- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാലിക്കുട്ടി മോഡൽ തിരിച്ചു വരവിന് കെ മുരളീധരനും അടൂർ പ്രകാശും; എംപി സ്ഥാനം മടുക്കുമ്പോൾ മനസ്സിൽ കാണുന്നത് മന്ത്രിസ്ഥാനം; കെ സുധാകരന്റെ മനസ്സും മോഹിക്കുന്നത് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹം ഹൈക്കമാണ്ടിനെ അറിയിക്കാൻ സുധാകരനും മുരളീധരനും അടൂർ പ്രകാശും; കോന്നിയും വട്ടിയൂർക്കാവും തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ അനിവാര്യതയെന്ന വിലിയിരുത്തലും സജീവം; എംപിമാർ വീണ്ടും എംഎൽഎമാരായേക്കും
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാൻ പോയ മുസ്ലിംലീഗിന്റെ ദേശീയ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ പ്രഖ്യാപനത്തിന് പിന്നിൽ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് കേരളത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനമാണ്. കാര്യങ്ങൾ സങ്കീർണമായാൽ സിഎച്ച് മുഹമ്മദ് കോയക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം കൂടി ലീഗ് കുഞ്ഞാലിക്കുട്ടിയിലൂടെ നോട്ടമിടുന്നുണ്ട്. സംസ്ഥാന സർക്കാറിനെതിരായ ജനവികാരം ഉള്ളതുകൊകണ്ട് യുഡിഎഫിന് അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ്.
എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് പാണക്കാട് തങ്ങൾ പച്ചക്കൊടി കാട്ടിയതോടെ സമാനമായ ആവശ്യങ്ങൾ കോൺഗ്രസിനുള്ളിലും ഉയർന്നു കഴിഞ്ഞു. പ്രധാനമായും മൂന്ന് നേതാക്കളാണ് ഈ താൽപ്പര്യത്തിന് മുന്നിൽ നിൽക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ച് കേരളത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നത് കെ സുധാകരൻ, അടൂർ പ്രകാശ്, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വത്തോട് താത്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. കെ. മുരളീധരനും അടൂർ പ്രകാശും ഇതേ കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായാണ് അറിയുന്നത്. കോന്നി മണ്ഡലം തിരിച്ചു പിടിക്കാൻ തന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് അടൂർ പ്രകാശ് പറയുന്നത്. സമാനമായ കാര്യമാണ് വട്ടിയൂർക്കാവിന്റെ കാര്യത്തിൽ കെ മുരളീധരൻ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താൽപ്പര്യം മുന്നിൽ കണ്ടാണ് താൻ വടകരയിൽ മത്സരിച്ചതെന്നാണ് മുരളീധരൻ പറയുന്നത്. അന്ന് പാർട്ടി പറഞ്ഞത് താൻ ചെവിക്കൊണ്ടു. ഇപ്പോൾ ദേശീയ തലത്തിൽ തന്റെ സാന്നിധ്യം അനിവാര്യം അല്ലെന്നും മുരളീധരൻ പറുയന്ന്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടണമെങ്കിൽ മുതിർന്ന നേതാക്കൾ കേരളത്തിലേക്ക് മടങ്ങിയെത്തണമെന്ന് കെ.വി തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ അധികാരം പിടിക്കാൻ കരുത്തരായ സ്ഥാനാർത്ഥികൾ വേണം. അതുകൊണ്ട് കോൺഗ്രസിന് നഷ്ടമായ ഉറച്ച സീറ്റുകൾ വീണ്ടും തിരിച്ചു പിടിക്കാൻ കരുത്തൽ തന്നെ വേണ്ടി വരുമെന്ന പൊതുവികാരം ഉയരുന്നുണ്ട്. ഇത് കേന്ദ്രനേതൃത്വം ഗൗരവമായി പരിഗണിക്കുമെന്നാണ് അറിയുന്നത്. അതേസമയം, കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താൻ പി കെ കുഞ്ഞാലിക്കുട്ടി എംപി തയ്യാറെടുക്കുന്നതിന് പിന്നാലെയാണ് മറ്റ് മൂന്ന് എംപിമാർ കൂടി എത്തുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയിരുന്നു.
നിലവിൽ കെ. മുരളീധരൻ വട്ടിയൂർകാവിലും അടൂർ പ്രകാശ് കോന്നിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം ഇല്ലാഞ്ഞിട്ടും പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമായിരുന്നു സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതുകൊണ്ട് തന്നെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന കോൺഗ്രസിലേക്ക് മടങ്ങാനുള്ള അവസരം തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടാൽ ഹൈക്കമാൻഡ് അത് നിരാകരിക്കില്ലെന്നാണ് സൂചന. അടൂർ പ്രകാശിന്റേയും കെ. മുരളീധരന്റേയും കാര്യത്തിൽ സമാനമായ നിലപാട് തന്നെ കേന്ദ്രനേതൃത്വം സ്വീകരിച്ചേക്കും.
എംപിമാർ ഒഴിയുന്ന മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും അവിടെ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും കോൺഗ്രസിന് തന്നെ സീറ്റുകളിൽ തിരികെയത്താനുള്ള സാഹചര്യം ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വത്തെ നേതാക്കൾ അറിയിച്ചിട്ടുണ്ടെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് ഒരു സംസ്ഥാനത്ത് കൂടി ഭരണം പിടിക്കുക എന്നത് ഈ ഘട്ടത്തിൽ പ്രധാനമാണ്. മാത്രമല്ല കോൺഗ്രസ് നേതാവ് രാഹുലിന്റെ മണ്ഡലം ഉൾപ്പെടുന്ന കേരളത്തിൽ ഭരണം തിരിച്ചുപിടിച്ചാൽ അത് വലിയ രീതിയിലുള്ള നേട്ടമായി പിന്നീട് മാറുമെന്ന് ഹൈക്കമാൻഡ് കണക്കുകൂട്ടിയിട്ടുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന ചർച്ചകളും ഇതോടൊപ്പം ഉയരുന്നുണ്ട. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിജയമായി മാറിയിട്ടുള്ള രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ് കൂടുതൽ സാധ്യതയെങ്കിലും ഉമ്മൻ ചാണ്ടിയും സജീവമായി മത്സര രംഗത്തുണ്ടാകും.
അവസാന കാലത്ത് ഉണ്ടായ വിവാദങ്ങൾ ഇടതുപക്ഷത്തെ വരിഞ്ഞു മുറുക്കുന്ന സാഹചര്യത്തിൽ യുഡിഎഫിന് അനുകൂലമായുള്ള കളം സൃഷ്ടിക്കാൻ മികച്ചവർ തന്നെ മത്സര രംഗത്ത് ഉണ്ടാകണമെന്ന വിലയിരുത്തലുകളുണ്ട്. ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായെങ്കിലും അവയെയെല്ലാം അതിജീവിച്ച് കയറിയെങ്കിലും സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളിൽ ഉണ്ടായിരിക്കുന്ന പതർച്ച മുതലെടുക്കാൻ ചെന്നിത്തലയിലെ പ്രതിപക്ഷ നേതാവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫിലേക്ക് മറിഞ്ഞുപോയ വോട്ടുകൾ വ്യാപകമായി തിരിച്ചു പിടിക്കാനായാലേ യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയൂ. അതുകൊണ്ട് കരുത്തർ തന്നെ കളത്തിലിറങ്ങണമെന്നാണ് ആവശ്യം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് തയ്യാറെടുക്കും. അപ്പോഴേ ആരൊക്കെ മത്സര രംഗത്ത് ഉണ്ടാവണം എന്ന കാര്യത്തിൽ തീരുമാനം എടുക്കൂ. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പള്ളി മത്സരിക്കുമെന്ന് ഉറപ്പൊന്നുമില്ല. എന്നാൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ നിൽക്കാൻ നിർബ്ബന്ധിതമായാൽ വടകരയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ അദ്ദേഹം ജനവിധി തേടിയേക്കാം. ലോക് താന്ത്രിക് ജനതാദൾ സീറ്റ് തിരിച്ചു നൽകിയ സാഹചര്യത്തിൽ കൽപ്പറ്റയ്ക്കായി മുസൽംലീഗ് അവകാശം ഉന്നയിക്കുന്നതിനാൽ മുല്ലപ്പള്ളി വടകരയിൽ നിന്നു തന്നെ മത്സരിച്ചേക്കാൻ സാധ്യതയുണ്ട്. അതേസമയം വടകരയിൽ ആർഎംപിയുമായി സഖ്യമുണ്ടാക്കി കെ കെ രമയെ മത്സരിപ്പിക്കാനുള്ള സാഹചര്യവും യുഡിഎഫ് ചർച്ചകളിലുണ്ട്.
കോൺഗ്രസ് വിമുക്ത ഭാരതമാണ് പ്രധാന അജണ്ഡകളിൽ ഒന്നായി ബിജെപി കരുതുന്നത്. രാജ്യത്ത് ശക്തമായ സാന്നിദ്ധ്യമായിട്ടും വഴങ്ങാതെ നിൽക്കുന്ന ദക്ഷിണേന്ത്യയിൽ കർണാടകത്തിനപ്പുറത്തേക്ക് കടന്നു കയറാനുള്ള നീക്കങ്ങളിൽ കേരളത്തെ ഒരു താക്കോലാക്കി മാറ്റാനാണ് ബിജെപിയുടെ ഉന്നം. കോൺഗ്രസ് വിമുക്ത ഭാരതം എന്ന് ലക്ഷ്യത്തിൽ ഇടതുപക്ഷത്തെ ബിജെപി വലിയ എതിരാളികളായി കരുതുന്നില്ലെന്ന് കണക്കാക്കിയാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടിവരും. അത് മുന്നിൽ കണ്ട് യുവനിരയിലെയും പരിചയ സമ്പന്നരിലെയും വലിയ മുഖങ്ങളെ തന്നെ കോൺഗ്രസിന് ഇറക്കേണ്ടി വരും.
ബീഹാറിൽ ശക്തമായ സാന്നിധ്യമായി മാറുക, ബംഗാളിൽ ഇടതിനൊപ്പം ചേർന്ന് കൂടുതൽ സീറ്റ് നേടുക. കേരളത്തിലും അസമിലും ഭരണം തിരിച്ചുപിടിക്കുക, തമിഴ്നാടിൽ മികച്ച പോരാട്ടം കാഴ്ചവെക്കുക എന്നിങ്ങനെയുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ദേശീയ തലത്തിൽ ആവിഷ്ക്കരിക്കുന്നത്. സംസ്ഥാനങ്ങളിൽ കൂടുതൽ ആധിപത്യം ഉണ്ടായാൽ നേട്ടങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രനേതൃത്വം അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ എംപിമാർ ഉയർത്തുന്ന ആവശ്യം കേന്ദ്രനേതൃത്വം തള്ളില്ലെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് സജീവ ചർച്ചകൾ ആരംഭിക്കുമെന്നാണ് അറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ