തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മറവിൽ മുൻസർക്കാർ നടത്തിയ അഴിമതിയുടെ വിവരങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. തട്ടിക്കൂട്ട് കമ്പനികളിൽ നിന്നും കമ്മീഷൻ നേടാൻ വേണ്ടി ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങിയെന്ന് വ്യക്തമായ കാര്യമാണ്. ഇക്കാര്യം തെളിവുകൾ സഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണ് ചെയ്യുന്നത. സഭയിൽ വിഷയം വിവാദമായി മാറിയപ്പോൾ അടിയന്തര ഇടപെടലുകളെ അഴിമതിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡിനെ തുടർന്നുണ്ടായ അസാധാരണ സാഹചര്യം നേരിടാൻ അസാധാരണ നടപടി വേണ്ടി വന്നു. അടിയന്തര സാഹചര്യത്തിൽ ആവശ്യകതയും ഗുണനിലവാരവും കണക്കിലെടുത്താണ് ഉയർന്ന വിലയ്ക്ക് കോവിഡ് സാമഗ്രികൾ വാങ്ങിയത്. സാഹചര്യം മാറി, കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമായപ്പോൾ പഴയ കരാറുകൾ റദ്ദാക്കിയെന്നും നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനിൽ കോടികളുടെ അഴിമതി നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി.

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെത്തുടർന്ന് അവരുടെ അസാന്നിധ്യത്തിലായിരുന്നു മറുപടി. കോവിഡ് സാമഗ്രികൾ വാങ്ങിയതിന്റെ പേരിൽ കോർപറേഷനിൽ നടന്നത് അഴിമതിയല്ല. കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ സർക്കാരിനു പ്രധാനമായിരുന്നു.

കോവിഡ് റിപ്പോർട്ടു ചെയ്ത സമയത്ത് സംസ്ഥാനത്ത് പിപിഇ കിറ്റ്, ഗ്ലൗസ്, തെർമോമീറ്റർ എന്നീ സുരക്ഷ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമമായിരുന്നു. ലോകത്ത് എവിടെ നിന്നും എന്തുവിലകൊടുത്തും കിട്ടാവുന്ന സുരക്ഷാ ഉപകരണങ്ങൾ വാങ്ങുക എന്നതായിരുന്നു ഏക പോംവഴി. ഇതിന്റെ ചുമതല മെഡിക്കൽ സർവീസസ് കോർപറേഷനെ ഏൽപിക്കുകയായിരുന്നു. അന്നത്തെ സാഹചര്യത്തിൽ കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങേണ്ടതായി വന്നു. മറ്റു വഴികൾ ഇല്ലായിരുന്നു.

അസാധാരണ സാഹചര്യത്തിന് മാറ്റം വന്ന് കുറഞ്ഞ വിലയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ കിട്ടുമെന്നായപ്പോൾ അധികതുക കരാറുകൾ റദ്ദാക്കുകയാണ് ചെയ്തത്. എല്ലാം വളരെ സുതാര്യമായും ഗുണനിലവാരം ഉറപ്പാക്കിയുമാണ് വാങ്ങിയത്. അന്നത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് 275 കോടിയുടെ സാങ്കേതിക അനുമതി സർക്കാർ നൽകി. പൊതു അഭിപ്രായപ്രകാരമാണ് കോവിഡ് സാമഗ്രികൾ വാങ്ങിയത്. അതിൽ വ്യക്തി താൽപര്യമില്ല.മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ കോവിഡ് കാല പർച്ചേസ് വിവരങ്ങൽ പുറത്തുവന്നതോടെ ഫയലുകൾ അടക്കം കാണാതെ പോയിരുന്നു. 500 ലേറെ ഫയലുകൾ കാണാതായിട്ടും കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടില്ല. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലെ കോവിഡ് കാല പർച്ചേസ് കൊള്ളയിൽ ഒളിച്ചുകളിയാണ് സർക്കാർ തുടർന്നു പോന്നത്. വൻ ക്രമക്കേടുണ്ടായ കോടികളുടെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണ ആവശ്യം ചെവിക്കൊള്ളാതെ, അന്വേഷണം ധനകാര്യവകുപ്പ് ഇൻസ്‌പെക്ഷൻ വിങ്ങിനെ ഏൽപ്പിക്കാനാണ് തീരുമാനം. വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുക്കാത്തത് കുറ്റക്കാരെ രക്ഷിക്കാനാണെന്ന ആക്ഷേപമാണ് ബലപ്പെടുന്നത്.

550 രൂപയ്ക്ക് കിട്ടുമായിരുന്നിട്ടും മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകൾ, പർച്ചേസ് മാനദണ്ഡങ്ങൾ അട്ടിമറിച്ച് കൂടിയ വിലയ്ക്ക് തെർമൽ സ്‌കാനർ, എ.സി, ഫ്രിഡ്ജ് അടക്കം ഉപകരണങ്ങളുടെ പർച്ചേസുകൾ, വാങ്ങിയതിൽ പലതും കടലാസ് കമ്പനികൾ. ക്രമക്കേട് പകൽ പോലെ വ്യക്തമായതോടെ അന്നുതന്നെ വിജിലൻസ് അന്വേഷണമെന്ന ആവശ്യമുയർന്നെങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ മടിച്ചു. ഒടുവിലാണ് ഏറെവൈകി ധനകാര്യവകുപ്പ് ഇൻസ്‌പെക്ഷൻ വിങ്ങിനെ അന്വേഷണമേൽപ്പിക്കുന്നത്. പർച്ചേസിൽ ക്രമക്കേടെന്ന് ആരോപണമുയർന്ന എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഇടപാടുകളിൽ സർക്കാരിനുണ്ടായ നഷ്ടം, നടന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥ ഇടപെടൽ, നടപടികളിലെ വീഴ്‌ച്ച എന്നിവക്കപ്പുറം പോകാൻ ധനകാര്യവകുപ്പ് അന്വേഷണത്തിനാകുമോയെന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിലെ പ്രധാന പ്രശ്‌നം. മൂന്നിരട്ടി വിലയ്ക്ക് കെ.എം.എസ്.സി.എൽ പിപിഇ കിറ്റുകൾ വാങ്ങിയ സാൻഫാർമ കമ്പനി ആരാണ്, പുറത്തുനിന്ന് ഇടപെട്ടതാരൊക്കെ, ഫയലുകൾ മായ്ച്ചതടക്കം അട്ടിമറിക്ക് പിന്നിലെ ബാഹ്യ ഇടപെടൽ, കടലാസ് കമ്പനികൾക്ക് പിന്നിലാര് എന്നീ ഗൗരവമുള്ള ചോദ്യങ്ങൾ നിലനിൽക്കെയാണ് ഇൻസ്‌പെക്ഷൻ വിങ്ങിന്റെ അന്വേഷണം പ്രഖ്യാപിച്ചുള്ള ഒളിച്ചുകളി.