കിനാനൂർ: പരപ്പ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് എം ലക്ഷ്മിക്കും ചില മുതിർന്ന സിപിഎം നേതാക്കൾക്കുമെതിരെ കിനാനൂർ കരിന്തളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് വിധുബാലയുടെ ഗുരുതര ആരോപണങ്ങൾ പുറത്ത് വന്ന സംഭവം ചർച്ച ചെയ്യാൻ സിപിഎം കിനാനൂർ ലോക്കൽ കമ്മിറ്റി അടിയന്തര യോഗം ചേർന്നു. ഇന്നലെ വൈകീട്ട് ചോയ്യംങ്കോട്ടെ പാർട്ടി ഓഫീസിലാണ് യോഗം ചേർന്നത്. പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വിധുബാലക്കെതിരെ അടിയന്തര നടപടിക്കാണ് പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്.

കിനാനൂർ കരിന്തളം പഞ്ചായത്തിനെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമാക്കിയ മികച്ച പ്രസിഡന്റായിരുന്നു വിധുബാല. നിരവധി അംഗീകാരങ്ങൾ പാർട്ടി ഗ്രാമത്തിലെ പഞ്ചായത്തിലെത്തിക്കാൻ വിധുബാലക്ക് കഴി ഞ്ഞിട്ടുണ്ട്. എന്നാൽ സിപിഎമ്മിലെ ഗുരുതരമായ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിധുബാല തഴയപ്പെട്ടിരുന്നു. കിനാനൂർ ഉൾപ്പെട്ട പരപ്പ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ വികാരം ജില്ലാകമ്മിറ്റിയിൽ ഒരു വിഭാഗം എതിർത്തിരുന്നു.

നേരത്തെ ഉദുമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എം ലക്ഷ്മിയെ മുന്നിൽ നിർത്തിയാണ് മുതിർന്ന മൂന്ന് നേതാക്കൾ തന്നെ വെട്ടിനിരത്തിയെന്നാണ് വിധുബാല തുറന്ന് പറഞ്ഞത്. ആരുടേയും ഒരു ഗ്ലാസ് ചൂട് വെള്ളം പോലും വാങ്ങി കുടിക്കുകയോ ഹോട്ടലിൽ പോകുകയോ അഴിമതി നടത്തുകയോ ചെയ്യാത്തയാളാണ് താൻ. ചിലർ എന്തിനും തയ്യാറായി നിൽക്കുന്നവരാണ്. ഇത്തരക്കാരെയാണ് ചില പാർട്ടി നേതാക്കൾക്ക് ആവശ്യം. ആരുടേയും താൽപര്യത്തിന് വഴങ്ങാത്തതുകൊണ്ട് താൻ തഴയപ്പെട്ടുവെന്ന് വിധുബാല തുറന്നു പറയുന്നുണ്ട്.

സജീവ രാഷ്ട്രീയം മടുത്തുവെന്നും ഇനിയുള്ള കാലം ബാങ്കിലെ ജോലിയുമായി മക്കളെ വളർത്തി വീട്ടിൽ തന്നെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും വിധുബാല വ്യക്തമാക്കുന്നുണ്ട്. ചുരുങ്ങിയ കാലം മാത്രം പാർട്ടി അംഗമായിരുന്ന വനിത ഇത്രപെട്ടെന്ന് എങ്ങനെ ഏരിയാകമ്മിറ്റിയിലെത്തി എന്ന് തുടങ്ങിയ ഗുരുതരമായ സംഘടന വിരുദ്ധ പ്രവർത്തനത്തെയും വിധുബാല വിമർശിക്കുന്നുണ്ട്.

ജില്ലയിലെ മുതിർന്ന നേതാവിനെയും ജില്ലാവനിതാ നേതാവിനെയും ചേർത്ത് അപവാദങ്ങൾ പറഞ്ഞ് പരത്തിയതും പനത്തടിയിലെ വനിതാ സഖാവിനെ പഞ്ചായത്ത് പ്രസിഡണ്ടാക്കാൻ കൊണ്ട് നടന്നതും നീലേശ്വരത്തെ മറ്റൊരു വനിത സഖാവിനോടൊപ്പം ട്രെയിൻ യാത്ര നടത്തിയതു മുൾപ്പെടെ ഒരു പ്രമുഖ നേതാവിനെതിരെയുള്ള നിരവധി ആരോപണങ്ങൾ കത്തിനിൽക്കെയാണ് വിധുബാലയുടെ തുറന്ന് പറച്ചിൽ പാർട്ടിയിൽ ചർച്ചയാകുന്നത്.