കണ്ണൂർ: കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ കോൺഗ്രസുകാർ മത്സരിക്കാൻ ഇറങ്ങിയാൽ അതിന്റെ പ്രതിഫലമായി ചിലപ്പോൾ ജീവൻ പോലും പോകുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടാണ് പലപ്പോഴും അവിടെ ഏകാധിപത്യം അരങ്ങേറുന്നത്. എന്നാൽ, ഇക്കുറി സിപിഎമ്മിന്റെ കോട്ടകളിൽ ചില കോൺഗ്രസുകാർ വിജയിച്ചു കയറിയിരുന്നു. കണ്ണൂർ കൂടാളിയിൽ ഇത്തരത്തിൽ വിജയിച്ചു വന്ന കോൺഗ്രസ് മെമ്പറെ ക്രൂരമായി മർദ്ദിച്ചു കൊണ്ടാണ് സിപിഎം പകപോക്കിയത്.

കൂടാളിയിൽ 47 വർഷമായി സിപിഎം ജയിച്ച വാർഡ് പിടിച്ചെടുത്തതിന്റെ പ്രതികാരമായാണ് കോൺഗ്രസ് മെമ്പറെ ക്രൂരമായി മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. പരാതിയിൽ അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. നേതൃത്വത്തിന് പങ്കില്ലെന്നും പാർട്ടി അനുഭാവികൾ നടത്തിയ അക്രമം ആകാമെന്നുമാണ് സിപിഎം വിശദീകരണം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ഡിസംബർ പതിനാറാം തീയതി നടന്ന അക്രമത്തിന്റെ ദൃശമാണ് ഇപ്പോൾ പുറത്തുവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മനോഹരൻ നന്ദി വോട്ടർമാർക്ക് പറയാൻ വീടുകളിൽ കയറുന്നതിനിടെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയായിരുന്നു. മെന്പർ വന്ന കാറും സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന് വൻ സ്വാധീനമുള്ള കൂടാളിയിലെ പതിമൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തതിന്റെ വൈരാഗ്യം കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് വാർഡ് മെമ്പർ മനോഹരൻ പ്രതികരിച്ചു.

മനോഹരന്റെ പരാതിയിൽ നാല് സിപിഎം പ്രവർത്തകരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയാട് സ്വദേശികളായ കൊവുമ്മൽ വിജേഷ്, സായൂജ് ഉൾപ്പടെ നാല് പേരെയാണ് പിടികൂടിയത്. ഇവരെ നിസാര കുറ്റങ്ങൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയാണ് പൊലീസ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ആക്രമിച്ചവർ തങ്ങളുടെ പ്രവർത്തകർ അല്ലെന്നാണ് സിപിഎം വാദം.