതിഗംഭീരമാക്കി. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് അവതരിപ്പിച്ചത്. ചിത്രത്തിലുടനീളം പ്രശംസനീയമായിരുന്നു ബോളിവുഡ് സംവിധായകന്റെ പ്രകടനം. വില്ലന്‍ റോളില്‍ ആക്ഷന്‍ കൊണ്ടും ഡയലോഗുകള്‍ കൊണ്ടും കയ്യടി അര്‍ഹിക്കുന്ന അഭിനയമൂഹൂര്‍ത്തങ്ങളുണ്ടായിരുന്നു. മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡും ചിത്രത്തില്‍ വേറിട്ടുനിന്നു.

ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയും മികച്ചതാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിച്ച ചിത്രം കൂടിയാണിത്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. റെക്സ് വിജയന്റെ സംഗീതവും മികച്ചുനില്‍ക്കുന്നു. കഥയുടെ സഞ്ചാരത്തിനൊപ്പം പ്രേക്ഷകനെ കൊണ്ടുപോകുന്നതില്‍ ബാക്കഗ്രൗണ്ട് മ്യൂസിക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍ അടിമുടി ത്രില്ലിങ് പാക്കേജാണ് ആഷിക്ക് അബു സമ്മാനിക്കുന്നത്.