- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മക്കളെ പട്ടിണിക്കിടാനാവില്ല'; ഇന്റിമേറ്റ് രംഗം ചെയ്തതിന്റെ പേരിൽ മകൻ വിളിച്ചിട്ടില്ല; വസ്ത്രധാരണത്തെ ചൊല്ലി ഉയർന്ന വിമർശനങ്ങൾക്ക് രേണു സുധിയുടെ മറുപടി

കൊച്ചി: തന്റെ വസ്ത്രധാരണത്തെക്കുറിച്ചും ആൽബങ്ങളിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും ഉയരുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് താരവും നടിയുമായ രേണു സുധി. ഇത്തരം വിഷയങ്ങളിൽ തന്റെ മൂത്ത മകൻ കിച്ചു പ്രതികരിച്ചെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ രേണു, വിമർശകരുടെ മക്കളായിരിക്കും വിളിച്ചതെന്ന് പരിഹസിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധിയുടെ പ്രതികരണം.
ഇന്റിമേറ്റ് രംഗങ്ങളുള്ള ആൽബം ചെയ്തതിന്റെ പേരിൽ മകൻ കിച്ചു തന്നെ വിളിച്ചിട്ടില്ലെന്ന് രേണു വ്യക്തമാക്കി. "ആ പറയുന്നവരുടെ മക്കളാകും പ്രതികരിച്ചത്. എന്റെ മകൻ ഞാൻ ചെയ്ത ആൽബങ്ങളെപ്പറ്റിയോ വർക്കുകളെപ്പറ്റിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ദിവസം എന്റെ ഒരാൽബം കണ്ടിട്ട് മനസിലാകാതെ എന്താ അമ്മാ ഇതിന്റെ കഥ എന്നു ചോദിച്ചു വിളിച്ചു. അതല്ലാതെ മറ്റൊന്നും അവൻ ചോദിച്ചിട്ടില്ല," രേണു കൂട്ടിച്ചേർത്തു.
തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങളെയും രേണു തള്ളിക്കളഞ്ഞു. സാരി ഉടുക്കുമ്പോൾ പർദ്ദയോ തോർത്തോ കെട്ടേണ്ടതില്ലെന്ന് അവർ പറഞ്ഞു. "സാരി ഉടുക്കുമ്പോൾ അതിന്റെ മുകളിൽ കൂടി പർദ ഇടണോ? സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. പണ്ടത്തെ സ്ത്രീകൾ തോർത്തും മുണ്ടും ഉടുത്തല്ലേ നടന്നിരുന്നത്? അപ്പോൾ വയർ കണ്ടിട്ടില്ലേ?" രേണു ചോദ്യമെറിഞ്ഞു.
താനും എല്ലാവരെയും പോലെ സന്തോഷങ്ങളും സങ്കടങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനാണെന്ന് രേണു ഓർമ്മിപ്പിച്ചു. ഭർത്താവിന്റെ മരണശേഷം പപ്പക്കും അമ്മക്കും സുഖമില്ലാതിരുന്നതിനാൽ വീട് നോക്കേണ്ട ചുമതല തനിക്കായിരുന്നെന്നും മക്കളെ പട്ടിണിക്കിടാൻ കഴിയില്ലായിരുന്നെന്നും അവർ വെളിപ്പെടുത്തി. ജീവിതം വഴിമുട്ടി നിന്നപ്പോൾ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്താണ് മുന്നോട്ട് വന്നത്. സുധിച്ചേട്ടന്റെ അനുഗ്രഹമാണ് ബിഗ് ബോസ് പോലുള്ള വലിയ ഷോയിലേക്ക് തന്നെ എത്തിച്ചതെന്നും രേണു പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്നവർ എപ്പോഴുമുണ്ടായിരുന്നെന്നും കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും അവർ കൂട്ടിച്ചേർത്തു.


