- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരട്ടപ്പദവിയുള്ളവർ വീണ്ടും താക്കോൽ സ്ഥാനങ്ങളിൽ; വിമർശനങ്ങളിൽ കല്ലുകടിച്ചു സിപിഎം സമ്മേളനങ്ങൾ; സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ ഫുൾ ടൈമറാക്കാൻ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി സിപിഎം നേതൃത്വം
കണ്ണൂർ: സിപിഎം ഏരിയാസമ്മേളനങ്ങളിൽ ഇരട്ടപ്പദവി വഹിക്കുന്ന നേതാക്കൾക്കെതിരെയുള്ള വിമർശനവും ശക്തമാകുന്നു. പാർട്ടി ലോക്കൽ സെക്രട്ടറിമാരെ മറ്റൊരു സ്ഥാനം വഹിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തൽസ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തിയ നേതൃത്വം എന്നാൽ തങ്ങൾക്ക് അഭിമതരായവർക്ക് ഇളവു നൽകുന്നുവെന്നാണ് നീക്കം ചെയ്യപ്പെട്ടവരുടെ ആരോപണം. ഇതോടെ ഏരിയാ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ ഈക്കാര്യത്തിൽ കർശന മാനദണ്ഡം പാലിക്കാൻ ജില്ലാ നേതൃത്വം നിർബന്ധിതമായിട്ടുണ്ട്. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് വീണ്ടും പാർട്ടി ലോക്കൽ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതു സി.പി. എമ്മിനുള്ളിൽ തന്നെ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ സമ്മേളന മാർഗരേഖയനുസരിച്ചാണ് ഇത്തരത്തിൽ ഇരട്ടപ്പദവി വഹിച്ചവരെ മാറ്റിനിർത്തിയതെന്ന വിശദീകരണം നേതൃത്വം നൽകുന്നുണ്ടെങ്കിലും വീണ്ടും തൽസ്ഥാനങ്ങളിൽ തുടരുന്നവരെ കുറിച്ചു മൗനം പാലിക്കുകയാണെന്ന വിമർശനമാണ് ഉയർന്നത്. മാനദണ്ഡങ്ങൾ എല്ലാവർക്കും ഒരേ പോലെ ബാധകമാക്കിയില്ലെങ്കിൽ വരും നാളുകളിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ തഴയപ്പെട്ടവർ ആലോചിക്കുന്നുണ്ട്.
ഇതിനു മുൻപ് ഈ വിഷയം വരുന്ന ജില്ലാസമ്മേളനങ്ങളിൽ ചർച്ചയായി കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. എന്നാൽ ചില പ്രാദേശികമായ നീക്കുപോക്കുകൾ ഇത്തരം നിബന്ധനകളിൽ ചിലർക്കു ഇളവു നൽകാൻ കാരണമായിട്ടുണ്ടെന്ന വിമർശനം പാർട്ടി നേതൃത്വം ഉൾക്കൊള്ളുന്നുണ്ടെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അധികാരത്തിലിരിക്കുന്നവർ മാറുകയെന്നത് പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇവർ ഇത്തരം സ്ഥാനങ്ങൾ രാജിവയ്ക്കുകയാണെങ്കിൽ വീണ്ടും പലയിടങ്ങളിലും ഉപതെരഞ്ഞെടുപ്പുകൾ വേണ്ടി വന്നേക്കും. ഇതൊഴിവാക്കുന്നതാണ് നല്ലതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സഹകരണസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലോക്കൽ സെക്രട്ടറിമാരായി തുടരുന്നത് പാർട്ടി പ്രവർത്തനങ്ങൾക്ക് തടസമാകുമെന്ന കണ്ടെത്തലുമുണ്ട്.
ഇതനുസരിച്ചു പാർട്ടി നിയന്ത്രിത സഹകരണസ്ഥാപനങ്ങളിൽ നിന്നും അവധിയെടുത്ത് ഫുൾ ടൈമറാക്കാൻ ഇവർക്ക് ഡിസംബറിൽ നടക്കുന്ന ജില്ലാസമ്മേളനത്തിന് മുൻപ് നിർദ്ദേശം നൽകുമെന്നാണ് സൂചന. ഇരട്ടപ്പദവി വഹിക്കുന്ന ലോക്കൽ സെക്രട്ടറിമാരെ കുറിച്ചുള്ള വിമർശനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി കൊണ്ടുള്ള പുനഃ സംഘടന നടത്തുമ്പോൾ ഇപ്പോൾ പാർട്ടി സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ സെക്രട്ടറിമാരിൽ പലർക്കും സഹകരണസ്ഥാപനങ്ങളിൽ നിന്നും നിർബന്ധിത അവധിയെടുക്കേണ്ടിവരും.
ചെറുതാഴം ഈസ്റ്റ് ലോക്കൽസെക്രട്ടറി ടി.വി ഉണ്ണികൃഷ്ണൻ നിലവിൽ ചെറുതാഴം പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം ചെയർമാനാണ്. മട്ടന്നൂർ ലോക്കൽ സെക്രട്ടറി വി.പി ഇസ്മയിൽ നഗരസഭാസ്ഥിരം സമിതി അധ്യക്ഷപദവി വഹിക്കുന്നുണ്ട്. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ ഷമീർ നഗരസഭാസ്ഥിരം സമിതി അധ്യക്ഷനാണ്. അഞ്ചരക്കണ്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.രമേശൻ തലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.
മുഴപ്പിലങ്ങാട് ലോക്കൽ സെക്രട്ടറി കെ.വി ബിജു ജില്ലാപഞ്ചായത്ത് അംഗമാണ്. ഇങ്ങനെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ നീണ്ട നിര തന്നെ പാർട്ടി ലോക്കൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്്. ഇരട്ടപ്പദവി വഹിക്കുന്ന സഹകരണ ജീവനക്കാരുടെയും പട്ടിക വലുതു തന്നെയാണ്. എന്നാൽ നിലവിലെ ജോലിയിൽ നിന്നും നിർബന്ധിതമായി അവധിയിൽ പോകുന്നത് ഇവരിൽ പലർക്കും സാമ്പത്തികമായി പ്രയാസമുണ്ടാക്കും. പാർട്ടിലോക്കൽ സെക്രട്ടറിയെന്ന നിലയിൽ ലഭിക്കുന്ന തുച്ഛമായ ലെവി കൊണ്ടു മുൻപോട്ടു പോകാൻ കഴിയില്ലെന്നു ഇവർ പലരും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ പാർട്ടി നേതൃപദവിയിൽ നിന്നും സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാറ്റാനുള്ള ആലോചനയും പാർട്ടി നേതൃത്വം നടത്തുന്നുണ്ട്. ഇരട്ടപ്പദവി പാർട്ടിയിൽ വേണ്ടെന്ന നയവുമായി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ മുൻപോട്ടു പോകവെ ബൂർഷ്വാ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി നയപരിപാടികളുള്ള കമ്മ്യൂണിസ്റ്റു പാർട്ടികളിൽ ഈ പ്രവണത അനുവർത്തിക്കുന്നത് ബംഗാളിന് സമാനമായ ദുരന്തം ആവർത്തിക്കുമെന്ന ആശങ്കയും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.