- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മരുമോനായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ; എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല തരൂർ ഉറപ്പിക്കുമ്പോൾ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു ഇരിങ്ങാലക്കുടയിലും; മുൻ എംഎൽഎ എം ദാസന്റെ ഭാര്യ സതീദേവി കൊയിലാണ്ടിയിലും സീറ്റുറപ്പിക്കുന്നു; സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ 'ബന്ധു ബലത്തിൽ' അണികൾക്കിടയിൽ കടുത്ത അമർഷം
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടികയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി മുതിർന്ന നേതാക്കളുടെ ബന്ധുക്കൾ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയുടെ പേരാണ് തരൂരിൽ ഉയർന്നു കേൾക്കുന്നത്. പാർട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു എന്നിവർ സിപിഎം സ്ഥാനാർത്ഥികളാകുമെന്ന വാർത്തയും പുറത്തുവന്നു. കൊയിലാണ്ടിയിൽ മുൻ എംഎൽഎ എം ദാസന്റെ ഭാര്യയും മുൻ എംപിയുമായ പി സതീദേവി മൽസരിക്കും. മുഖ്യമന്ത്രിയുടെ മരുമോൻ പി എ മുഹമ്മദ് റിയാസ് ബേപ്പൂരിലും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇതോടെ ബന്ധു മഹാത്മ്യത്തെ കുരിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. പല പ്രമുഖരെ ഒഴിവാക്കിയാണ് ഇക്കുറി ബന്ധുക്കളെ സ്ഥാനാർത്ഥികളാക്കാൻ സിപിഎം ശ്രമിക്കുന്നത്. വൈപ്പിൻ എംഎൽഎ എസ് ശർമ്മയ്ക്ക് ഇത്തവണ സീറ്റില്ല. പകരം വൈപ്പിനിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ മൽസരിക്കും. കളമശ്ശേരിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സ്ഥാനാർത്ഥിയാകും.
അഴീക്കോട് കെ വി സുമേഷ്, കോങ്ങാട് പി പി സുമോദ്, കല്യാശേരി എം വിജിൻ, മാവേലിക്കര എം എസ് അരുൺകുമാർ എന്നിവർ സ്ഥാനാർത്ഥികളാകും. ഗുരുവായൂരിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും മൽസരിക്കും. ഏറ്റുമാനൂർ വിഎൻ വാസവൻ, കോട്ടയം അഡ്വ. കെ അനിൽകുമാർ എന്നിവർ സ്ഥാനാർത്ഥികളാകും. കായംകുളത്ത് നിലവിലെ എംഎൽഎ യു പ്രതിഭ വീണ്ടും മൽസരിക്കും. രണ്ട് ടേമിൽ ആർക്കും ഇളവ് നൽകേണ്ടെന്ന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
അതേസമയം സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ നേതാക്കന്മാരുടെ ഭാര്യമാരും ബന്ധുക്കളും ഇടംപിടിച്ചതിനെ വിമർശനങ്ങളും ശക്തമായിട്ടുണ്ട്. ഇടതുസഹയാത്രികയായ അഡ്വ. രശ്മിതാ രാമചന്ദ്രനും ഫേസ്ബുക്കിലൂടെ ഈ വിമർശനം ഉന്നയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് രശ്മിതയുടെ വിമർശനം.
'രാഷ്ട്രീയപ്പാർട്ടികളോട് മൊത്തമായാണ്...ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങൾ പ്രവർത്തിക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കൾ, ഭർത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവർ എന്നങ്ങു തീരുമാനിച്ചാൽ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിക്കൂ അതിനി സ്ഥാനാർത്ഥിബന്ധു ചാണ്ടി സാറിന്റെയായാലും ശരി ബാലൻ സഖാവിന്റെയായാലും ശരി!'- രശ്മിത കുറിപ്പിൽ പറയുന്നു.
രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തുവരുന്നുണ്ട്. മുമ്പ് കോൺഗ്രസിനുള്ളിൽ നടക്കുന്നതാണ് ആശ്രിത നിയമനം പോലുള്ള സീറ്റു വിതരണം. ഇത് ഇപ്പോൾ സിപിഎമ്മിലേക്കും എത്തുന്നുവെന്ന വിമർശനമാണ് ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ