ഹൈദരാബാദ്: സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ രണ്‍ബീര്‍ കപൂര്‍ നായകനായ 'അനിമല്‍' 2023 ഡിസംബറില്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ചിത്രം പുരുഷാധിപത്യ പ്രവണതകളെ വെള്ളപൂശുന്നു എന്നായരുന്നു പ്രധാന ആക്ഷേപം. ഇപ്പോഴിതാ, ഇതേകുറച്ച് തന്റെ അഭിപ്രായം പറയുകയാണ് നടി രശ്മിക മന്ദാന. ചിത്രത്തില്‍ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്.

സിനിമ എങ്ങനെയാണ് കാണേണ്ടത് എന്നതിനെ കുറിച്ച് മോജോ സ്റ്റോറിയോട് സംസാരിക്കുകയായിരുന്നു രശ്മിക. 'നിങ്ങളെ സിനിമ സ്വാധീനിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ കാണുക. ആരും നിങ്ങളെ എല്ലാ സിനിമയും പോയി കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ എല്ലാ സിനിമകളും ബ്ലോക്ബസ്റ്റര്‍ ആകുമായിരുന്നു', എന്നാണ് രശ്മിക പറഞ്ഞത്.

'നമ്മള്‍ എല്ലാവരിലും ഗ്രേ ഷെയിഡുകളുണ്ട്. നമ്മള്‍ ആരും ബ്ലാക് ആന്‍ഡ് വൈറ്റ് അല്ല. സന്ദീപ് റെഡ്ഡി വാങ്ക ഒരു കുഴപ്പക്കാരനായ കഥാപാത്രത്തെ കുറിച്ചാണ് സംസാരിച്ചത്. അത് അത്രയെ ഉള്ളൂ. എനിക്ക് തോന്നുന്നത് ആളുകള്‍ അത് ആഘോഷിച്ചു എന്നാണ്. കാരണം ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു', നടി വ്യക്തമാക്കി.

'ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങള്‍ ഒരു സിനിമ നിര്‍മിച്ചു. ആളുകള്‍ അത് പോയി കാണേണ്ടത് സിനിമയ്ക്ക് വേണ്ടിയാണ്. അല്ലാതെ ആ കഥാപാത്രങ്ങള്‍ ചെയ്ത അഭിനേതാക്കളെ മുന്‍വിധിയോടെ കാണുകയല്ല വേണ്ടത്. അത് അഭിനയമാണ്. ഞങ്ങള്‍ സ്‌ക്രീനില്‍ അഭിനയിക്കുകയാണ്. ഞങ്ങളുടെ വ്യക്തിത്വം വ്യത്യസ്തമാണ്. അഭിനേതാക്കള്‍ വ്യത്യസ്തരാണ്', എന്നും താരം കൂട്ടിച്ചേര്‍ത്തു.