- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഎസ്എസും ബിജെപിയും സമസ്തയും സമ്മർദ്ദം കൂട്ടിയതോടെ സിപിഎമ്മിനും മനംമാറ്റം; വിശ്വാസികൾക്കായി ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണം; വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് പ്രവേശനം ആകാം; മരംമുറി വിവാദത്തിൽ കർഷകരുടെ താൽപര്യം പ്രധാനമെന്ന അഭിപ്രായത്തിനും മേൽക്കൈ
തിരുവനന്തപുരം: ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിലയിരുത്തൽ. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം.
ലോക്ക് ഡൗണിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറന്നുകൊടുക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. മത സംഘടനകളും ഏതാനും രാഷ്ട്രീയ പാർട്ടികളും ഈ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്നു ചേർന്ന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തത്.
വിശ്വാസികളുടെ ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. എന്നാൽ കോവിഡ് സാഹചര്യവും പരിഗണിക്കണം. രോഗവ്യാപന തോത് കുറയുന്നതിന് അനുസരിച്ച് ആരാധാനാലയങ്ങൾ തുറക്കാൻ നടപടി വേണം. വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നതും പരിഗണിക്കാവുന്നതാണെന്ന് യോഗം നിർദ്ദേശിച്ചു.
മരംമുറി വിവാദത്തിൽ കർഷകരുടെ താത്പര്യം പ്രധാനമാണെന്ന അഭിപ്രായത്തിനാണ് യോഗത്തിൽ മേൽക്കൈ ലഭിച്ചത്. കർഷകർക്ക് അവർ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ കഴിയണം. ഈ താത്പര്യം വച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. അതിനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇപ്പോഴത്തെ മരംമുറി നടന്നതെന്നാണ് മനസ്സിലാക്കാനാവുന്നത്. ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ ചർച്ചയാവാമെന്ന് യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. വിശ്വാസികളുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കാത്തത് രോഗവ്യാപനം മൂലമാണ്. ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്തരെ തടയുക സർക്കാരിന്റെ ലക്ഷ്യമല്ല. ക്ഷേത്രങ്ങളും പള്ളികളും എപ്പോൾ തുറക്കുമെന്ന് പറയാനാകില്ല. രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ഇളവ് അനുവദിക്കുമെന്നും കെ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.ആരാധനാലയങ്ങൾ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. എൻ എസ് എസ്, മലങ്കര ഓർത്തഡോക്സ് സഭ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അടക്കമുള്ള സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
മദ്യഷോപ്പുകൾ പോലും തുറക്കാൻ അനുവദിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തതിൽ വിവിധ മത സംഘടനകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വടകര, മുക്കാളി, എന്നിവടങ്ങളിൽ മസ്ജിദുകൾക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സമസ്ത ഉൾപ്പടെയുള്ള മുസ്ലിം സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പള്ളികൾ തുറക്കാൻ അനുമതി നൽകണമെന്ന് സ്മസ്ത ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ