പത്തനംതിട്ട: ബിജെപിയുടെ പഞ്ചായത്തംഗത്തെ സിപിഎമ്മുകാർ മർദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് തന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് മർദനമേറ്റയാളുടെ ബന്ധു ഒഴിപ്പിച്ചു. സിപിഎമ്മുകാർ സാധന സാമഗ്രികൾ നീക്കുന്നതിന് മുൻപ് തന്നെ ബിജെപിക്കാർ എടുത്ത് പുറത്തു കളഞ്ഞ് ബിജെപി ഓഫീസിന്റെ ബോർഡ് സ്ഥാപിച്ചു. പിന്നാലെ ബ്രാഞ്ച് കമ്മറ്റി ഓഫീസ് സഹിതം സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നുവെന്ന് വ്യാജ പ്രചാരണവും. ശബരിമല ഉൾക്കൊള്ളുന്ന പഞ്ചായത്തായ പെരുനാട്ടിലാണ് സംഭവം.

സിപിഎമ്മിന്റെ കക്കാട് ബ്രാഞ്ച് കമ്മറ്റി ഓഫീസാണ് ഒഴിഞ്ഞത്.

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റത് ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗം അരുൺ അനിരുദ്ധനാണ്. അരുണിന്റെ ബന്ധുവിന്റെ കെട്ടിടത്തിലാണ് സിപിഎം കക്കാട് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അരുണിന്റെ പിതൃസഹോദരൻ പരേതനായ പ്രസന്നന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വർഷങ്ങളായി ഓഫീസ് പ്രവർത്തിച്ചു വന്നത്. ഇവിടെ നിന്നായിരുന്നു കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിന് പ്രവർത്തനം ഏകോപിപ്പിച്ചത്.

കഴിഞ്ഞ 28 ന് സിപിഎം നേതൃത്വത്തിൽ ബിജെപിക്കെതിരെ പ്രതിഷേധ യോഗം നടത്തിയതും ഇതേ സ്ഥലത്തു വച്ചായിരുന്നു. യോഗത്തിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് അരുൺ അനിരുദ്ധന് മർദ്ദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനൻ, മകൻ എന്നിവരടക്കം നിരവധി പേരെ പ്രതികളാക്കി പരാതി നൽകിയിരുന്നു. അരുണിന് മർദനമേറ്റതിന് പിന്നാലെയാണ് കെട്ടിട മുറി ഒഴിയണമെന്ന ആവശ്യംഉയർന്നത്. കെട്ടിടം ഉടമയുടെ ഭാര്യ വിദേശത്തു നിന്നും ബ്രാഞ്ച് സെക്രട്ടറി റെജിയെ ഫോണിൽ വിളിച്ച് ആവശ്യം അറിയിക്കുകയായിരുന്നു.

പാർട്ടി ഓഫീസ് തങ്ങളുടെ കെട്ടിടത്തിൽ തുടർന്നാൽ ബന്ധുക്കൾ തമ്മിൽ പിണങ്ങേണ്ടി വരുമെന്നും കെട്ടിടം ഒഴിയണം എന്നുമായിരുന്നു ഉടമയുടെ ആവശ്യം. സിപിഎമ്മുകാർ പതിവു പോലെ എതിർക്കാനൊന്നും നിന്നില്ല. ഉടമയുടെ ആവശ്യം അംഗീകരിച്ച് ഉടൻ തന്നെ കെട്ടിടത്തിന്റെ താക്കോൽ തിരികെ ഏൽപ്പിച്ചു. അതിലുള്ള കൊടികളും കസേരകളും മറ്റും അടുത്ത ദിവസം മറ്റൊരു മുറി കണ്ടെത്തി മാറ്റിക്കൊള്ളാമെന്ന് പറഞ്ഞാണ് താക്കോൽ നേതാക്കൾ കൈമാറിയത്.

മുറിയുടെ താക്കോൽ നൽകിയതിനു പിന്നാലെ ചിലർ അതിലുണ്ടായിരുന്ന സാധനങ്ങൾ മുറിക്കു പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതിനു ശേഷം ബിജെപിക്കാർ മുറിക്കു മുമ്പിൽ അവരുടെബോർഡ് വച്ചു. യോഗം ചേരുകയും ചെയ്തു. തൊട്ടുപിന്നാലെ ഓഫീസ് സഹിതം കക്കാട് വാർഡിൽ സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങി. ഇതിന് സമീപത്തായി മറ്റൊരു മുറി സിപിഎം ബ്രാഞ്ച് ഓഫീസിനായി കണ്ടെത്തിയിട്ടുണ്ട്.