പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ രമേശ് പിഷാരടിയെക്കുറിച്ച് രസകരമായ നിരീക്ഷണങ്ങളുമായി സുഹൃത്തും സഹപ്രവർത്തകനുമായ ടിനി ടോം. തിരഞ്ഞെടുപ്പ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് പിഷാരടിയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ടിനി മനസുതുറന്നത്. രാഷ്ട്രീയക്കാരന് അത്യാവശ്യം വേണ്ട ഗുണം ക്ഷമയാണെന്നും അത് പിഷാരടിക്ക് ആവശ്യത്തിലധികമുണ്ടെന്നും ടിനി പറഞ്ഞു. പിഷാരടി ഇനി 'പെടുമോ' എന്ന ചോദ്യത്തിന് തമാശരൂപേണയായിരുന്നു ടിനിയുടെ മറുപടി.

"പിഷാരടി മുൻപ് ഉദ്ഘാടനങ്ങൾക്കെല്ലാം നല്ല പ്രതിഫലം വാങ്ങിയിരുന്നതാണ്. ഇനിയിപ്പോൾ സ്ഥാനാർത്ഥിയായി ജയിച്ചു കഴിഞ്ഞാൽ ഉദ്ഘാടനത്തിന് പോകുമ്പോൾ കാശ് വാങ്ങാൻ പറ്റില്ലല്ലോ," ടിനി ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരിച്ച നടൻ ഇന്നസെന്റ് പണ്ട് തന്നോട് പങ്കുവെച്ച ഒരു അനുഭവവും ടിനി ഇതിനോട് ചേർത്ത് ഓർത്തെടുത്തു. "പണ്ട് ലക്ഷങ്ങൾ കിട്ടിയിരുന്ന സ്ഥാനത്താണ്. ഇപ്പോൾ രാവിലെ വന്ന് ഇലക്ട്രിക് ശ്മശാനമൊക്കെ ഉദ്ഘാടനം ചെയ്യാൻ വിളിക്കും. അവിടെ പോയിട്ട് എന്താണ് പറയുക? ഒരുപാട് പേർ മരിക്കട്ടെ എന്നോ? പത്ത് പൈസ കിട്ടുകയുമില്ല, ആളുകളുടെ പ്രാക്ക് കിട്ടുകയും ചെയ്യും എന്നായിരുന്നു ഇന്നസെന്റ് ചേട്ടൻ പറഞ്ഞിരുന്നത്."

തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ടിനി ടോം വ്യക്തമാക്കി. പഞ്ചായത്ത് മെമ്പർമാരുടെ വരെ കഷ്ടപ്പാട് തനിക്ക് അറിയാമെന്നും വീടിന് മുന്നിൽ പരാതികളുമായി എത്തുന്നവരെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. "പിഷാരടി നല്ല മനസ്സിന് ഉടമയാണ്. അവന് അങ്ങേയറ്റത്തെ ക്ഷമയുണ്ട്. ദേഷ്യം വരാൻ അവൻ മരുന്ന് കഴിക്കുന്നുണ്ടോ എന്ന് പോലും സംശയിക്കണം, അത്രയ്ക്ക് ശാന്തനാണ്. ആ ക്ഷമ രാഷ്ട്രീയത്തിൽ അവന് തുണയാകും. അവൻ ജയിച്ചാൽ അത് എന്റെ കൂടി ഭാഗ്യമാണ്," ടിനി ടോം കൂട്ടിച്ചേർത്തു.