- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്തു പൊലീസ്; പാർട്ടിയിൽ നിന്നും പുറത്താക്കി തടിയൂരി എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി; സിപിഎം പ്രദേശിക നേതാക്കൾ കൂട്ടത്തോടെ പീഡന കേസുകളിൽ കുടുങ്ങുന്നു
പാലക്കാട്: സംസ്ഥാനത്തെ പ്രാദേശിയ സിപിഎം നേതാക്കൾ കൂട്ടത്തോടെ പീഡന കേസുകളിൽ കുടുങ്ങുന്നത് പതിവാകുന്നു. പത്തനംതിട്ടയിൽ പീഡന കേസിൽ ഏരിയാ കമ്മറ്റി നേതാവാണ് കുടുങ്ങിയതെങ്കിൽ പാലക്കാട്ടെ എലപ്പുള്ളിയിൽ പോക്‌സോ കേസിൽ കുടുങ്ങിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായത്. തേനാരി പ്ലായംപള്ളം സ്വദേശി എം സുനിലാണ്(25) അറസ്റ്റിലായത്. സ്‌കൂൾ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സി പി എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു. പ്രതിയെ റിമാന്റ് ചെയ്തു.
തുടരന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്കു കൈമാറിയിട്ടുണ്ടെന്ന് കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ് അറിയിച്ചു.പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ടയിൽ നടന്ന പീഡനം സിപിഎമ്മിനെ കൂടുതൽ വിവാദത്തിലാക്കിയിട്ടുണ്ട്. സിപിഎം തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇവിടെ പൊലീസ് കരുക്കൾ നീക്കുന്നതെന്ന വിവാദമാണ് ഉണ്ടായിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകയായിരുന്ന വീട്ടമ്മയെ ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. ഇതനുസരിച്ച് ഒന്നാം പ്രതി സജിമോനെ കേസിൽ നിന്നൊഴിവാക്കും. രണ്ടാം പ്രതി നസറിനെ മാത്രം അറസ്റ്റ് ചെയ്യാനുമാണ് നീക്കം.
മൂന്നു മുതൽ 10 വരെയുള്ള പ്രതികളെ സൈബർ തെളിവ് കിട്ടിയാൽ മാത്രം അറസ്റ്റ് ചെയ്യും. വീട്ടമ്മ പൊലീസിൽ നൽകിയ മൊഴി പ്രകാരം സജിമോനും നസറുമാണ് പീഡിപ്പിച്ചതും ദൃശ്യം പകർത്തിയതും. മൊഴി അട്ടിമറിച്ച് സജിമോനെതിരേ തെളിവില്ലെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. മുമ്പൊരിക്കൽ പീഡനകേസിൽ പ്രതിയാക്കപ്പെട്ട സജിമോനെ പാർട്ടിയിൽ തിരികെ കൊണ്ടു വന്നത് ഇപ്പോഴത്തെ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി മുൻകൈയെടുത്താണ്.
തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരിക്കേ 2018 ലാണ് സജിമോൻ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഇതേ തുടർന്ന് പാർട്ടി നടപടി എടുത്തെങ്കിലും പുറത്താക്കിയില്ല. ഇക്കുറി കോട്ടാലിൽ ബ്രാഞ്ച് സെക്രട്ടറിയാക്കി. അതിന് ശേഷം നോർത്ത് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടു വരാൻ നോക്കിയെങ്കിലും നടന്നില്ല. അതിനിടെയാണ് ലൈംഗിക പീഡനകേസിൽ വീണ്ടും പ്രതിയായത്.
മറുനാടന് മലയാളി ബ്യൂറോ