- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി സുധാകരൻ ഉദ്ദേശിച്ച 'പൊളിറ്റിക്കൽ ക്രിമിനലുകൾ' ആരൊക്കെ? മുതിർന്ന നേതാവിനെ കൊണ്ടു തന്നെ ഉത്തരം പറയിപ്പിക്കാൻ കച്ചകെട്ടി എതിർചേരി; മൗനത്തിലാണ്ട സുധാകരനെ പിണറായിയും കൈവിട്ട നിലയിൽ; വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ് ഇനി വീഴുമോ വാഴുമോ?
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ അവസാന വാക്ക് എന്ന നിലയിൽ നിന്നുമാണ് ഇപ്പോൾ എതിരാളികളാൽ കൊത്തിപ്പറിക്കുന്ന നേതാവായി ജി സുധാകരൻ മാറിയിരിക്കുന്നത്. ജി സുധാകരന്റെ വാവിട്ട വാക്കുകൾ മുൻകാലങ്ങളിൽ അദ്ദേഹത്തിന് അണികളെ കൈയിലെടുക്കാൻ സാധിച്ചെങ്കിൽ ഇപ്പോൾ അതെല്ലാം തിരിച്ചടിക്കുകായണ്. വിവാദങ്ങൾക്ക് നടുവിൽ നിൽക്കുന്ന ജി സുധാകരനെ കാത്തിരിക്കുന്നത് അത്രയ്ക്ക് നല്ല കാര്യങ്ങളല്ലെന്നാണ് സൂചന. മുൻകാലങ്ങളിൽ പിണറായി വിജയനെ പിന്തുണച്ചിരുന്ന സുധാകരന് മറിച്ച് മുഖ്യമന്ത്രിയിൽ നിന്നും പിന്തുണ ലഭിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ആലപ്പുഴയിലെ സിപിഎമ്മിൽ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദങ്ങളുയരുമ്പോൾ ഇരുപക്ഷവും തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. ജി. സുധാകരെനെപ്പോലെ മുതിർന്ന നേതാവിനെ വീഴ്ത്താൻ ആരോപണങ്ങൾ പോരാ, തെളിവുകൾ വേണം. അതിനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ് മറുചേരി. അതേസമയം തനിക്കെതിരേ 'പൊളിറ്റിക്കൽ ക്രിമിനലുകൾ' പ്രവർത്തിച്ചുവെന്ന ആരോപണം തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുമുണ്ട്. ആരാണ് ഈ പൊളിറ്റിക്കൽ ക്രിമിനലുകൾ എന്ന് നേതാവിനെ കൊണ്ടു തന്നെ പറയിക്കാനാണ് മറുപക്ഷ. സമ്മേളനങ്ങളുടെ കാലം കൂടിയാണ് വരാനിരിക്കുന്നത്. ഇത് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്.
ഇരുപക്ഷവും കച്ചമുറുക്കിയാൽ കൂടുതൽ സ്ഫോടനങ്ങളുണ്ടാകാം. പെതുമനസ്സിൽ ഇടമുള്ള ജി. സുധാകരൻ പാർട്ടിയിൽ വീറുറ്റ പോരാളിയാണ്. കറപുരളാത്ത വ്യക്തിത്വവും കാർക്കശ്യവും ചേർത്താണു സുധാകരനെ പാർട്ടിക്കാർ സ്നേഹിച്ചത്. പക്ഷേ, ഇതു വീഴ്ചകളുടെ കാലമാണ്. അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേര് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശിച്ചത് അദ്ദേഹമാണ്. പക്ഷേ, അത്, ഇനി തനിക്കൊരവസരം ഇല്ലെന്നുറപ്പായപ്പോഴാണെന്ന് എതിർപക്ഷം പറയുന്നു.
ആരോപണങ്ങൾ സുധാകരനു പുത്തരിയല്ല. പി.എ.മാരെ അവഹേളിച്ചെന്ന ആരോപണം, ഭാര്യയ്ക്കു വിദ്യാഭ്യാസവകുപ്പിൽ അനധികൃതപദവി നേടിക്കൊടുത്തെന്ന പരാതി, ഇതിനെല്ലാമുപരി വി.എസിനെ ഒതുക്കാൻ മുതിർന്നനേതാവിനു ചൂട്ടുപിടിച്ചവൻ എന്നെല്ലാമുള്ള കുറ്റപ്പെടുത്തലുകൾ. എന്നാൽ, ഇതെല്ലാം പ്രവർത്തനത്തിന് ഊർജമാക്കിയാണ് അദ്ദേഹം എതിരിട്ടത്.
വി.എസിനും ഗൗരിയമ്മയ്ക്കും പി.കെ. ചന്ദ്രാനന്ദനും കീഴിൽവളർന്ന അദ്ദേഹം വിട്ടുവീഴ്ചകളില്ലാതെ ഉയർന്നു. നിയമബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ സുധാകരനെ എതിരാളികളെന്നും ഭയത്തോടെയാണു കണ്ടിരുന്നത്. നേതൃത്വം നിശ്ചയിക്കുന്ന ഏതുകാര്യവും കണിശതയോടെ ചെയ്യുന്നതിനാൽ രണ്ടുപതിറ്റാണ്ടായി ആലപ്പുഴയിലെ സിപിഎമ്മിന്റെ അവസാനവാക്കായും സുധാകരൻ മാറി.
ആരോപണങ്ങൾ എത്ര കണ്ടതാണെന്ന ഭാവത്തിലാണ് സുധാകരനിപ്പോഴും. എന്നാൽ, ചില പരിഭവങ്ങളുണ്ടുതാനും. ഒരു രക്തസാക്ഷിയുടെ സഹോദരനായ തന്നെ പാർട്ടിയുടെ ഉയർന്ന പദവികളിൽനിന്നു മാറ്റിനിർത്തിയതാണ് അതിലൊന്ന്. അർഹതപ്പെട്ട സമയത്തു പരിഗണിക്കാതെ പിന്നീടുനൽകിയ സംസ്ഥാന സെക്രട്ടേറിയറ്റംഗത്വം നിരസിച്ചത് അതുകൊണ്ടാണ്.
സർക്കാരിന്റെ യശസ്സുയർത്തിയ പൊതുമരാമത്തു മന്ത്രിയായിട്ടും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാത്തതിന് അദ്ദേഹം കലഹിച്ചു. തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തുമെന്നു നേരത്തേ തീരുമാനമറിയിച്ച് മാന്യമായ പടിയിറക്കത്തിനവസരം ലഭിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ തോന്നൽ. അതുകൊണ്ടുകൂടിയാണ് പാർട്ടിയോടുള്ള കലഹം. പാർട്ടിയുടെ അന്വേഷണക്കമ്മിഷനെത്തുമ്പോൾ ഇതുൾപ്പെടെ നിരത്താനാണ് എല്ലാ തെളിവുകളുടെയും കൂമ്പാരത്തിനുമുകളിൽ അദ്ദേഹം മൗനിയായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ