മുംബൈ: സൂര്യ - ജ്യോതിക ദമ്പതികള്‍ കുറച്ചു കാലമായി മുംബൈയിലാണ് താമസം. ഇത്രയും കാലം വീട്ടമ്മയായി കഴിഞ്ഞു കൂടിയ ജ്യോതിക വീണ്ടും വെള്ളിത്തിരയില്‍ സജീവമായതോടെയാണ് മുംബൈയിലേക്ക് താരദമ്പതികള്‍ താമസം മാറിയത്. ഇതടക്കമുള്ള കാര്യങ്ങളെ കുറിച്ചു മനസ്സു തുറന്നിരിക്കയാണ് സൂര്യ ഇപ്പോള്‍. ചെന്നൈ ജീവിതത്തില്‍ നിന്നുള്ള മാറ്റം, തന്നെക്കാള്‍ ജ്യോതിക്കയ്ക്കാണ് വേണ്ടിയിരുന്നതെന്നാണ് സൂര്യ പറയുന്നത്. 'ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ' എന്ന മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ തുറന്നു പറഞ്ഞത്.

ഇതേക്കുറിച്ച് സൂര്യ അഭുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: 'പതിനെട്ടോ പത്തൊമ്പതോ വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ചെന്നൈയിലേക്ക് താമസം മാറിയ ആളാണ് ജ്യോതിക. 27 വര്‍ഷം അവളുടെ ജീവിതം അവിടെയായിരുന്നു. ബാന്ദ്രനഗരത്തിന്റെ എല്ലാ ലൈഫ്സ്‌റ്റൈലും പിന്തുടര്‍ന്നിരുന്ന അവള്‍ എനിക്കും കുടുംബത്തിനുമായി ആ ലൈഫും കരിയറും സുഹൃദ്ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചു. അവളുടെ കരിയറിന് ഒരു പുതിയ തുടക്കം വേണമെന്ന് തോന്നിയത് കൊണ്ട് കൂടിയാണ് മുംബൈയിലേക്കുള്ള പറിച്ചു മാറ്റം- സൂര്യ പറയുന്നു.

ഇപ്പോഴത്തെ മാറ്റം അവള്‍ക്ക് അനിവാര്യമായിരുന്നു എന്നുമാണ് താരത്തിന്റെ പക്ഷം. തനിക്കും ഇതാണ് തോന്നുന്നത്. ശ്രീകാന്ത്, ഷൈത്താന്‍, കാതല്‍ ദി കോര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അവള്‍ ഏറ്റെടുത്തത് മുംബൈയിലേക്ക് മാറിയതില്‍ പിന്നെയാണ്. മുംബൈ അവള്‍ക്കാ പഴയ ജീവിതം തിരിച്ചു നല്‍കിയത് പോലെയാണ് തോന്നുന്നത്. അച്ഛനമ്മമാര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാകുന്നതും, ചെറിയ വെക്കേഷനുകള്‍ക്ക് പോകുന്നതും പഴയ സൗഹൃദങ്ങള്‍ പുതുക്കാനാകുന്നതുമൊക്കെ അവള്‍ക്ക് നല്‍കുന്ന ആനന്ദം ചെറുതല്ല.- സൂര്യ പറഞ്ഞു.

സാമ്പത്തികമായുള്ള സ്വാതന്ത്ര്യവും ബഹുമാനവും ഒക്കെ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ആസ്വദിക്കുന്നുണ്ട്. അത് ഞാന്‍ ഇപ്പോളാണ് തിരിച്ചറിയുന്നത്. ഞാന്‍, എന്റെ സിനിമ, എന്റെ ലോകം എന്നിവയില്‍ നിന്ന് മാറി നമ്മുടെ കൂടെയുള്ളവരുടെ വളര്‍ച്ചയ്ക്ക് ശ്രദ്ധ കൊടുക്കേണ്ടതും വളരെ അനിവാര്യമാണ്. എന്തിനാണ് നമുക്കായി നാം മറ്റുള്ളവരുടെ ജീവിതം വിലയ്ക്കെടുക്കുന്നത്. കരിയറില്‍ അവളുടെ വളര്‍ച്ച കണ്ട് ഒരുപാട് സന്തോഷിക്കുന്നുണ്ട് താനെന്നും സൂര്യ പറഞ്ഞു.

കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാളാണ് ജ്യോതിക.ഞാന്‍ പരിചയസമ്പത്തുള്ള സംവിധായകരെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ തുടക്കക്കാരെയാകും ജ്യോതിക പരിഗണിക്കുക. അതൊക്കെ അഭിനേത്രി എന്ന നിലയില്‍ അവളുടെ വളര്‍ച്ച കൂടിയാണ്. അവള്‍ക്കിനിയും നല്ല നല്ല ഓഫറുകള്‍ ലഭിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ'.

മുംബൈയിലേക്കുള്ള കൂടുമാറ്റം വ്യക്തിജീവിതത്തെ എങ്ങനെ മാറ്റിയെടുത്തു എന്നും അഭിമുഖത്തില്‍ സൂര്യ പങ്കു വയ്ക്കുന്നുണ്ട്. കുട്ടികളെയും കൂട്ടി പാര്‍ക്കിലും ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനുമൊക്കെ കൊണ്ടു പോകാനാകുന്നതും ചെറിയ ഔട്ടിംഗുകളുമെല്ലാം ചെന്നൈയില്‍ ആസ്വദിക്കാനായിരുന്നില്ലെന്നാണ് സൂര്യ പറയുന്നത്. കുട്ടികള്‍ക്ക് തെരുവിലിറങ്ങി മറ്റ് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയണമെന്നും അതിന് മുംബൈ ഒരു നല്ല തിരഞ്ഞെടുപ്പായിരുന്നെന്നും സൂര്യ പറയുന്നു.

കോവിഡ് സമയത്താണ് സൂര്യയും ജ്യോതികയും മുംബൈയിലേക്ക് താമസം മാറുന്നത്. 2006ല്‍ വിവാഹത്തിന് ശേഷം ചെന്നൈയില്‍ തന്നെയായിരുന്നു ഇരുവരും. കുറച്ചുകാലമായി കുട്ടികളമൊത്ത് മുംബൈയിലാണ് ഇരുവരുടെയും താമസം.