- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഛെ.. തെറ്റ് ചെയ്തവർ അത് തിരുത്താൻ ശ്രമിക്കണം, ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം'; കരൂരിലുണ്ടായ ദുരന്തത്തിൽ വിജയ്‌യെ വിമർശിച്ച് സത്യരാജ്
ചെന്നൈ: കരൂരിലുണ്ടായ റാലി ദുരന്തത്തിൽ ടിവികെ നേതാവും സിനിമാ താരവുമായ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ സത്യരാജ്. തെറ്റ് ചെയ്തവർ അത് തിരുത്താൻ ശ്രമിക്കണമെന്നും, അറിയാതെ സംഭവിച്ചതാണെങ്കിൽ ഭാവിയിൽ ആവർത്തിക്കാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഛെ" എന്ന് പറഞ്ഞാണ് സത്യരാജ് തന്റെ വിമർശനം അവസാനിപ്പിച്ചത്.
കരൂരിലെ റാലിയിൽ നടന്ന തിക്കിലും തിരക്കിലുംപ്പെട്ട് 39 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വിജയ്‌ക്കെതിരെ വിമർശനം ഉയർന്നുവന്നിരിക്കുന്നത്. സംഭവത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ ആവശ്യപ്പെട്ടിരുന്നു. നടനും ബിജെപി നേതാവുമായ ശരത്കുമാറും വിജയ്‌യെ രൂക്ഷമായി വിമർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നടൻ വിശാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ദുരന്തത്തിൽ പറഞ്ഞറിയിക്കാനാവാത്ത ദുഃഖമുണ്ടെന്ന് വിജയ് ഇന്നലെ പ്രതികരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങളെ സഹായിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, പൊലീസ് അനുമതി ലഭിച്ചാൽ കരൂരിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
കരൂർ ദുരന്തത്തെക്കുറിച്ച് തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണെന്നും, പത്തുപേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരെയും കണ്ടിരുന്നു.