- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം ബിജെപി വോട്ടു മറിച്ചേയെന്ന് രാഷ്ട്രീയ ആരോപണം; ഇപ്പോൾ അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടുചോദിച്ചു; 1700 പോസ്റ്റൽ വോട്ടെണ്ണിയില്ല എന്നും പരാതി; എം സ്വരാജ് തോറ്റതിലെ വിഷമം തീരാതെ സിപിഎമ്മുകാർ നിയമ പോരാട്ടത്തിന്
കൊച്ചി: സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞു വീശിയപ്പോഴും തൃപ്പൂണിത്തുറയിൽ കെ ബാബു തോറ്റതിലെ സങ്കടം തീരുന്നില്ല സിപിഎം സഖാക്കൾക്ക്. ബിജെപി വോട്ടു മറിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ മറ്റു നേതാക്കളും വിഷയം ഏറ്റെടുത്തു. ഇപ്പോൾ കെ ബാബുവിന്റെ വിജയത്തിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സിപിഎം.
കെ ബാബു തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് പാർട്ടിയുടെ നീക്കം തുടങ്ങിയിരിക്കുന്നത്. വിജയിച്ചിരുന്നെങ്കിൽ മന്ത്രിസ്ഥാനത്ത് എത്തേണ്ട വ്യക്തിയായിരുന്നു എം സ്വരാജ്. അതുകൊണ്ട് തന്നെയാണ് തൃപ്പൂണിത്തുറയിലെ തോൽവി എങ്ങനെയും വിജയമാക്കി മാറ്റാൻ സിപിഎം സഖാക്കൾ പരിശ്രമിക്കുന്നത്. ബാബു മതം പറഞ്ഞ് വോട്ടുപിടിച്ചെന്നും പ്രചരണത്തിനിടെ അയ്യപ്പനെ പരാമർശിച്ചെന്നും വ്യക്തമാക്കിയാണ് സിപിഎം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
സീൽ പതിച്ചിട്ടില്ല എന്ന് കാരണം പറഞ്ഞ് 1700ഓളം പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ലെന്നതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനായി സിപിഐഎം നീക്കം ശക്തമാക്കുകയാണ്. പ്രത്യേകിച്ചും 80 വയസിനുമേൽ പ്രായമുള്ളവരുടെ വോട്ടുകളാണ് ഇത്തരത്തിൽ എണ്ണാതിരുന്നത്. സീൽ പതിച്ചില്ല എന്ന സാങ്കേതിക കാരണം വോട്ടർമാരുടെ കുറ്റമല്ലെന്നും സിപിഐം ചൂണ്ടിക്കാട്ടുന്നുണ്ട്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറയിൽ നിന്നും മത്സരിച്ച എം സ്വരാജിനെതിരെ പ്രതിപക്ഷ പാർട്ടികൾ അയ്യപ്പന്റെ പേരും ശബരിമല വിഷയവും ഉയർത്തിക്കൊണ്ടുവന്നതായാണ് സിപിഎമ്മിന്റെ ആരോപണം. അയ്യനെ കെട്ടിക്കാൻ നടന്നയാളിനെ അയ്യന്റെ മണ്ണിലേക്ക് കെട്ടുകെട്ടിക്കും മുതലായ പോസ്റ്ററുകൽ സ്വരാജിനെതിരെ പതിച്ചിരുന്നുവെന്നും കോടതിക്ക് മുന്നിൽ സിപിഐഎം ചൂണ്ടിക്കാട്ടും. ഈ ആഴ്ച്ച തന്നെ പാർട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചേക്കുമെന്നാണ് സൂചന. തൃപ്പൂണിത്തുറയിൽ ബിജെപി കെ ബാബുവിനുവേണ്ടി വോട്ടുമറിച്ചു എന്ന ആരോപണത്തിന് പുറമേയാണ് സിപിഎമ്മിന്റെ നിയമപരമായ നീക്കം. വിവാദ പോസ്റ്ററുകളും കെ ബാബുവിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും കോടതിക്കുമുന്നിൽ തെളിവായി സമർപ്പിക്കുമെന്നും സിപിഐഎം അറിയിച്ചു.
അവസാന റൗണ്ട് വരെ കടുത്ത പോരാട്ടം അരങ്ങേറിയ തൃപ്പൂണിത്തുറയിൽ 204 വോട്ടുകൾക്കായിരുന്നു മുൻ മന്ത്രി കെ ബാബു സിറ്റിങ് എംഎൽഎ എം സ്വരാജിനെ തോൽപിച്ചത്. 2016-ൽ മണ്ഡലത്തിൽ നിന്ന് അഞ്ചുവട്ടം തുടർച്ചയായി ജയിച്ച ബാബുവിനെ അട്ടിമറിച്ചായിരുന്നു സ്വരാജ് നിയമസഭയിൽ എത്തിയത്. എൻഡിഎക്കും വേരോട്ടമുള്ള മണ്ഡലത്തിൽ മുൻ പിഎസ്സി ചെയർമാൻ കെ എസ് രാധാകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാർത്ഥി. എന്നാൽ ത്രികോണ പോരാട്ടം പ്രവചിക്കപ്പെട്ടിരുന്ന മണ്ഡലത്തിൽ ആദ്യാവസാനം ബാബു സ്വരാജ് പോരാട്ടമായിരുന്നു അരങ്ങേറിയത്.
അതേസമയം തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ ബാബു രംഗത്തുവന്നിരുന്നു. അവാസ്തവം പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി . യുഡിഎഫിന് വോട്ട് ചെയ്തവരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥിക്ക് 6087 വോട്ട് കുറഞ്ഞിട്ടുണ്ട്.ഇത് യുഡിഎഫ് ലേക്കാണ് എന്ന് പറയുന്നത് തെറ്റാണ്. ബിജെപിക്ക് മണ്ഡലത്തിൽ അത്രയും വോട്ടില്ല. യുഡിഎഫ് ഇതിലധികം വോട്ട് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച വോട്ടത്രയും കിട്ടിയിട്ടില്ലെന്നും കെ ബാബു പറഞ്ഞു.
വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച നിലപാടാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ്വീകരിച്ചത്. എംഎൽഎ അപ്രാപ്യൻ ആയിരുന്നു എന്ന അഭിപ്രായവും നിലനിന്നിരുന്നു. ഇതാണ് സിപിഎമ്മിന് തിരിച്ചടി കിട്ടാൻ കാരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് സിപിഎം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ അത് കോടതിയിൽ വരുമ്പോൾ കാണാമെന്നും കെ ബാബു പറഞ്ഞു. ശബരിമല വിഷയത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രസംഗം എല്ലാവരും കണ്ടതാണ്. അത് പുറത്തുകൊണ്ട് വന്നത് താനല്ലെന്നും കെ ബാബു വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ