- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ അതിജീവിക്കാൻ പ്രതീക്ഷയോടെ ലോകം; ഫൈസർ വാക്സിൻ കുത്തിവെപ്പിന് യുകെയിൽ തുടക്കമായി; ആദ്യം വാക്സിൻ സ്വീകരിച്ചത് 90 വയസുകാരിയായ മാർഗരറ്റ് കീനൻ എന്ന മുത്തശ്ശി; ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിതെന്ന് ബ്രിട്ടീഷ് മുത്തശ്ശി; രാജ്യത്തെ എല്ലാ ജനങ്ങൾക്കും കുത്തിവെയ്പ്പ് ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ
ലണ്ടൻ: ലോകത്തെ വിറപ്പിച്ച കോവിഡിനെതിരായ പോരാട്ടത്തിൽ ലോകം മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. 2020നെ മാസ്ക്ക് ധരിച്ചാണ് നാം സ്വീകരിച്ചതെങ്കിൽ 2021നെ വാക്സിനേഷൻ എടുക്കേണ്ട കാല്യമായി മാറുമെന്ന് വ്യക്തമാക്കുന്നു. കോവിഡ് പോരാട്ടത്തിൽ ലോകത്തിന് പ്രതീക്ഷയായി വാക്സിനേഷൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന യുകെയിൽ വാക്സിനേഷൻ തുടങ്ങിയത് ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്നു. ഒരു ബ്രിട്ടീഷ് മുത്തശ്ശിയാണ് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത്. മാർഗരറ്റ് കീനൻ എന്ന മുത്തശ്ശിയാണ് വാക്സിൻ കുത്തിവെപ്പെടുത്തത്.
ഒരുവർഷത്തിലേറെയായി ലോകത്തെ ഭീതിപ്പെടുത്തിയ കോവിഡ്-19 എന്ന മഹാമാരിക്കെതിരെ പുറത്തിറക്കിയ ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തിയെന്ന നിലയിലാണ് മാർഗരറ്റ് കീനൻ എന്ന 90കാരി ഇനി അറിയപ്പെടുക. 91 വയസ് തികയാൻ ഒരാഴ്ച ബാക്കിനിൽക്കെയാണ് കീനൻ വാക്സിൻ സ്വീകരിച്ചത്. മധ്യ ഇംഗ്ലണ്ടിലെ കവൻട്രിയിലെ പ്രാദേശിക ആശുപത്രിയിൽനിന്ന് ഇന്നു രാവിലെ 6.31ഓടെയാണ് അവർക്ക് വാക്സിൻ നൽകിയത്.
കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ് നൽകിയ ആദ്യത്തെ വ്യക്തിയെന്ന നിലയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് കീനൻ കുത്തിവെപ്പ് സ്വീകരിച്ചു കൊണ്ട് പ്രതികരിച്ചു. 'ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിത്, കാരണം വർഷത്തിൽ ഭൂരിഭാഗവും സ്വന്തമായി ഉണ്ടായിരുന്നതിന് ശേഷം പുതുവർഷത്തിൽ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'- മാർഗരറ്റ് കീനൻ പറഞ്ഞു.
അമേരിക്കൻ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ബ്രിട്ടീഷ് സർക്കാർ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു മുതൽ ബ്രിട്ടനിലെ ആശുപത്രികളിൽ ഈ വാക്സിൻ ഉപയോഗിക്കാൻ തുടങ്ങിയത്. ബ്രിട്ടനിലെ എല്ലാ ജനങ്ങൾക്കും കുത്തിവെയ്പ്പ് ഉറപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഫൈസർ വാക്സിനുകൾ ബ്രിട്ടൻ വൻതോതിതൽ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുണ്ടായിരുന്നു. തുടക്കത്തിൽ അൾട്രാ കോൾഡ് സ്റ്റോറേജും ട്രിക്കി ലോജിസ്റ്റിക്സ് സൗകര്യങ്ങളുമുള്ള സ്ഥലങ്ങളിലാണ് വാക്സിൻ വിതരണം നടക്കുകയെന്നും അധികൃതർ അറിയിച്ചു.
ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ആണ് ഫൈസർ-ബയോടെക് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ഇത് രോഗം തടയുന്നതിൽ 95% ഫലപ്രദമാണെന്ന് അവർ പറയുന്നു, റെക്കോർഡ് സമയത്ത് - ഫൈസർ അതിന്റെ അവസാന ഘട്ട ക്ലിനിക്കലിൽ നിന്ന് ആദ്യ ഡാറ്റ പ്രസിദ്ധീകരിച്ച് 23 ദിവസത്തിന് ശേഷം ബ്രിട്ടനിൽ അത് ഉപയോഗിക്കാൻ അനുമതി നൽകിയത്.
ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് എന്ന നോവൽ പ്രത്യക്ഷപ്പെട്ട് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഫൈസർ-ബയോടെക്ക് വാക്സിൻ വികസിപ്പിക്കുന്നത്. പരീക്ഷണത്തിൽ ഏറ്റവും ഫലപ്രദമാണ് ഈ വാക്സിനെന്ന് കണ്ടെത്തിയിരുന്നു. അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനം വരെ ഫലപ്രാപ്തി ഈ വാക്സിൻ രേഖപ്പെടുത്തിയിരുന്നു.
വെയിൽസ്, സ്കോട്ലൻഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വാക്സിൻ വിതരണം ഉടൻ തുടങ്ങും. വടക്കൻ അയർലൻഡിൽ ഈയാഴ്ച ആദ്യംതന്നെ വാക്സിൻ നൽകിത്തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കൃത്യമായ തീയതി അവർ പുറത്തുവിട്ടിട്ടില്ല. കോവിഡ് 19 വാക്സിന് അനുമതി നൽകിയ ആദ്യ പാശ്ചാത്യ രാജ്യമാണ് യു.കെ. ഫൈസർ/ബയേൺടെക് വാക്സിൻ വളരെ താഴ്ന്ന താപനിലയിൽ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയിൽ കുത്തിവെക്കണമെന്നതും അടക്കമുള്ള നിബന്ധനകൾ വാക്സിൻ വിതരണം സങ്കീർണമാക്കുന്നുണ്ട്. എന്നാൽ ഒരു രാജ്യത്ത് വാക്സിൻ വിതരണം ആദ്യമായി തുടക്കം കുറിക്കുന്ന സാഹചര്യം ലോകം മുഴുവൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റൽ ഹബ്ബുകളിൽ വാക്സിൻ എത്തിച്ചു കഴിഞ്ഞുവെന്ന് അധികൃതർ സ്കൈ ന്യൂസിനോട് പറഞ്ഞു.
ഫൈസർ/ബയേൺടെക് വാക്സിന്റെ 40 ലക്ഷം ഡോസുകൾ ഡിസംബർ അവസാനത്തോടെ ലഭ്യമാകുമെന്നാണ് യു.കെയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഫൈസറിന്റെ വാക്സിൻ കോവിഡ് ബാധയെ 95 ശതമാനവും പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്. വാക്സിന്റെ നാല് കോടി ഡോസുകൾക്കാണ് യു.കെ ഇതുവരെ ഓർഡർ നൽകിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിന് വാക്സിൻ നൽകാനെ ഇത് മതിയാകൂ. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്.
യൂറോപ്പിൽ മറ്റ് എവിടത്തെക്കാളും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്തത് യു.കെയിൽ ആയിരുന്നു. കോവിഡ് വാക്സിന് അമേരിക്കയെക്കാളും യൂറോപ്പിലെ മറ്റുരാജ്യങ്ങളെക്കാളും വേഗത്തിൽ അനുമതി നൽകിയ യു.കെയുടെ നടപടിയിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നുവെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സഫ്രോൺ കോർഡറി പറയുന്നത്. ഫൈസർ/ബയേൺടെക് വാക്സിൻ മറ്റേത് വാക്സിനെയുംപോലെ സുരക്ഷിതമാണെന്നും അത് സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവർ നിരീക്ഷിക്കുമെന്നും യു.കെ അധികൃതർ ഞായറാഴ്ച ഉറപ്പ് നൽകിയിരുന്നു.
മറുനാടന് ഡെസ്ക്