കൊച്ചി: ആദ്യ സിനിമയുടെ പരാജയം വ്യക്തിജീവിതത്തിലുണ്ടാക്കിയ നിരാശയെയും അതിൽ നിന്ന് കരകയറാൻ സഹായിച്ച അനുഭവത്തെയും കുറിച്ച് സംവിധായകൻ വിനയ് ജോസ്. 'ഉള്ളിലെ അഹം' എന്ന അഹങ്കാരത്തിന് ലഭിച്ച വലിയൊരു പ്രഹരമായിരുന്നു ആദ്യ ചിത്രത്തിന് ലഭിച്ച പ്രതികരണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'ആപ്പ് കൈസേ ഹോ' എന്ന സിനിമയുടെ സംവിധായകനാണ് വിനയ് ജോസ്.

വിനയ് ജോസിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഉള്ളിലെ അഹം എന്ന അലങ്കാരത്തിന് ചുറ്റിക കൊണ്ട് കിട്ടിയ പ്രഹരമായിരുന്നു ആദ്യ സിനിമയുടെ റിസൾട്ട്. സിനിമയുടെ ബിഫോർ റിലീസ് ജീവിതവും ആഫ്റ്റർ റിലീസ് ജീവിതവും, വെളിച്ചമില്ലാത്ത അവസ്ഥ തന്നെയാണ്. ഇരുട്ട് എന്ന സത്യത്തിലേക്ക് ചുറ്റുപാടുകൾ കൊണ്ട് ചെന്നെത്തിച്ചിരുന്നു... സൗഹൃദങ്ങൾ ക്ഷയിച്ചു.. തേടിയുള്ള വിളികൾ കുറഞ്ഞു... അധികം പുറത്തേക്ക് ഇറങ്ങാതെയായി.. ജീവിതം മടുപ്പിക്കുന്ന ഒരു ഡ്രാമ ക്‌ളീഷേ സിനിമ പോലെ ആയി.. അങ്ങനെ എന്നത്തേയും പോലെ രാവിലെ തന്നെ ഫുഡും കേറ്റി അത്യാവശ്യത്തിനുള്ള പുച്ഛോം ഏറ്റു വാങ്ങി ഓസ്കാർ നേടാനുള്ള കുറുക്കു വഴികളുടെ യൂട്യൂബ് വീഡിയോ കണ്ടു റൂമിൽ ഇരിക്കുമ്പോൾ... മോള് വന്നു വാതിലിൽ തട്ടി... യുട്യൂബ് കാണനുള്ള സ്ഥിരം വരവാണെന്ന് വെച്ച് നടക്കില്ല അപ്പക്ക് ഈ ലോകം വെട്ടിപിടിച്ചു പുച്ഛിച്ചവരുടെ മുന്നിൽ ഓസ്കാർ പിടിച്ചു നിൽക്കാനുള്ളതാണ് എന്ന് പറഞ്ഞു വിരട്ടി വിടാൻ വാതിൽ തുറന്നപ്പോൾ

"അപ്പേ.. സാറിനെ അന്വേഷിച്ചു ഒരു ചേട്ടൻ പുറത്തു വന്ന് നിൽക്കുന്നു...."

"സാറോ...? മോളെ അത് സാറായ നിന്റെ അപ്പാപ്പനോട് ചെന്ന് പറ.."

"വിനയ് സാറെന്നു അപ്പേടെ പേരല്ലേ.... അപ്പൊ അപ്പയെ തന്നെയാ.."

വിനയ് സാറോ... ഓ മൈ ഗോഡ്... പിന്നെ ഒട്ടും അമാന്തിച്ചില്ല ആ മഹാനെ കാണാൻ അടിയിലോട്ടു ഓടി... ഈ സാഹചര്യത്തിൽ സാറെന്നൊക്കെ വിളിച്ചു ഒരാള് വന്നേക്കല്ലേ.. ആദ്യം പുള്ളിയെ ഒന്ന് കാണട്ടെ... പാതി മറഞ്ഞ വാതിലിന്റെ മറുവശത്തു കസേരയെ ഒട്ടും വേദനിപ്പിക്കാതെ ഇരിക്കുന്ന ആ പുള്ളിയെ ഞാൻ കണ്ടു... ബെസ്റ്റ് ആക്ടർ സിനിമയിലെ പാട്ടിൽ പറഞ്ഞത് പോലെ...

"സ്വപ്നം ഒരു ചാക്കും.. തലയിൽ അത് താങ്ങി ഒരു പോക്കുമായി ഒരുത്തൻ..."

"സാറെ എന്ന മനസ്സിലായോ...?"

ദേ വീണ്ടും സാറ്...

"ഇല്ല എനിക്ക് കിട്ടിയില്ല..."

"ഞാൻ ചാൻസ് ചോദിച്ച് ഇടയ്ക്ക് വിളിക്കാറുണ്ട്... കഴിഞ്ഞ ആഴ്ച വിളിച്ചിരുന്നു.... സാറെ സുഖാണോന്നു ചോദിച്ചപ്പൊ ഇപ്പോ അത്രയ്ക്ക് സുഖമില്ലാന്നു പറഞ്ഞു കട്ട് ചെയ്തു..."

ആ ഇപ്പൊ കിട്ടി..!

"അതിനു നിന്റെ വീട് ഇടുക്കി എങ്ങാണ്ടും അല്ലെ...."

"അതെ സാറെ.."

"ഇവിടെ എന്തേലും ആവശ്യത്തിന് വന്നതാണോ...?"

"അല്ല സാറിനെ കാണാൻ വന്നതാ..."

"ഏഹ്ഹ് അവിടന്ന് എന്നെ കാണാൻ മാത്രം വന്നതോ... തലയ്ക്കു എന്തേലും ഓളം ഉണ്ടോ നിനക്ക് ... എടാ ഞാൻ ഇനി സിനിമ ചെയ്യൊന്നു പോലും ഉറപ്പില്ല... ആ എന്നെയൊക്കെ അന്വേഷിച്ചു ഇത്ര ദൂരം വന്ന നിന്റെയൊക്കെ ഗതികേട്..."

"സാറ് അന്ന് അങ്ങനെ പറഞ്ഞപ്പോൾ സാറിന്റെ സിനിമയിൽ അഭിനയിപ്പിക്കല്ലെന്നു വിചാരിച്ചു... കുറെ വർഷായിട്ട് നടക്കണതാ സാറെ വല്ലപ്പോഴും ആണ് പടം തുടങ്ങട്ടെ നമുക്ക് റെഡിയാക്കാം എന്ന് ആരേലും പറയണത്... അതും വെറുപ്പിച്ചു കളഞ്ഞൂന്നു വിചാരിച്ചിട്ട് കിടന്നിട്ടു ഉറക്കം കീട്ടണില്ല... സാറിനു എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ...?"

"എടാ അത് ആ സമയത്തു ചിലപ്പൊ പെട്ടന്ന് പറഞ്ഞതാകും... അല്ലാതെ... ദേഷ്യമൊന്നും ഉണ്ടായിട്ടല്ല.. പിന്നെ നിന്റെ സാറുവിളി നല്ല ദേഷ്യം ഇണ്ടാക്കുന്നുണ്ട്..."

എല്ലാരേം വിളിച്ചു ശീലമായി അതങ്ങനയെ വരൂ സാറേ.. അവൻ ബാഗിൽ നിന്നും ഒരു കവർ എടുത്തു തുറന്നു.... ഒരു ഡയറി മിൽക്കിന്റെ മിഠായിയെടുത്തു എനിക്ക് തന്നു... "സാറിടുന്ന മോൾടെ വീഡിയോസ് ഒക്കെ കാണാറുണ്ട് മോൾക്ക് വേണ്ടി വാങ്ങിയതാ..."

സത്യത്തിൽ അപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു.... അവൻ എണീറ്റ് പുറത്തേക്കു ഇറങ്ങി...

"എടാ ഞാൻ ഇനി ഒരു പടം ചെയ്യാണെങ്കിൽ അതിൽ സംസാരിക്കുന്ന ഒരു റോള് നിനക്ക് എന്തായാലും ഉണ്ടാകും... "

"ഓഹ്‌ സമാധാനമായി സാറെ... ഇനിയിപ്പോ പുതപ്പു മൂടി കണ്ണടച്ച് കിടക്കുമ്പോൾ ഉറങ്ങാൻ പറ്റും.. അമ്മയും അനിയത്തിയും എന്തെങ്കിലും മിണ്ടാൻ വരുമ്പോൾ അവരോടു ദേഷ്യപ്പെടാതിരിക്കാൻ പറ്റും... ഒരുപാട് നന്ദിയുണ്ട് സാറെ..... ഞാൻ പ്രാർത്ഥിക്കാം..."

നിർബന്ധിച്ചപ്പോൾ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചു അവൻ പോയി... നടന്നകലുന്ന അവന്റെ കയ്യുടെ ചലനം കണ്ടാലറിയാം.. അവന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നേടിയെടുക്കാനുള്ള ഓട്ടത്തിന്റെ വേദനയുടെ കണ്ണീരു തുടച്ചതാണെന്നു.. എനിക്കൊട്ടും പ്രതീക്ഷ ഇല്ലാതെ ഞാൻ പറഞ്ഞ എന്റെ ആ ഒറ്റ വരി ഡയലോഗിന് ഒരുത്തനു സുഖമായി ഉറങ്ങാൻ പറ്റുമെങ്കിൽ അവന്റെ അമ്മയ്ക്കും അനിയത്തിക്കും സന്തോഷം കൊടുക്കാൻ പറ്റിയെങ്കിൽ.... എന്റെയൊന്നും സാങ്കടോം നിരാശയും ഒരു കോപ്പുമല്ലന്നു... ദൈവം ഇടുക്കിയിൽ നിന്ന് വണ്ടീം കേറി വന്നു ഒരു മിഠായി തന്ന് എല്ലാ കയ്പ്പുകളും ഒരിക്കൽ മധുരമാകും എന്ന് പറഞ്ഞതാണെന്ന് എനിക്ക് തോന്നി.