- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണം അമേരിക്കയിൽ ഇരുന്ന് നിയന്ത്രിക്കും; ഓൺലൈനായി ബുധനാഴ്ചകളിൽ മന്ത്രിസഭായോഗം ചേരും; ഇ ഫയലിങ് വഴി അത്യാവശ്യ ഫയലുകളിൽ തീരുമാനം എടുക്കും; മയോ ക്ലിനിക്കിൽ ഈ മാസം 15 ന് തുടർചികിത്സയ്ക്കായി പോകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതല കൈമാറില്ല
തിരുവനന്തപുരം: അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പകരം ഓഫീസ് ചുമതല ആർക്കു നൽകും? സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ തുടങ്ങിയവരാണ് മന്ത്രിസഭയിലെ മുതിർന്നവർ. ഇവർക്ക് ആർക്കെങ്കിലും ചുമതല കൈമാറുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ശ്രുതി. എന്നാൽ, മുഖ്യമന്ത്രി ചുമതല മറ്റാർക്കും കൈമാറില്ല. ഓൺലൈനായി ബുധനാഴ്ചകളിലെ പതിവു മന്ത്രിസഭായോഗം ചേരും. ഇ- ഫയലിങ് വഴി അത്യാവശ്യ ഫയലുകളിൽ തീരുമാനമെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ പിണറായി വിജയൻ ഇക്കാര്യത്തിൽ സൂചന നൽകിയതായി അറിയുന്നു.
അടുത്ത മന്ത്രിസഭാ യോഗം 19 നു ഓൺലൈനായി ചേരുമെന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടു അവിടെ നിന്നാണു മുഖ്യമന്ത്രി ഓൺലൈൻ മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിച്ചത്. മുഖ്യമന്ത്രി വിദേശത്തേയ്ക്കു പോകുന്നതിനു മുന്നോടിയായി ചേർന്ന മന്ത്രിസഭായോഗത്തിൽ 38 അജൻഡാ വിഷയങ്ങളാണു പരിഗണിച്ചത്.
ഈമാസം 15 നാണ് തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോകുന്നത്. 29 നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് അടക്കം എല്ലാ ചെലവും സർക്കാർ വഹിക്കുമെന്നു വ്യക്തമാക്കി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി എം.സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കും. നേരത്തെ ഒരാഴ്ച്ച മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഖ്യമന്ത്രി. ഏതാനും ദിവസങ്ങളായി അദ്ദേഹം അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ട് തന്നെ രാഷ്ട്രപതി കേരളത്തിൽ എത്തിയപ്പോൾ ചില ചടങ്ങുകളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ നാളായി സ്ഥിരം ചികിൽസിക്കുന്നത് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ്. എല്ലാ വർഷവും ചികിൽസയുടെ ഭാഗമായുള്ള പതിവ് പരിശോധനകൾക്ക് മുഖ്യമന്ത്രി ചെന്നൈയിൽ എത്താറുണ്ട്. അത്തരത്തിലെ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം ചെന്നൈയിൽ പോയിരുന്നത്. അവിടെ നിന്നുള്ള തുടർ നിർദ്ദേശപ്രകാരമാമണ് വീണ്ടും അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സക്ക് പോകുന്നത് എന്നാണ് അറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ