കൊച്ചി: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രൂക്ഷവിമർശനവുമായി അന്തരിച്ച ഹാസ്യനടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. തന്റെ പുതിയ ആൽബത്തിലെ രംഗങ്ങളെ ചൊല്ലി ഉയർന്ന വിമർശനങ്ങൾക്കും ശാന്തിവിള ദിനേശിന്റെ പരിഹാസങ്ങൾക്കും എതിരെയാണ് രേണു സുധി രംഗത്തെത്തിയത്. തന്നെ 'തൈക്കിളവി' എന്ന് വിളിക്കാൻ ശാന്തിവിള ദിനേശ് ആരാണെന്ന് രേണു ചോദിക്കുന്നു. താൻ ദുബായിൽ അശ്ലീല നൃത്തം ചെയ്യുന്ന വീഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തെ രേണു വെല്ലുവിളിയോടെയാണ് നേരിട്ടത്.

തനിക്ക് 34 വയസ്സ് മാത്രമാണുള്ളതെന്നും, അത്തരം പരാമർശങ്ങൾ നടത്താൻ അദ്ദേഹത്തിന് എന്ത് അവകാശമാണുള്ളതെന്നും രേണു സുധി ചോദിച്ചു. 'ഒരു ശാന്തിയുമില്ലാത്ത അപ്പൂപ്പന്' എന്ന് പരിഹാസത്തോടെയാണ് അവർ ദിനേശിനെ അഭിസംബോധന ചെയ്തത്. "ശാന്തിവിള ദിനേശ് അപ്പൂപ്പാ... കുറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ? എന്നെ തൈക്കിളവി എന്ന് വിളിക്കാൻ താൻ ആരാ? എടോ എനിക്ക് 34 വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ അപ്പൂപ്പന് നാണമില്ലേ?" എന്നും രേണു ചോദിച്ചു.

താൻ ദുബായിൽ അശ്ലീല നൃത്തം ചെയ്യുന്ന വീഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തെ രേണു ശക്തമായി നേരിട്ടു. അങ്ങനെയൊന്നുണ്ടെങ്കിൽ അത് പുറത്തുവിടാൻ അവർ വെല്ലുവിളിച്ചു. "ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദുബായിൽ നിന്ന് ആരോ അയച്ചു തന്നു എന്ന് താൻ പറഞ്ഞല്ലോ? ധൈര്യമുണ്ടെങ്കിൽ താനത് സോഷ്യൽ മീഡിയയിൽ ഇടടോ," രേണു പറഞ്ഞു. താൻ ഇപ്പോഴും 'എയറിൽ' തന്നെയാണ് എന്നും തന്നെ പിന്തുണയ്ക്കുന്ന വ്ലോഗർമാർക്ക് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

കൊല്ലം സുധിയുടെ മരണശേഷം ഉപജീവനത്തിനായി അഭിനയരംഗത്ത് സജീവമായ രേണുവിന് ധാരാളം പരിഹാസങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം വിമർശനങ്ങളെയൊന്നും താൻ കാര്യമാക്കാറില്ലെന്നും രേണു വ്യക്തമാക്കി. സിനിമാപ്രവർത്തകരെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും, തന്റെ ഭർത്താവും ഒരു സിനിമാക്കാരനായിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു. തനിക്കനുകൂലമായി സംസാരിക്കുന്ന വ്ലോഗർമാരോട് നന്ദിയുണ്ടെന്നും, എന്നാൽ നെഗറ്റീവ് കമന്റുകൾ പലപ്പോഴും അവരിലൂടെയാണ് കേൾക്കാറുള്ളതെന്നും രേണു കൂട്ടിച്ചേർത്തു.