തിരുവനന്തപുരം: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം അത്ഭുതങ്ങൾ കാണിച്ചത് യുവാക്കൾക്ക് വലിയ തോതിൽ അവസരം നൽകിയാണ്. കോൺഗ്രസുകാർ സ്ഥാനമാനങ്ങൾക്കായി തമ്മിലടിച്ചപ്പോഴാണ് സിപിഎം യുവത്വം കൊണ്ട് വിജയം നേടിയത്. പിന്നീട്, നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം അത്ഭുതങ്ങൾ കാണിച്ചു. രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്ക് അവസരം നൽകി. പാർട്ടി വിജയിച്ചു അധികാരം പിടിച്ചപ്പോൾ മന്ത്രിസഭയിലും അത്ഭുതങ്ങൾ കാണിച്ചു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകിയ സിപിഎം മാറ്റത്തിന്റെ പാത പിന്തുടർന്നു. ഇപ്പോൾ ഭരണത്തിലുണ്ടായ തലമുറ മാറ്റം പാർട്ടിയിലും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിപിഎം. ഇതിന്റെ തുടക്കം ഇത്തണവത്തെ പാർട്ടി സമ്മേളനത്തോടെയുണ്ടാകും.

കമ്മറ്റികളിൽ പാർട്ടി ഭാരവാഹികളുടെ പ്രായപരിധി 75 ആക്കി നിശ്ചയിച്ചാണ് സിപിഎം മാറ്റത്തിന്റെ പാതയിൽ മുന്നോട്ടു പോകാൻ തയ്യാറെടുക്കുന്നത്. പ്രായപരിധി പ്രകാരം പാർട്ടി കമ്മിറ്റികളിൽ നിന്നു ഒഴിവാകുന്ന മുതിർന്ന നേതാക്കളുടെ സ്ഥാനത്ത് പരമാവധി യുവാക്കൾക്ക് അവസരം നൽകാനാണ് സിപിഎം തീരുമാനം. ഇപ്പോൾ ആരംഭിച്ച ബ്രാഞ്ച് മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങൾക്ക് ഇതു ബാധകമാവും. ബ്രാഞ്ച് കമ്മിറ്റി മുതൽ കേന്ദ്ര കമ്മറ്റി വരെ ചെറുപ്പം നിലനിർത്തുക എന്നതാണ് സിപിഎം ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടക്കമാകും ഇത്തവണത്തെ സമ്മേളനം. കാലത്തിന് അനുസരിച്ച് പാർട്ടിക്ക് പിടിച്ചു നിൽക്കണമെങ്കിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നതാണ് വിലയിരുത്തൽ.

നേരത്തെ 80 ആയിരുന്നു പാർട്ടി കമ്മിറ്റികളിലെ പ്രായപരിധി. ഇതു തന്നെ കർശനമായി നടപ്പാക്കാൻ സിപിഎം ശ്രമിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഇളവു കൊടുക്കേണ്ട വളരെ കുറച്ചു പേരൊഴിച്ച് ബാക്കി 75 പിന്നിട്ടവരെ ഒഴിവാക്കാനാണു തീരുമാനം. ലോക്കൽ, ഏരിയ കമ്മിറ്റികളിൽ പുതുതായി ഉൾപ്പെടുത്തുന്ന രണ്ടു പേർ 40 ൽ താഴെ പ്രായം ഉള്ളവർ ആകണമെന്നു തീരുമാനിച്ചു. ജില്ലാ,സംസ്ഥാന കമ്മിറ്റികളിലും യുവാക്കൾക്ക് നിശ്ചിത ക്വോട്ട ഉണ്ടാകും. വനിതകൾക്കും മുൻ സമ്മേളന കാലങ്ങളെക്കാൾ മെച്ചപ്പെട്ട പ്രാതിനിധ്യം നൽകാനും ധാരണയായി.

ശരാശരി ഒരു കമ്മിറ്റിയിൽ 75 വയസ്സ് പിന്നിട്ടവർ 10-15% ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇവരെ കൂടാതെ മറ്റു കാരണങ്ങളുടെ പേരിലും കമ്മിറ്റികളിൽ നിന്നു ഏതാനും പേരെ നീക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഇത്തവണ 20% വരെ പുതുമുഖങ്ങൾ കമ്മിറ്റികളിലേക്കു കടന്നു വരാനിടയുണ്ട്. ജില്ലാ,സംസ്ഥാന,കേന്ദ്ര കമ്മിറ്റികളിലായിരിക്കും വിപ്ലവകരമായ മാറ്റം കാര്യമായി പ്രതിഫലിക്കുക. നിയമസഭാ രംഗത്തു തുടർച്ചയായി രണ്ടു ടേം പിന്നിട്ടവരെ മാറ്റി പുതുമുഖങ്ങളെ കൊണ്ടു വന്നതിന്റെ മറ്റൊരു തലമായിരിക്കും സംഘടനാ രംഗത്തു നടപ്പാക്കുക.

ബ്രാഞ്ചുകളിൽ 15 പേർ എന്നത് കർശനമാക്കും. നേരത്തെ ഈ നിർദ്ദേശം ഉണ്ടെങ്കിലും പല ബ്രാഞ്ചുകളിലും 15ൽ കൂടുതൽ പേരുണ്ട്. ഈ ബ്രാഞ്ചുകൾ പുനഃസംഘടിപ്പിക്കും. ഈ സമ്മേളനകാലത്തോടെ ബ്രാഞ്ചുകളുടെ എണ്ണം നാൽപതിനായിരത്തോളമായി ഉയർന്നേക്കും. ഘടനമാപരമായ പരിഷ്്ക്കണങ്ങളും പാർട്ടിയിൽ ഉണ്ടായേക്കുമെന്ന സൂചനകളുമുണ്ട്

അതിനിടെ പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങിന് അനുഭാവികളെ ക്ഷണിക്കുന്ന രീതി ഇത്തവണ വിലക്കി. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. അതേ സമയം പാർട്ടി അംഗത്വത്തിലേക്കു പരിഗണിക്കുന്ന അനുഭാവി ഗ്രൂപ്പുകളിൽ ഉള്ളവർക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാം. ഉദ്ഘാടന സമ്മേളനത്തിനു ശേഷമുള്ള ചർച്ചകളിൽ ബന്ധപ്പെട്ട ഘടകത്തിലെ അംഗങ്ങൾ മാത്രം.ഏരിയ സമ്മേളന പ്രതിനിധികളുടെ എണ്ണം 60-75 ആകണമെന്നാണ് നിർദ്ദേശം. ഭൂരിപക്ഷം ജില്ലാ സമ്മേളനങ്ങളിലും ഇരുന്നൂറിൽ താഴെ പ്രതിനിധികളെ ഉണ്ടാകൂ. പരമാവധി 250.

നേതൃത്വത്തിലും വലിയ മാറ്റങ്ങൾക്കു തയാറായാൽ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ജില്ലാതലത്തിലും യുവ സാന്നിധ്യം വർധിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി ഒരുതവണ കൂടി തുടരാനാണ് സാധ്യത. 15 മുതൽ മറ്റു ജില്ലകളിലും ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും. അഞ്ചു ലക്ഷത്തോളം പാർട്ടി അംഗങ്ങളും മുപ്പതിനായിരത്തോളം ബ്രാഞ്ചുകളുമാണ് സിപിഎമ്മിനുള്ളത്. ജനുവരിയിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിനുശേഷം ഏപ്രിലിൽ പാർട്ടി കോൺഗ്രസ്. ശക്തികേന്ദ്രമായ കണ്ണൂർ ഇതാദ്യമായാണ് പാർട്ടി കോൺഗ്രസിനു വേദിയാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം പാർട്ടിയിലും വരുന്നതോടെ പ്രധാന നേതാക്കൾ ദേശീയതലത്തിലും സംസ്ഥാനത്തും ഒഴിവാക്കപ്പെടും. സംസ്ഥാന നേതൃത്വത്തിൽ 75 വയസ്സു കഴിഞ്ഞവർ വേണ്ടെന്നാണ് തീരുമാനമെങ്കിൽ പി.കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, ബേബി ജോൺ, കെ.ജെ.തോമസ്, എം.എം.മണി തുടങ്ങി നിരവധി നേതാക്കൾ സെക്രട്ടേറിയറ്റിൽനിന്ന് വഴിമാറിക്കൊടുക്കേണ്ടി വരും.

സംസ്ഥാന കമ്മിറ്റിയിലും ഈ പ്രായപരിധി നിരവധി പേർക്കു തടസ്സമാകും. അവധിയിൽ പോയ കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഈ സമ്മേളന കാലയളവിൽ ഉണ്ടാകാനാണ് സാധ്യത. ഇ.പി.ജയരാജൻ, എ.കെ.ബാലൻ, തോമസ് ഐസക് തുടങ്ങിയ നേതാക്കളുടെ സംഘടനാ ചുമതലകളും തീരുമാനിക്കപ്പെടും. വിഭാഗീയതയും പാർലമെന്ററി വ്യാമോഹവും പൂർണമായും ഇല്ലാതാക്കാനായിട്ടില്ലെന്നു സമ്മതിക്കുന്ന പാർട്ടി, ഈ ദൗർബല്യങ്ങളെ മറികടന്നു കരുത്തു നേടാനാണ് സമ്മേളനങ്ങളിലൂടെ ശ്രമിക്കുന്നത്.

കഴിഞ്ഞ പാർട്ടി കോൺഗ്രസിനു തൊട്ടു മുൻപുവരെ കേരളത്തിനു പുറമെ ത്രിപുരയിലും അധികാരത്തിലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ പ്രതീക്ഷ കേരളമാണ്. ശക്തികേന്ദ്രമായ ബംഗാളിൽ പാർട്ടി തകർന്നടിഞ്ഞിട്ട് കാലങ്ങളായി. പാർട്ടിക്കു ദേശീയതലത്തിൽ ചൂണ്ടിക്കാണിക്കാനാകുന്നത് കേരളവും മുഖ്യമന്ത്രി പിണറായി വിജയനും മാത്രം. കേരളത്തിൽ തുടർഭരണവും മറ്റു സംസ്ഥാനങ്ങളിൽ തിരിച്ചുവരവുമാണ് മുന്നിലുള്ള ലക്ഷ്യം. കേരളത്തിലെ പാർട്ടിയിൽ സംഘടനാ പ്രശ്‌നങ്ങളില്ലാത്തതും രാഷ്ട്രീയ എതിരാളികൾ ദുർബലരായതും ആത്മവിശ്വാസം വർധിപ്പിക്കുന്നു. പാർട്ടിയിലും സർക്കാരിലും ഒരുപോലെ സ്വീകാര്യനായ പിണറായി വിജയനാണ് സിപിഎമ്മിന്റെ അവസാന വാക്ക്.