മുംബൈ: പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, തന്റെ സൂപ്പർഹിറ്റ് ചിത്രം ‘സർക്കാറിലെ’ പ്രശസ്തമായ ഡയലോഗ് പങ്കുവെച്ച് സംവിധായകൻ രാം ഗോപാൽ വർമ. അധികാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സിനിമയിലെ വരികൾ നിലവിലെ ആഗോള സാഹചര്യത്തിന് അനുയോജ്യമാണെന്ന് വർമ കുറിച്ചു.

"പഴയകാലത്ത് അധികാരമുള്ളവന്റേതായിരുന്നു നീതി. 'സർക്കാർ' സിനിമയിൽ സെൽവർ മണി പറയുന്നതുപോലെ, ആരുടെ കയ്യിലാണോ അധികാരമുള്ളത് അവന്റെ തെറ്റും ശരിയായി മാറും. അതുകൊണ്ട് ഡൊണാൾഡ് ട്രംപ് ശരിയാണ്, കാരണം അദ്ദേഹത്തിന് അധികാരമുണ്ട്," എന്നായിരുന്നു വർമയുടെ എക്സ് പോസ്റ്റ്.

2005-ൽ പുറത്തിറങ്ങിയ ‘സർക്കാർ’ സിനിമയിൽ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ സെൽവർ മണിയാണ് ഈ സംഭാഷണം പറയുന്നത്. മുംബൈയിലെ സമാന്തര ഭരണാധികാരിയായ സുഭാഷ് നഗ്രെയുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ മികച്ച പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

അധികാരമുള്ളവർക്ക് നിയമങ്ങളും ശരിതെറ്റുകളും സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ കഴിയുമെന്ന സിനിമയിലെ രാഷ്ട്രീയ നിരീക്ഷണം നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ പ്രസക്തമാണെന്നാണ് വർമയുടെ പക്ഷം. ഫ്രാൻസിസ് ഫോർഡ് കോപ്പോളയുടെ ‘ദ് ഗോഡ്ഫാദർ’ എന്ന ചിത്രത്തിന്റെ അനൗദ്യോഗിക റീമേക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ഇന്നും ചർച്ച ചെയ്യപ്പെടുന്ന ക്ലാസിക്കുകളിൽ ഒന്നാണ്.