തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസ്താവനയെ തുടർന്ന് സൗഹാർദാന്തരീക്ഷം നിലനിർത്താൻ മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെന്ന കുറ്റപ്പെടുത്തലോടയാണ് ഇരുവരും വാർത്താസമ്മേളനം തുടങ്ങിയത്. സർക്കാർ മുൻകൈയെടുത്ത് മത, സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്ന് പലതവണ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുവരെ അതിനുള്ള ശ്രമം സർക്കാർ തുടങ്ങിയില്ലെന്നും തങ്ങൾക്ക് മറുപടി നൽകിയില്ലെന്നും ഇരുവരും വ്യക്തമാക്കി.

വർഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം കോൺഗ്രസ് തുടരുകയാണ്. കെപിസിസി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കും. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. ഇനിയും തന്നെ സർക്കാർ ഇതിന് മുൻകൈ എടുത്താൽ തങ്ങൾ അതുമായി സഹകരിക്കുമെന്നും ഇരുവരും അറിയിച്ചു.

ബിഷപ്പിന്റെ പ്രസ്താവനയുടെ വിപത്തിനെക്കുറിച്ച് ആഴത്തിൽ ആലോചിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ തയ്യാറായില്ലെങ്കിലും കോൺഗ്രസ് പ്രശ്‌ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവൻ പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെ സന്ദർശിച്ചപ്പോൾ പോരിനെന്ന പോലെയാണ് വാസവനെ അങ്ങോട്ടയച്ചതെന്നും സുധാകരൻ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.  ഓൺലൈൻ മാധ്യങ്ങൾക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ല. പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശൻ പറഞ്ഞു.