‘എമ്പുരാന്‍’ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും പൃഥ്വിരാജാണ് മാപ്പ് പറയേണ്ടതെന്നും നടന്‍ വിവേക് ഗോപന്‍. ഗോധ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്‌കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാന്‍ കഴിയില്ല. ജിഹാദ് ടെറര്‍ ഗ്രൂപ്പില്‍ നിന്നു പരിശീലനം നേടിയ ആള്‍ രാജ്യസുരക്ഷയ്ക്ക് കാവലാളാകുന്നതായാണ് ചിത്രത്തില്‍ കാണുന്നത്. ഭീകരവാദത്തെ വെള്ളപൂശുന്ന ഭാഗത്തിലൂടെ എന്ത് സന്ദേശമാണ് ഇവര്‍ നല്‍കുന്നത് എന്നാണ് വിവേക് ഗോപന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. കുറച്ചുകാലം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച വ്യക്തി ആയതിനാല്‍ സെന്‍സര്‍ ബോര്‍ഡിനോടുള്ള പ്രതിഷേധം കൂടിയാണ് ഈ കുറിപ്പ് എന്നും നടന്‍ പറയുന്നുണ്ട്.

വിവേക് ഗോപന്റെ കുറിപ്പ്:

ഞാന്‍ ആദ്യ ദിനം തന്നെ ഒരു റിവ്യൂവിന്റെയും പിന്‍ബലം ഇല്ലാതെ എമ്പുരാന്‍ കണ്ടു. സിനിമയെ സിനിമയായി കാണണം, ഇത് ആവിഷ്‌കാര സ്വാതന്ത്ര്യം ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന്റെ ഉള്ളടക്കം ചര്‍ച്ചയാകുമ്പോള്‍ കേള്‍ക്കുന്ന വാക്യമാണിത്.. അതെ സിനിമയെ സിനിമയായി കാണണം.. പക്ഷേ.. സാങ്കല്‍പ്പിക കഥകള്‍ സിനിമയായി വരും പോലെയല്ല ചരിത്ര സംഭവങ്ങള്‍ അഭ്രപാളിയില്‍ എത്തുമ്പോള്‍. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഭഗത് സിംഗ് പങ്കെടുത്തിട്ടില്ല എന്ന് വരുത്തി തീര്‍ക്കുന്ന സിനിമയുമായി ആരെങ്കിലും വന്നാല്‍ സാമാന്യബോധമുള്ള ജനതയ്ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല.. അതുപോലെ ഗോധ്ര ഇല്ലെങ്കില്‍ ഗുജറാത്ത് ഇല്ല എന്നതും വസ്തുതയാണ്.. അല്ലെങ്കില്‍ ഗോധ്ര സംഭവവും ഗുജറാത്ത് കലാപവും ഒന്നുപോലെ കാണിക്കാന്‍ മതേതര ജനാധിപത്യ ബോധമുള്ളവര്‍ എന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അടക്കമുള്ളവര്‍ തയ്യാറാകേണ്ടതല്ലേ?

ഗോധ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്‌കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാന്‍ കഴിയില്ല.. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് ബജ്രംഗി എന്ന പേര് നല്‍കിയതും യാദൃശ്ചികം അല്ല. ഭാരതത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നവരെ ഉള്‍പ്പെടെ തേജോവധം ചെയ്യുകയും ശാന്തമായി നിലനിന്നു പോകുന്ന ഈ രാഷ്ട്രത്തിന്റെ മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്താനുമാണ് ഇത് വളച്ചൊടിച്ചത് എന്ന് ആരെങ്കിലും സ്വാഭാവികമായും സംശയിച്ചാല്‍ കുറ്റം പറയാന്‍ ആകുമോ? ജിഹാദ് ടെറര്‍ ഗ്രൂപ്പില്‍ നിന്നു പരിശീലനം സിദ്ധിച്ചു വന്ന ഒരാള്‍ രാജ്യസുരക്ഷയ്ക്ക് കാവലാളാകും എന്ന് വരുത്തുന്ന തരത്തിലുള്ള ഭീകരവാദത്തെ വെള്ളപൂശുന്ന ഭാഗം കൂടി ചിത്രീകരിച്ചിരിക്കുന്നത് നമുക്ക് ഇവിടെ കാണാം. ഇതിലൂടെ എന്ത് സന്ദേശമാണ് ഇവര്‍ നല്‍കുന്നത്? പക്ഷേ ഇതിനൊക്കെ എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായി എടുത്തു പറയേണ്ടതാണ്.

ടിപി 51 എന്ന സിനിമ എടുത്ത സംവിധായകന് പാതിരാത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങളുമായി താന്‍ താമസിച്ച വീട് വിട്ട് കണ്ണൂരില്‍ നിന്ന് മാറി താമസിക്കേണ്ടി വന്നതുപോലെ പൃഥ്വിരാജിന് ഉണ്ടായില്ല. ലെഫ്റ്റ് ആന്‍ഡ് റൈറ്റ് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ തിയേറ്റര്‍ കത്തിക്കാന്‍ ചിലര്‍ ചെന്ന പോലെ ആരും ഇവിടെ തയ്യാറായില്ല. കേരള സ്റ്റോറി പ്രദര്‍ശന സമയത്ത് കാട്ടിയ ഗുണ്ടായിസം പോലെ ഒരു കാര്യത്തിനും ആരും മുതിര്‍ന്നില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ചിലര്‍ ആഗ്രഹിച്ച പോലെ ഇവിടെ കലാപം ഉണ്ടായില്ല. സഹിഷ്ണുതയോടെ പ്രതിഷേധം രേഖപ്പെടുത്തി നിയമപരമായി നേരിട്ട് അതിന്റെ ഫലമായി തമ്പുരാന് 17 ഓളം കട്ടുകള്‍ ചെയ്യേണ്ടി വന്നു എങ്കില്‍ ചരിത്രത്തെ ഏകപക്ഷീയമായി വളച്ചൊടിച്ചു എന്ന ബോധ്യം ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായി എന്നതല്ലേ സത്യം?

അങ്ങനെയെങ്കില്‍ സ്‌ക്രിപ്റ്റ് കൃത്യമായി വായിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും മോഹന്‍ലാല്‍ എന്ന വ്യക്തിത്വം സാമാന്യ മര്യാദയുടെ പേരില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പ്രകടിപ്പിച്ച ഖേദപ്രകടനം സത്യത്തില്‍ ആദ്യം ചെയ്യേണ്ടത് എല്ലാ കാര്യത്തിലും പ്രതികരിക്കുമെന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അല്ലേ? ഇതിനിടയിലും മറ്റൊരു കാര്യം വിസ്മരിച്ചു കൂടാ ഈ ചിത്രം സെന്‍സറിംഗിന് വന്നപ്പോള്‍ അതിനെ നീതിപൂര്‍വ്വം സെന്‍സര്‍ ചെയ്യാതെ അപ്പ്രൂവ് ചെയ്ത സെന്‍സര്‍ ബോര്‍ഡ് ഈ സമൂഹത്തോട് കാട്ടിയത് അനീതി തന്നെയാണ്. കുറച്ചുകാലം സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ സെന്‍സര്‍ ബോര്‍ഡിനോടുള്ള പ്രതിഷേധം കൂടിയാണ് ഈ കുറിപ്പ്.