- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാൻ കെ സുധാകരന്റെ തീരുമാനം; ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ തയ്യാറായതോടെ മഞ്ഞുരുകൽ; ഡിസിസി പുനഃസംഘടനയുമായി നേതാക്കൾക്ക് സഹകരിക്കും; പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ മുതിർന്ന നേതാക്കൾ സഹകരിക്കും. കെ സുധാകരനുമായി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഇരു നേതാക്കളും സഹകരിക്കാൻ തയ്യാറായത്. പുതിയപഴയ നേതൃത്വങ്ങൾ തമ്മിൽ നടന്ന ചർച്ചയിൽ മഞ്ഞുരുകി. ഡിസിസി പുനഃസംഘടനയോടു സഹകരിക്കാമെന്ന നിലപാടിലേക്ക് എഐ ഗ്രൂപ്പുകൾ എത്തി.
ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച ഹൃദ്യവും സ്വീകാര്യവും ആയെന്ന വിലയിരുത്തലാണ് ഗ്രൂപ്പുകൾക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇരു നേതാക്കളെയും വിശ്വാസത്തിലെടുക്കാൻ ശ്രമം നടത്തി. ഇരു നേതാക്കൾക്ക് ഒപ്പം നിൽക്കുന്ന പ്രധാനപ്പെട്ടവരുമായും ഇവർ ആശയവിനിയമം നടത്തി.
കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു. നിർദേശങ്ങൾ അഞ്ചംഗ സമിതി പരിശോധിച്ചു കരട് മാർഗരേഖ തയാറാക്കി. ഇതിനു കെപിസിസിയുടെ അംഗീകാരം ലഭിച്ചാൽ ചാർജുള്ള ജനറൽ സെക്രട്ടറിമാർക്കും ഡിസിസി പ്രസിഡന്റുമാർക്കും കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിലെത്തി എത്രയും വേഗം ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കൈമാറാൻ ആവശ്യപ്പെടും. പട്ടിക വേഗത്തിൽ കെപിസിസി പരിശോധിച്ച് അന്തിമമാക്കും.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നും അച്ചടക്കസമിതി രൂപീകരിക്കണമെന്നും ഉള്ള നിർദേശങ്ങളും നേതൃത്വം അംഗീകരിച്ചു. ഏകപക്ഷീയമായ അച്ചടക്ക നടപടികൾ വർധിക്കുന്നതിനാൽ അച്ചടക്കസമിതി രൂപീകരിക്കണമെന്ന ആവശ്യം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉന്നയിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും സംബന്ധിച്ച ശുപാർശ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലകളിൽ നിന്നു ലഭിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വൈകാതെ പ്രഖ്യാപനം നടത്തും. കെപിസിസി സെക്രട്ടറിമാരെ അതിനു ശേഷം നിശ്ചയിക്കും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി ആദ്യം നടക്കും. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സന്ദർശിച്ചു സംസാരിച്ചു. കോൺഗ്രസിനായി ജീവിതം സമർപ്പിച്ച സീനിയർ നേതാക്കളാണ് രണ്ടു പേരും. തങ്ങളുടെയെല്ലാം ഹൃദയങ്ങളിൽ അവർക്കു സ്ഥാനമുണ്ട്. യോജിപ്പും വിയോജിപ്പും ഉണ്ടാകുന്നത് അനാദരവല്ല. അവർക്ക് അഹിതമായ ഒരു പെരുമാറ്റവും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ